വരുവിൻ... തല്ല് കാണുവിൻ, കൈയടിക്കുവിൻ, ശാന്തരാകുവിൻ; തല്ലിൽ കോർത്ത തല്ലുമാല -റിവ്യൂ

ലബാറിന്റെ മണ്ണിൽ വേരാഴ്ത്തിയ ചരിത്രകഥകളും ഐതിഹ്യങ്ങളും മാല എന്ന പേരിലാണ് തലമുറകൾക്ക് പകർന്നു കൊടുത്തത്. നബീസത്ത് മാല, മഞ്ഞക്കുളം മാല, മുഹ്‌യുദ്ധീൻ മാല എന്നിങ്ങനെ. ഭക്തി കാവ്യരൂപം എന്നതിലുപരി സാമ്രാജ്യത്ത്വത്തോടുള്ള പോരാട്ടങ്ങളും മാലയാണ്. പോർച്ചുഗീസ് വിരുദ്ധ പോരാളിയായ ഖാസി മുഹമ്മദായിരുന്നു മുഹ്‌യുദ്ധീൻ മാല ചിട്ടപ്പെടുത്തിയത്. അക്കാലത്തിന്റെ സാമൂഹിക ജീവിതമുൾപ്പെടെ ഓരോ മാലയും വ്യക്തമാക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് ഇപ്പുറം ആ ഈണങ്ങൾക്ക് പുതു ജീവൻ നൽകുകയാണ് തല്ലുമാല. നിസ്വാർത്ഥമായ മലബാറിന്റെ ജീവിത പരിസരങ്ങളും പടത്തിൽ സജീവമായി കാണാം. തല്ലിയാൽ തല്ലിതന്നെ തീർക്കാമെന്ന വാശിയും. വിശ്വസിച്ചു നിൽക്കുന്നവനെ ഏതറ്റം വരെയും ചേർത്തുനിർത്തുന്ന മനസ്സും പ്രകടമാണ്. പൊന്നാനിക്കാരനായ വസീമും കൂട്ടുകാരും മലബാറിന്റെ പരിഛേദമാകുന്നുണ്ട്. ഒട്ടിച്ചുവച്ച അച്ചടി ഭാഷക്കുപകരം മലപ്പുറത്തിന്റെ സംസാരശൈലിയും കൂടുതൽ മനോഹരമാക്കുന്നു.

ജീവിതത്തിൽ പൊടുന്നനെ ഉണ്ടാവുന്ന സാഹചര്യങ്ങളെ വസിം എന്ന ചെറുപ്പക്കാരൻ നേരിടുന്നതാണ് ചിത്രം. സംഘർഷങ്ങൾ മാത്രമാണ് ഇരുപതുകാരന്റെ വഴിയിൽ ഉടനീളം. വസീമിന്റെ തീരുമാനങ്ങൾ അസ്വാഭാവികമായി തോന്നുമെങ്കിലും അത് ഈ കാലത്തിന്റെ ജീവിതമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. തിയറ്ററുകളിൽ നിറഞ്ഞ പുതുതലമുറ അത് അടിവരയിടും. ഒരു സമ്പൂർണ്ണ എന്റർടൈന്മെന്റ് പടമായി ആദ്യാവസാനം കണ്ടിരിക്കാം. സാങ്കേതിക മികവാണ് എടുത്തു പറയേണ്ട മറ്റൊന്ന്. അതുകൊണ്ടുതന്നെ തീർച്ചയായും തീയറ്ററിൽ പോയി കാണേണ്ട പടം തന്നെയാണ്. എന്നാൽ രണ്ടരമണിക്കൂറു കഴിഞ്ഞ് ഓർത്തെടുക്കാൻ സാധിക്കുന്ന ഒന്നും സിനിമയിൽ കണ്ടെത്താൻ എളുപ്പമാകില്ല.


പടം തുടങ്ങി അഞ്ചാമത്തെ മിനുട്ടു മുതൽ തല്ലാണ്. പിന്നീട് അതൊരു മാലപോലെ കോർത്ത് പോവുന്നു. രണ്ടര മണിക്കൂർ ഇടതടവില്ലാത്ത അടിയാണ്. ഒരുതല്ല് തീർക്കാൻ മറ്റൊരു വലിയ തല്ലാണ് പൊന്നാനിക്കാരനായ വാസിമിന്റെയും സുഹൃത്തുക്കളുടെയും തിയറി. അത് പിന്നീട് തിരിച്ചടിയും വീണ്ടും തല്ലുമായി മാറുന്നു. ഇത്തരത്തിലാണ് തല്ലിന്റെ മാല കോർക്കൽ. അവർ അഞ്ചുപേരുടെ ഐതിഹാസികമായ ജീവിത വഴിയിലൂടെയാണ് പടം ആദ്യാവസാനം സഞ്ചരിക്കുന്നത്. പുതിയകാലത്തിന്റെ എല്ലാ നിറങ്ങളും ചേർത്തുതുന്നിയ ഒരു ഖാലിദ് റഹ്മാൻ ചിത്രമാണ് തല്ലുമാല.

ഖാലിദ് റഹ്മാന്റെ മുൻ ചിത്രങ്ങളായ ഉണ്ടയുടെയും അനുരാഗ കരിക്കിൻ വെള്ളത്തിന്റെയും ഹാങ്ങോവറിൽ ടിക്കറ്റ് കീറരുത്. സംവിധായകന്റെ മുൻസിനിമകൾ ശേഷം തിയറ്ററിന്റെ പിടിയിറങ്ങുമ്പോൾ മനസിൽ പതിഞ്ഞ അനുഭവങ്ങളുടെ മാല ഇവിടെ ശൂന്യമാകും. ഒന്നിനുമുകളിൽ ഒന്നായി കോർത്ത മുത്തുകളോ നൂലോ ഇവിടെയില്ല. ചിന്നി ചിതറി കിടക്കുന്ന അവസ്ഥയിലാണ്. സൂക്ഷ്മമായി കോർത്തെടുക്കേണ്ടത് കാണുന്നവരുടെ കൂടെ പണിയാണ്. അശ്രദ്ധമായി ഇരുന്നാൽ ആ മാല കോർത്തെടുക്കാൻ സാധിക്കില്ല. എന്തും സംഭവിക്കാവുന്ന മനുഷ്യന്റെ നോൺ ലീനിയർ അവസ്ഥതന്നെയാണ് മേക്കിങ് രീതിയും. പ്രവചിക്കാനാവാത്ത വിധം മുന്നോട്ട് പോകുന്ന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ഇതുമായി സാമ്യപ്പെടുത്തി വായിക്കാം.


വാസിം എന്ന ചെറുപ്പക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ സോഷ്യൽ മീഡിയ സ്റ്റാർ ആകുന്നു. പിന്നീടാണ് പടം കൂടുതൽ കളർഫുൾ ആകുന്നത്. മീശക്കാരനും, കലിപ്പന്റെ കാന്താരിയുമൊക്കെ പുതുതലമുറയെ അടക്കി വാഴുന്ന ലോകത്തേക്കാണ് വാസിമിന്റെ എൻട്രി. പുതിയ കാലത്തെ അമ്പരിപ്പിക്കുന്ന സോഷ്യൽ മീഡിയ സ്റ്റാറുകളെ സിനിമ ട്രോളുന്നതാണോ എന്നു സംശയിച്ചാലും തെറ്റുപറയാൻ സാധിക്കില്ല. ആ അർഥത്തിൽ സമൂഹത്തിന് യാതൊരു ഗുണവുമില്ലാത്ത റീലുകളുടെ പൊളിച്ചെഴുത്ത് അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നു. എല്ലാ സിനിമയും സാമൂഹ്യ പ്രതിബദ്ധത ഉള്ളതാവണം എന്ന വാശികൊണ്ടൊന്നുമല്ല ഇപ്പറയുന്നത്, ശേഷം സ്‌ക്രീനിൽ എന്നുമാത്രം പറഞ്ഞു വക്കുന്നു.

