നിലമ്പൂർ ആയിഷക്ക് ഉജ്ജ്വല ആദരം; ലോക സിനിമയുടെ ഫീൽ -'ആയിഷ' റിവ്യൂ

യിഷ കണ്ടിറങ്ങിയപ്പോൾ നെരൂദ എന്ന 2016ലെ ചിലിയൻ മൂവി ആണ് ഓർമ്മ വന്നത്. പാബ്ലോ നെരൂദയെ പോലൊരു അതികായനെ കുറിച്ച് സിനിമ എടുക്കുമ്പോൾ അത് കേവലമൊരു ബയോപിക് ആക്കി മാറ്റാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറച്ച് കാലഘട്ടം മാത്രമെടുത്ത് അതിൽ Óscar Peluchonneau എന്നൊരു ശക്തനായ പൊലീസ് കഥാപാത്രത്തെ ഓപ്പോസിറ്റ് നിർത്തി രണ്ടുപേരും തമ്മിൽ എല്ലാ അർഥത്തിലുമുള്ള ഒരു കിടമത്സരം തന്നെ സൃഷ്ടിച്ച് സിനിമയെ അവിസ്മരണീയമാക്കുകയായിരുന്നു സംവിധായകൻ പാബ്ലോ ലാറൈന്‍ ചെയ്തത്.


Full View


'ആയിഷ'യിൽ സംവിധായകൻ ആമിർ പള്ളിക്കലും എഴുത്തുകാരൻ ആഷിഫും വിജയകരമായി പ്രയോഗിക്കുന്നതും ഈ ഒരു ടെക്‌നിക്ക് തന്നെ. നിലമ്പൂർ ആയിഷ എന്ന നടി അവർ ജീവിച്ച ജീവിതം കൊണ്ടുതന്നെ ഇതിഹാസമാണ്. ഇപ്പോൾ ഈ 2023ൽ സ്ത്രീകൾ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സ്വാതന്ത്ര്യത്തെ അറുപത് വർഷം മുൻപ് ജീവിതത്തിൽ നടപ്പിലാക്കി കാണിച്ച ഉജ്വല വ്യക്തിത്വം.


മലപ്പുറം ജില്ലയിലെ കിഴക്കൻ ഏറനാട് പോലൊരു പ്രദേശത്തെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്നു കൊണ്ട് അവർ 1960കളിൽ സിനിമയിലും നാടകങ്ങളിലും അഭിനയിക്കുകയും സ്റ്റേജിൽ നിൽക്കെ വെടിയുണ്ടകളെ വരെ നേരിടേണ്ടി വരികയും ചെയ്തു എന്നത് ഓർക്കുമ്പോൾ പോലും കിടുങ്ങിപ്പോവുന്ന ഒരു കാര്യമാണ്. അത്രയും സംഭവബഹുലമായ ആയിഷാത്തയുടെ ജീവിതത്തിൽ നിന്നുള്ള ചെറിയ ഒരു എപ്പിസോഡ് ആണ് സിനിമയിൽ വരുന്നത്.

80കളിൽ അവർ സൗദി അറേബ്യയിലെ ഒരു റോയൽ ഫാമിലിയിൽ ഗദ്ദാമ ആയി പ്രവാസജീവിതം നയിച്ചിരുന്ന ഒരു ചെറിയ കാലഘട്ടം. അന്ന് ആ കുടുംബത്തിലെ മുതിർന്ന കുടുംബനാഥയുമായി അവർക്കുണ്ടായിരുന്ന വികാരോഷ്‌മളമായ ബന്ധം. അക്ഷരാർഥത്തിൽ ഗംഭീരമാണ് അത്. അതിന് കാരണമാവട്ടെ, മാമ്മ എന്ന് എല്ലാവരും ബഹുമാനപുരസ്സരം വിളിക്കുന്ന അമീറ എന്നുപേരായ ആ മുതിർന്ന സ്ത്രീയുടെ charecterisation ഉം സ്‌ക്രീനിൽ മാമ്മ ആയി വരുന്ന മോണ എന്ന വിദേശനടിയുടെ വൈദഗ്‌ദ്ധ്യം എന്നുതന്നെ പറയാവുന്ന പ്രകടനമികവും തന്നെ.

ആയിഷക്കൊപ്പം കട്ടയ്ക്ക് കട്ട നിൽക്കുന്ന ക്യാരക്ടർ. മഞ്ജു വാര്യരെ മറികടക്കുമെന്ന് തോന്നിക്കുന്ന പ്രകടനം സ്‌ക്രീനിൽ ജീവിക്കുകയാണ് ആ സ്ത്രീ. മഞ്ജുവിനും ജീവിക്കുകയല്ലാതെ വേറെ രക്ഷയില്ലാതെ വരുന്നു. അഭിനയകലയുടെ കിടമത്സരം തന്നെയായി പരിണമിക്കുന്നു ആയിഷയും മാമ്മയും സ്‌ക്രീനിൽ വരുന്ന നേരങ്ങൾ. അതുകൊണ്ട്‌തന്നെ മഞ്ജുവിന്റെ രണ്ടാംവരവിൽ ചെയ്ത ഏറ്റവും മികച്ച ക്യാരക്ടർ ആയി ആയിഷ മാറുന്നു.


സോങ് വീഡിയോയും ട്രെയിലറും ഒക്കെ കണ്ട് വല്യ പ്രതീക്ഷയൊന്നും കൂടാതെ ആണ് ആയിഷക്ക് പോയത്. ആ ഒരു മൂഡിൽ തന്നെയാണ് കണ്ടുതുടങ്ങിയതും. പക്ഷെ പതിയെ പതിയെ സിനിമ കത്തിപ്പിടിക്കുന്നത്ത് കണ്ടപ്പോൾ രസമായി. ആയിഷ ആരാണെന്ന് റിവീൽ ചെയ്യുന്ന ഘട്ടം മുതലുള്ള സ്‌ക്രീൻ വേറെ ലെവലാണ്. ഒരുപക്ഷേ ഒരു മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും ഉപരിയായി ലോകസിനിമ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫീൽ.

സിനിമയിൽ മലയാള സംഭാഷണങ്ങളെക്കാൾ അറബി, ഇംഗ്ലീഷ് സംഭാഷണങ്ങൾ ആണ് കൂടുതൽ എന്നതോ അന്യഭാഷാ താരങ്ങളാണ് അധികവും എന്നത് കൊണ്ടല്ല. പരിചരണരീതിയിൽ ഉള്ള മികവ് കൊണ്ടുതന്നെ ആണ്. സംവിധായകന് അഹങ്കരിക്കാം. Mona essay എന്ന നടിയെ കുറിച്ച് ഗൂഗിൾ ചെയ്ത് നോക്കി. കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഏത് നാട്ടുകാരിയാണ് എന്നുപോലും മനസിലായില്ല. പക്ഷെ, അവർ ഇല്ലായിരുന്നെങ്കിൽ സിനിമ എന്ന നിലയിൽ ഈ ആയിഷ എത്ര ശൂന്യമായി പോവുമായിരുന്നു എന്നത് ചിന്തിക്കുക കൂടി വയ്യ. അത്രമാത്രം അവർ ആയിഷയെ പ്രിയങ്കരമാക്കി.

87 വയസ്സായ നിലമ്പൂർ ആയിഷ എന്ന ധീരവനിതയ്ക്ക് അവർ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഉജ്ജ്വലമായൊരു ആദരം നൽകാൻ സാധിച്ചു എന്നത് സിനിമയുടെ പിന്നണിക്കാർക്ക് മാത്രമല്ല മലയാളികൾക്ക് മൊത്തത്തിൽ തന്നെ അഭിമാനകരമായ കാര്യം.

Tags:    
News Summary - Woman Life Story Manju Warrier Movie Ayisha Malayalam Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT