എത്രയെത്ര ജനപ്രിയ ഗാനങ്ങൾ, മികച്ച സംഗീത സംവിധായകനും ഗായകനും; ബിജിബാലിന് പിറന്നാൾ

ബിജിബാലിന്‍റെ ഗാനങ്ങൾ ഏറ്റുപാടാത്ത മലയാളികൾ കുറവാണ്. 2007ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങുന്നത്. പണ്ട് സിനിമ കാണുന്നത് പേടി ആയിരുന്ന ഒരാൾ ഇന്ന് തന്‍റെ സംഗീതം കൊണ്ട് സിനിമയെ മനോഹരമാക്കുന്നതാണ് ബിജിബാലിലൂടെ നാം കാണുന്നത്.

പ്രണയവും പ്രതീക്ഷ‍യും വിരഹവും വിപ്ലവവും എല്ലാം ആ സംഗീതത്തിലൂടെ മലയാളികൾ അറിഞ്ഞു. ആദ്യ സിനിമയിലെ ഗാനം തന്നെ വമ്പൻ ഹിറ്റ്, 'തിരികെ ഞാൻ വരുമെന്ന വാർത്ത' എന്ന പാട്ട് പാടാത്ത മലയാളികൾ ഉണ്ടാവില്ല. പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കളും ആകാശമായവളെയും ഇളവെയിൽ വിരലുകളും പുലരാൻ നേരവും ഒക്കെ ബിജിബാലിന്‍റെ സംഗീതത്തെ നാം ഹൃദയം കൊണ്ട് ഏറ്റെടുക്കാൻ കാരണമായ പാട്ടുകളാണ്. അങ്ങനെ മലയാളിയുടെ മനസിനോട് ചേർന്ന് നിൽക്കുന്ന എത്രയെത്ര ഗാനങ്ങൾ.

സംഗീത സംവിധായകൻ എന്ന നിലയിൽ മാത്രമല്ല മികച്ച ഗായകനായും അദ്ദേഹം സ്വയം അടയാളപ്പെടുത്തി. മഹേഷിന്‍റെ പ്രതികാരത്തിലെ ഇടുക്കിയിലൂടെ നമ്മുടെ മനസ് കവർന്ന ശബ്ദമാണ് ബിജിബാലിന്‍റേത്. റഫീഖ് അഹമ്മദിന്‍റെ വരികൾ ഇടക്കിയെ കുറിച്ചിട്ടത് മനോഹരമായിട്ടായിരുന്നു. അതേ മനോഹാരിതയോടെ തന്നെ ബിജിബാലിന്‍റെ ശബ്ദവും സംഗീതവും ഇടുക്കിയോട് ചേർന്നു നിന്നു.

'ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ

കല്ലാറിൻ നനവോലും കടവിൽ...

കാണാമവളേ... കേൾക്കാമവളേ..' എന്ന് ബിജിബാൽ പാടിയപ്പോൾ ഇടുക്കിയെ കാണുകയും കേൾക്കുകയും ചെയ്തവരാണ് നമ്മൾ. സ്നേഹത്തോടെ ഓർത്തുവെക്കാൻ പറ്റുന്ന എന്തെങ്കിലും ഒന്ന് തന്‍റെ പാട്ടിൽ ബിജിബാൽ നമുക്കായി കരുതിവെക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്. 

Tags:    
News Summary - bijibal birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.