അവിചാരിതമായാണ് കാമുകിയായ ബീവാത്തുവിലേക്ക് വസിമെത്തുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സ്റ്റാറാണ് നായികയായ ബീവാത്തു. കണ്ടന്റ് ക്ഷാമമുള്ള സോഷ്യൽമീഡിയ സിംഹങ്ങളിൽ ഒരാൾ. അത്തരമൊരു സാഹചര്യത്തിന്റെ തുടർച്ചയെന്നോണമാണ് വസീമും ബീവാത്തുവും പ്രണയം ഷെയർചെയ്ത് ലൈക്കടിക്കുന്നത്. അപ്പോഴും മനസ് തൊടുന്ന പ്രണയ മുഹൂർത്തങ്ങൾ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഗൾഫ് മലയാളികൂടിയായ ബീവാത്തുമായുള്ള പ്രണയം കല്യാണപ്പന്തൽ വരെ എത്തുന്നു. കല്യാണി പ്രിയദർശനാണ് ബീവാത്തുവിന് ജീവൻ കൊടുത്തത്. ഹൃദയത്തിന്റെ ചിഹ്നത്തിൽ ലൈക്ക് അടിക്കാവുന്ന പ്രകടനമാണ് കല്ല്യാണിയുടേത്.


കഥയിൽ വലിയ കഥയില്ലെങ്കിലും ഇത്തരമൊരു പടത്തിന് തിരക്കഥ മികച്ചതാകണം. ആ ബ്രില്ല്യൻസ് മുഹ്സിൻ പരാരിയും, അഷ്‌റഫ്‌ ഹംസയും ചേർന്ന് ഗംഭീരമാക്കിയിട്ടുണ്ട്. ലുക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പൻ തുടങ്ങിയ ഓരോ സഹതല്ലുകാരും തല്ലുമാലയെ കിടിലൻ മാലയാക്കി മാറ്റാൻ ഇടികൊണ്ടവരാണ്. അവരൊക്കെ കൊണ്ട തല്ലാണ് പ്രേക്ഷകരുടെ ഈ തള്ളിക്കയറ്റവും. ആ തല്ലിന്റെ വേദനയും മരവിപ്പും അറിയാൻ ബിഗ് സ്ക്രീൻ തന്നെ പിടിക്കണം. ചില പാട്ടുകൾ ഒരൽപം ഓവറല്ലേ എന്നു തോന്നുമെങ്കിലും ആദ്യമേ ഒരു മൂഡ് സെറ്റ് ചെയ്ത് ഇരുന്നാൽ സംഭവം കിടുവാണ്. ലുക്മാന്റെ കണ്ടുശീലമില്ലാത്ത എൻട്രിയും ടൊവിനോയുടെ വാസിമിനൊപ്പം ഇടിച്ചു നിൽക്കുന്നുണ്ട്.

മുന്നെ പറഞ്ഞതുപോലെ ഇതൊരു കഥപടമല്ല. തല്ലുപടം എന്നു ഒറ്റവാക്കിൽ പറയാം. ആ തല്ലിനെ പ്രേക്ഷകനിലേക്ക് അത്രമേൽ എത്തിക്കാൻ സാധിച്ചത് ക്യാമറയും എഡിറ്റിങ്ങും വസ്ത്രാലങ്കാരവും ഒന്നിനൊന്ന് തല്ലുപിടിച്ചതുകൊണ്ടാണ്. മാഷാർ ഹംസയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ജിംഷി ഖാലിതാണ് പടത്തിന്റെ നട്ടെല്ലായ ക്യാമറ. നിഷാദ് യൂസഫിന്റെ എഡിറ്റിങ് കൂടെ ആയപ്പോൾ വിരിഞ്ഞു വന്ന മാജിക്കാണ് തല്ലുമാല. ഇത് ഇപ്പറഞ്ഞ മൂന്നുപേരുടെ കഠിനാധ്വാത്തിന്റെ ഫലമാണ്. അത് തിയറ്ററുകളിൽ പോയി തന്നെ അനുഭവിക്കണം.

Tags:    
News Summary - Tovino Thomas And kalyani Priyadarshan Movie Thallumaala Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT