മേരി പുകാര്‍ സുനോ: എ.ആര്‍ റഹ്‌മാൻ ഗുല്‍സാർ കൂട്ടുകെട്ട് വീണ്ടും; ആലാപനം ചിത്രയുള്‍പ്പെടെയുള്ള ​ഗായകർ

എ.ആര്‍ റഹ്‌മാനും ഗുല്‍സാറും ഒരുമിച്ചപ്പോഴെല്ലാം സംഗീതലോകം അത് ആഘോഷമാക്കിയിട്ടുണ്ട്. ആ മാന്ത്രിക സംഗീതം ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്തെ ത്രസിപ്പിച്ചിട്ടുണ്ട്. ദില്‍ സേ, ഗുരു, സ്ലംഡോഗ് മില്യണയര്‍, സാതിയ, ഓകെ ജാനു ആ ലിസ്റ്റിലേക്ക് ഇതാ മേരി പുകാര്‍ സുനോ കൂടി.

സോണി മ്യൂസിക് ഇന്ത്യ നിര്‍മിച്ച് ജൂണ്‍ 26ന് യുട്യൂബ്, യൂട്യൂബ് മ്യൂസിക്, സ്‌പോടിഫൈ, ഗാന, ആമസോണ്‍ മ്യൂസിക്, ആപ്പ്ള്‍ മ്യൂസിക് എന്നീ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ റിലീസായ മേരി പുകാര്‍ സുനോ എന്ന പ്രത്യാശയുടെ ഗാനം രണ്ടു ദിവസം കൊണ്ട് യുട്യൂബില്‍ മാത്രം കണ്ടത് 70 ലക്ഷം പേരാണ്.

Full View

കോവിഡ് മൂലം നിരാശയിലാണ്ട മനസ്സുകളില്‍ പ്രത്യാശയുടെ തിരി കൊളുത്തുന്നതാണ് ഗാനം. ഇന്ത്യന്‍ സംഗീതലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ സംഗമമായ ഗാനം രാജ്യത്തെ ഏഴ് പ്രമുഖ ഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അല്‍ക യാഗ്നിക്, ശ്രേയ ഘോഷാല്‍, കെ.എസ് ചിത്ര, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അര്‍മാന്‍ മാലിക്, അസീസ് കൗര്‍ എന്നിവരാണ് ആ ഏഴു പേര്‍.

മാതാവായ ഭൂമിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ഗാനം രചിച്ചിരിക്കുന്നത്. തന്റെ കുട്ടികളെ വീണ്ടും ഒരുമിച്ചു കൂടാന്‍ പ്രേരിപ്പിക്കുകയും ഈ ദുരിതകാലം കടന്നുപോകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്ന ഭൂമിമാതാവിനെ കുറിച്ചാണ് ഗാനം പറയുന്നത്.

പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടം അനിശ്ചിതത്വവും വേദനയുമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതോടൊപ്പം അത് മറികടക്കാനുള്ള ഊര്‍ജ്ജസ്വലതയും പ്രത്യാശയും മനുഷ്യര്‍ കാണിക്കുന്നുണ്ടെന്ന് ​ഗാനത്തെ കുറിച്ച് എ.ആർ റഹ്മാൻ പറയുന്നു.

തണുത്ത കാറ്റ്, ഒഴുകുന്ന അരുവികള്‍, അനന്തമായ സൂര്യപ്രകാശം എന്നിവയിലൂടെയെല്ലാം ഭൂമി നമുക്ക് വലിയ പ്രതീക്ഷകള്‍ തരുന്നുവെന്ന് കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഈ പ്രതീക്ഷയാണ് മേരി പുകാര്‍ സുനോ പങ്കുവെയ്ക്കുന്നത്. എല്ലായ്പ്പോഴുമെന്നപോലെ റഹ്‌മാന്‍ എന്റെ വാക്കുകള്‍ക്ക് അദ്ദേഹത്തിന്‍രെ മാന്ത്രികസ്പര്‍ശം നല്‍കിയിരിക്കുന്നു -ഗുല്‍സാര്‍ പറഞ്ഞു.

ഗാനത്തിന്റെ സ്ട്രീമിംഗിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 50% രാജ്യത്തെ കോവിഡ് ദുരിതാശ്വാസത്തിനായി ചെലവഴിയ്ക്കുമെന്ന് നിര്‍മാതാക്കളായ സോണി മ്യൂസിക് ഇന്ത്യ അറിയിച്ചു. വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേയ്ക്കുള്ള ലിങ്കുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:

https://SMI.lnk.to/MeriPukaarSuno

Tags:    
News Summary - AR Rahman, Gulzar collaborate with singers for Meri Pukaar Suno

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT