ക്രൗൺ സ്റ്റാർസ് എന്‍റർടൈൻമെന്‍റ് അവരുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘കറക്ക’ത്തിനായി സംഗീത ഭീമനായ ടി-സീരീസുമായി ആദ്യമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ മികച്ച കഥകൾക്കും സംഗീത മികവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പങ്കാളിത്തം ഇരു ബാനറുകളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തുടക്കമിടുകയാണ്. ചിത്രത്തിന്‍റെ തീം മ്യൂസിക് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് സംഗീതജ്ഞൻ സാം സി.എസ്. ആണ്. മുഹ്‌സിൻ പരാരി, വിനായക് ശശികുമാർ, അൻവർ അലി, ഹരീഷ് മോഹൻ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള കഥകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന യാത്രക്ക് തുടക്കമിടുകയാണ് ക്രൗൺസ്റ്റാർസ് കറക്കത്തിലൂടെ.
'ടി-സീരീസുമായി സഹകരിച്ച് 'കറക്കം' പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. വരാനിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങളിൽ ആദ്യത്തേതാണ് ഈ പങ്കാളിത്തം. മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഉന്നതിയിൽ ആണ് നിൽക്കുന്നത്. ഈയൊരു തരംഗത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു' -ക്രൗൺ സ്റ്റാർസ് എന്‍റർടൈൻമെന്‍റിന്‍റെ പ്രൊഡ്യൂസർമാരും സ്ഥാപകരുമായ കിംബർലി ട്രിനിഡാഡെയും അങ്കുഷ് സിങ്ങും പറഞ്ഞു.
'കറക്കം എന്ന ചിത്രത്തിനായി ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റുമായി കൈകോർക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ശക്തമായ കഥപറച്ചിലും സൃഷ്ടിപരമായ ദൃശ്യഭാവനയിലും മലയാള സിനിമ എപ്പോഴും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു. ഈ സഹകരണം ഒരു പുതിയ തുടക്കമാണ്. ഇനിയും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആകാംക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്' -എന്ന് ടി-സീരീസ് പ്രതിനിധി പറഞ്ഞു.
‘കറക്കം’ സംവിധാനം ചെയ്യുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ്. ക്രൗൺ സ്റ്റാർസ് എന്‍റർടൈൻമെന്‍റിന്‍റെയും ടി-സീരീസിന്‍റെയും സർഗാത്മകമായ കൂട്ടായ്മയുടെ പിൻബലത്തോടെ, വിവിധ ചലച്ചിത്ര വിഭാഗങ്ങളെയും പ്രേക്ഷകരെയും ഒരുമിപ്പിക്കുന്ന ഒരു സിനിമാനുഭവമായിരിക്കും 'കറക്കം'.
ജിതിൻ സി.എസ്. സഹസംവിധാനം നിർവഹിക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രാഹകൻ, നിതിൻ രാജ് ആരോൾ എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. രാജേഷ് പി. വേലായുധൻ കലാസംവിധാനത്തിന് നേതൃത്വം നൽകുന്നു. റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും പ്രസോഭ് വിജയൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മോഹിത് ചൗധരി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. മെൽവിൻ ജെയാണ് വസ്ത്രാലങ്കാരം, ആർ.ജി. വയനാടൻ മേക്കപ്പ്. ശ്രീജിത്ത് ഡാൻസിറ്റി നൃത്തസംവിധാനം നിർവഹിക്കുന്നു. ഡി.ടി.എം. സ്റ്റുഡിയോ വി.എഫ്.എക്സും ഗ്രാഫിക്സും ഒരുക്കുന്നു. അരവിന്ദ്/എ.യു.ഒ2 ആണ് സൗണ്ട് ഡിസൈൻ. യെല്ലോടൂത്ത്‌സ് പബ്ലിസിറ്റി ഡിസൈനുകളും ഡോൺ മാക്സ് പ്രൊമോ എഡിറ്റിങ്ങും നിർവഹിക്കുന്നു. മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രൻ (Stories Social)ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.