ദാസേട്ടന്‍ മാനസഗുരുവെന്ന്​ ലാൽ, സംഗീതത്തിന്‍റെ സർഗവസന്തത്തിന്​ 'കാൽപ്പാടുകളി'ലൂടെ പ്രണാമം

'സംഗീതം എന്ന വാക്കെഴുതി ഒരു സമം ഇട്ടാൽ ഏതൊരു മലയാളിയും ഇപ്പുറത്ത്​ യേശദാസ്​ എന്നെഴുതി അത്​ പൂരിപ്പിക്കും'- മലയാളിക്ക്​ ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്​ എന്താണെന്ന്​ ഈ ഒറ്റ വാചകത്തിൽ പ്രിയതാരം മോഹൻലാൽ അടയാളപ്പെടുത്തുന്നു. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 60 വർഷങ്ങൾ പൂർത്തിയാക്കിയ യേശുദാസിന് പ്രണാമമർപ്പിച്ച്​ മോഹൻലാൽ അവതരിപ്പിച്ച 'കാൽപ്പാടുകൾ' എന്ന ദൃശ്യാവിഷ്​കാരം ഒരർഥത്തിൽ ഗുരുദക്ഷിണ കൂടിയാകുകയാണ്​. കാരണം, ദാസേട്ടൻ തന്‍റെ മാനസഗുരുവാണെന്ന്​ പറയുന്നുണ്ട്​ ലാൽ ഈ വീഡിയോയിൽ.


മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്കായി യേശുദാസ് ആദ്യ ഗാനം റെക്കോർഡ് ചെയ്തത് മുതലുള്ള നാളുകൾ ഓർത്തെടുക്കുന്ന ലാൽ, സത്യനും നസീറും മധുവുമടക്കമുള്ള മുൻ തലമുറ ചവിട്ടി നടന്ന ആ കാൽപ്പാടുകളെ പിൻപറ്റി താനും നടക്കുകയാണെന്ന് പറയുന്നു. ദാസിന്‍റെ സംഗീതയാത്രയുടെ വിവരണത്തിലൂടെ തന്‍റെ ചലച്ചിത്രയാത്രയുടെ ഒരു തിരനോട്ടവും ലാൽ ഈ വീഡിയോയിലൂടെ നടത്തുന്നുണ്ട്​.​ ലാൽ ആദ്യമായി കാമറക്ക്​ മുന്നിലെത്തിയ 'തിരനോട്ടം' സിനിമയിൽ ദാസ്​ പാടിയ 'മണ്ണിൽ വിണ്ണിൽ മനസിലാകെ വർണങ്ങൾ' എന്ന പാട്ടുമുതൽ ഒടു​വിലായി ദാസ്​ ലാലിനുവേണ്ടി പാടിയ 'വില്ലൻ' എന്ന സിനിമയിലെ 'കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ' എന്ന പാട്ടുവരെ ഈ വീഡിയോയിൽ പരാമർശിക്കുന്നു. ചില പാട്ടുകൾ ലാൽ സ്വന്തം ശബ്​ദത്തിൽ പാടി അവതരിപ്പിക്കുന്നുമുണ്ട്​. ദാസിന്‍റെ പാട്ടുകൾക്കായി താൻ ഇനിയും കാതിരിക്കുന്നെന്നും ലാൽ പറയുന്നു.

Full View

'അധികമാർക്കും അറിയാത്തൊരു കാര്യം ഞാൻ പറയാം. ദാസേട്ടന്‍ എന്‍റെ മാനസഗുരുവാണ്. പാട്ടുപാടുന്നതിലല്ല. അതില്‍ അദ്ദേഹം ആര്? ഞാന്‍ ആര്? അദ്ദേഹത്തിന്‍റെ നിരവധി സംഗീതകച്ചേരികള്‍ അന്നത്തെ വി.എച്ച്.എസ് കാസറ്റ് ഇട്ട് ഞാന്‍ രഹസ്യമായി കണ്ടു. അദ്ദേഹത്തെപ്പോലെ പാടാനോ, അനുകരിക്കാനോ അല്ല. ഒരു കച്ചേരി പാടുമ്പോഴുള്ള അംഗചലനങ്ങള്‍, സ്വരപ്രസ്ഥാനത്തിലെ ഉച്ഛാരണ രീതികള്‍, മുകളിലും താഴെയുമുള്ള സ്ഥായ്, പാടുമ്പോഴുള്ള മുഖഭാവങ്ങള്‍ ഇതെല്ലാം സൂക്ഷ്മമായി കണ്ടുപഠിച്ചു. ഭരതത്തിലെയും അബ്​ദുല്ലയിലെയും (ഹിസ് ഹൈനസ് അബ്​ദുല്ല) കച്ചേരി രംഗങ്ങളില്‍ എനിക്കത് പ്രയോജനപ്പെട്ടു. അവയൊക്കെ നന്നായി എന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ ഞാന്‍ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ഒരു ഗാനത്തിന് കൃത്യമായി ചുണ്ടനക്കുക എന്നതുതന്നെ ആ ഗാനത്തോടും ഗായകനോടും കാട്ടുന്ന ബഹുമാനവും നീതിയുമാണെന്ന് ഞാന്‍ കരുതുന്നു. ശുദ്ധവും വ്യക്തവുമായ ഭാഷ ഉച്ഛരിച്ച് ദാസേട്ടന്‍ പാടുമ്പോള്‍ അതിനനുസരിച്ച് വ്യക്തതയോടെ ചുണ്ട് കൊടുക്കുക എന്നത് മാനസഗുരുവിനോടുള്ള ആദരവാണ്'– മോഹന്‍ലാല്‍ പറയുന്നു.

Tags:    
News Summary - Mohanlal's journey through Dasettan's music life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT