പ്രേംദാസ്​ ഷിബു ബേബി ജോണിനൊപ്പം

'പോയ്മറഞ്ഞ കാലം വന്നു ചേരുമോ'-യേശുദാസിന്​ ദേശീയ അവാർഡ്​ ലഭിച്ച പാ​ട്ടെഴുതിയയാൾ ഇന്ന്​ തോട്ടക്കാരൻ

തൃശൂർ: 'പോയ്മറഞ്ഞ കാലം വന്നു ചേരുമോ, പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ'- 2017ൽ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്‍റെ 'വിശ്വാസപൂർവം മൻസൂർ' എന്ന സിനിമയിലെ ഗാനമാണിത്​. ഈ വരികൾ രചിച്ചയാളും ഇന്ന്​ അതേ പ്രതീക്ഷയിലാണ്​; പോയ്​മറഞ്ഞ കാലം വന്നുചേരുമോ എന്ന പ്രതീക്ഷയിൽ. ഈ ഗാനം രചിച്ച പ്രേംദാസ്​​ പൂക്കളെയും ചെടികളെയും പരിപാലിച്ചാണ്​​ നിത്യജീവിതം തള്ളിനീക്കുന്നത്​. തൃശൂരി​ലെ മജ്​ലിസ്​ ആയുർവേദ പാർക്കിലെ തോട്ടം പണിക്കാരനാണ്​ ഇപ്പോൾ പ്രേംദാസ്​. അവിടെ ചികിത്സക്കെത്തിയ മുൻമന്ത്രി ഷിബു ബേബി ജോൺ ആണ്​ ​വിസ്മൃതിയിലാണ്ടു പോയ ഈ പ്രതിഭയെ കണ്ടെത്തി മലയാളികൾക്കുമുന്നിൽ അവതരിപ്പിച്ചത്​.


ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് പ്രേംദാസിനെ ക​ണ്ടെത്തിയ കഥ വിവരിച്ച്​ ഷിബു ബേബി ജോൺ ഫേസ്​ബുക്കിൽ കുറിച്ചു. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷിബു ബേബി ജോണിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിത്സക്ക്​ വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്​ലിസ്​ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിന്‍റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.

അദ്ദേഹത്തിന്‍റെ പേര് പ്രേംദാസ്. 2017ൽ ഗാനഗന്ധർവൻ ഡോ. കെ.ജെഴ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ രചയിതാവാണ് പ്രേം. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്​ദങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്. ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്.

ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്‍റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്​ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.

Full View

Tags:    
News Summary - Lyricist Premdas now working as gardener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT