തുരീയം സംഗീതോത്സവം; ധന്യം, മനോഹരമീഹരിമുരളീരവം...

പയ്യന്നൂർ: ലോകം കൊതിക്കുന്ന പുല്ലാങ്കുഴലിൽ പിറന്ന സുന്ദര സ്വരവിന്യാസത്തിന്റെ നേർസാക്ഷികളായി ഒരിക്കൽ കൂടി മാറുകയായിരുന്നു പയ്യന്നൂരിലെ ആസ്വാദകർ.പാഴ്മുളംതണ്ടുകൊണ്ട് ലോകം കീഴടക്കിയ സംഗീതപരമാചാര്യൻ പത്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയാണ് പതിനേഴാമത് തുരീയം സംഗീതോത്സവത്തിന്റെ രണ്ടാംസന്ധ്യയുടെ രാഗവിളക്കിൽ തിരിതെളിയിച്ചത്.

ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുന്ദര സഞ്ചാരങ്ങൾ ഒഴുകി നടന്ന സായാഹ്നത്തിന് സാക്ഷികളാവാൻ കത്തിയെരിയുന്ന വേനൽചൂടിനെ അവഗണിച്ച് തിങ്കളാഴ്ച നിരവധി പേർ ഓഡിറ്റോറിയത്തിലെത്തിയിരുന്നു കണ്ണൂർ, കാസർകോട് ജില്ല കലക്ടർമാർ ഉൾപ്പെടെ കാണികളായെത്തി.സുവർണ്ണശോഭ പൂത്തുലഞ്ഞവേദിയിൽ മഹാഗായകന്റെ സാന്നിധ്യം തന്നെ ആസ്വാദക വൃന്ദത്തിന്റെ മനം കുളിർപ്പിക്കാൻ ഹേതുവായി.ഇത് പതിനഞ്ചാം തവണയാണ് ചൗരസ്യയുടെ പുല്ലാങ്കുഴൽ തുരീയo വേദിയെ ധന്യമാക്കുന്നത്. കുഴൽ കെയ്യിലെടുത്തപ്പോൾ തന്നെ നിർത്താത്ത കരഘോഷം. ഡോക്ടർമാരുടെ യാത്രാവിലക്ക് അവഗണിച്ചാണ് ശാരീരിക അവശതകൾക്കിടയിലും ചൗരസ്യ പയ്യന്നൂരിലെത്തുന്നത്. എന്നാൽ കലയ്ക്കു മുന്നിൽ പ്രായം കീഴടങ്ങുന്നതാണ് ആരാധകർ കണ്ടത്. കുഴൽ അധരത്തോടടുത്തപ്പോൾ ഹിന്ദുസ്ഥാനിരാഗങ്ങളുടെ പെരുമഴ പെയ്തിറങ്ങി.

സർഗ സഞ്ചാരത്തിന്റെ ധന്യതക്കൊപ്പം കുഴൽ വിളിക്കാൻ പാകപ്പെടുത്തിയ വിരലുകൾ ചലിച്ചപ്പോൾ പാഴ്മുളം തണ്ടിന് നാവുമുളച്ച പ്രതീതി. ഒപ്പം സഹായി രാജേഷ് ബംഗളൂരു കൂടി കുഴൽ കെയ്യിലെടുത്തതോടെ സ്വരങ്ങൾ കൈവഴികളായി ഒഴുകി മഹാസാഗരസമാനമാവുകയായിരുന്നു. അനാവശ്യ കസർത്തുകളില്ലാതെ, അഹന്തയുടെ കണികകൾ തീണ്ടാതെ സംഗീത കുലഗുരുവിന്റെ കുഴൽ പകർന്നു നൽകിയത് ശുദ്ധസംഗീതത്തിന്റെ സൗമ്യഭാവം. സംഗീത കുലഗുരു തീർത്ത രാഗ സമന്വയത്തിന് തബലയുടെ ശബ്ദ മേമ്പൊടി ചേർത്തത് രവീന്ദ്രയാഗ വെന്ന അതുല്യപ്രതിഭയായിരുന്നു.സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.

പോത്താംങ്കണ്ടം ആനന്ദഭവനത്തിന്റെ പതിനേഴാമത് തുരീയം സംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച എം.കെ.ശങ്കരൻ നമ്പൂതിരിയുടെ വായ്പാട്ടാണ്. ഇടപ്പള്ളി അജിത് (വയലിൻ), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), മാത്തൂർ ഉണ്ണികൃഷ്ണൻ (ഘടം)എന്നിവർ മേളമൊരുക്കും.

Tags:    
News Summary - Music Festival of Padma Vibhushan Pandit Hariprasad Chaurasia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT