സ്വന്തമല്ലാത്ത ഒരു വഴിയോരക്കടയിൽ, മനോഹരമായ ചെറിമരങ്ങൾക്ക് താഴെയിരുന്ന് സെന്റാറോ (മസതോഷി നാഗസെ) ദൊരായാക്കി പാൻകേക്കുകൾ വിൽക്കുകയാണ്. എന്നാൽ, അയാളുടെ പാൻകേക്കുകൾക്ക് രുചിയുണ്ടായിരുന്നില്ല. അയാളുടെ കടയിലെ സ്ഥിരം സന്ദർശകയായ ഒരു മിഡിൽ സ്കൂൾ പെൺകുട്ടിയാണ് വക്കാന. അവളും തന്റെ അമ്മയുമായുള്ള അസ്വാരസ്യങ്ങൾ കാരണം വിഷമത്തിലാണ്. ഒരു ദിവസം വെളുത്ത മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ടോക്കു എന്ന 76കാരി അയാളുടെ കടയിലെത്തുന്നു. ജോലി വേണമെന്ന അവരുടെ ആവശ്യം സെന്റാറോ ആദ്യം നിരസിച്ചു. എന്നാൽ, ടോക്കു നിർമിച്ച ബീൻ പേസ്റ്റ് രുചിച്ച സെന്റാറോ അത്ഭുതപ്പെട്ടുപോയി. അതുവരെ അയാൾ അനുഭവിച്ചിട്ടില്ലാത്ത അത്രയും മധുരം അതിനുണ്ടായിരുന്നു.
ഡൂറിയൻ സുകെഗാവയുടെ നോവലിനെ ആസ്പദമാക്കി നവോമി കവാസെ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമാണ് ‘സ്വീറ്റ് ബീൻ’. 2015ൽ ഇറങ്ങിയ ഈ ചിത്രം വളരെ സ്ലോപേസ്ഡായിട്ടാണ് സഞ്ചരിക്കുന്നത്. വിഷാദത്തിൽ കഴിയുന്ന സെന്റാറോയുടെയും വക്കാനയുടെയും ജീവിതത്തിൽ ടോക്കു എന്ന വൃദ്ധ ചെലുത്തുന്ന സ്വാധീനത്തിന്റെ ഹൃദയസ്പർശിയായ കഥയാണിത്. രുചികരമായ പാൻകേക്കുകൾ വാങ്ങാനായി ആളുകൾ കടയിലേക്ക് ഇരച്ചെത്താൻ തുടങ്ങി. സെന്റാറോ തന്റെ കടബാധ്യതകളിൽനിന്ന് മോചിതനാകാൻ തുടങ്ങുന്നു. എന്നാൽ, ടോക്കുവിന് കുഷ്ഠരോഗത്തിന്റെ ലക്ഷണമാണെന്ന് പ്രചരിച്ചതോടെ ആളുകൾ അവിടേക്ക് വരാതായി. ഒടുവിൽ ടോക്കുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സെന്റാറോ നിർബന്ധിതനാകുന്നു.
ചെറിപ്പൂക്കൾ പൂർണമായി വിരിഞ്ഞുനിൽക്കുന്ന സമയത്താണ് സെന്റാറോയും ടോക്കുവും കണ്ടുമുട്ടുന്നത്. വളരെ കുറച്ചുദിവസം മാത്രം പൂത്തുനിൽക്കുകയും പെട്ടെന്ന് കൊഴിഞ്ഞുപോവുകയും ചെയ്യുന്ന ഈ പൂക്കൾ, ടോക്കുവിന്റെ ജീവിതം പോലെയാണ്. അവർ സെന്റാറോയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് വരുന്നു, വലിയൊരു മാറ്റമുണ്ടാക്കുന്നു, ശേഷം ആ പൂക്കൾ കൊഴിയുന്നതുപോലെ യാത്രയാകുന്നു. വർഷങ്ങളോളം കുഷ്ഠരോഗം കാരണം സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞ ഒരാളാണ് ടോക്കു. മനുഷ്യർ അവരെ മാറ്റിനിർത്തിയപ്പോൾ കൂട്ടുണ്ടായിരുന്നത് പ്രകൃതി മാത്രമാണ്. കാറ്റിന്റെ മർമ്മരവും ചെറിപ്പൂക്കളുടെ വിരിയലും അവർക്ക് സംസാരവിഷയങ്ങളായി. നമ്മൾ പലപ്പോഴും തിരക്കുപിടിച്ച ജീവിതത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളെ അവർ സ്നേഹത്തോടെ നോക്കിക്കണ്ടു.
ജാപ്പനീസ് സംസ്കാരത്തിൽ ചെറിപ്പൂക്കൾ ‘മോണോ നോ അവാരെ’ എന്ന സങ്കൽപത്തെ സൂചിപ്പിക്കുന്നു. അതായത് എല്ലാത്തിനും ഒരു അവസാനമുണ്ടെന്ന തിരിച്ചറിവ്. സെന്റാറോ തുടക്കത്തിൽ തന്റെ ഭൂതകാലത്തെ ഓർത്ത് ദുഃഖിതനാണ്. എന്നാൽ, ടോക്കുവിൽ നിന്ന് അയാൾ പഠിക്കുന്നത് ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നാണ്. ഒന്നും ശാശ്വതമല്ലെന്ന് തിരിച്ചറിയുമ്പോൾ, നമ്മുടെ ഉള്ളിലെ ഭാരങ്ങൾ ഇറക്കിവെക്കാൻ സാധിക്കും. മോണോ നോ അവാരെ എന്നത് നഷ്ടപ്പെടുമെന്ന പേടിയല്ല, മറിച്ച് നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഓരോ നിമിഷത്തെയും അത്രമേൽ സ്നേഹത്തോടെയും കരുതലോടെയും കാണുക എന്നതാണ്.
ഈ സിനിമ പരമ്പരാഗത ജാപ്പനീസ് ഹൈക്കു കവിത പോലെയാണ്. വെറും മൂന്ന് വരികൾ മാത്രമുള്ള കൊച്ചുകവിതയിൽ വലിയൊരു സത്യം ഒളിഞ്ഞിരിക്കും. ഒരു ചെറിയ കട, കുറച്ച് ദൊരായാക്കി പാൻകേക്കുകൾ, മൂന്ന് കഥാപാത്രങ്ങൾ ഇതാണ് സ്വീറ്റ് ബീൻ സിനിമ. ഈ ലളിതമായ കഥയിൽ ജീവിതത്തിന്റെ മുഴുവൻ അർഥവും കവാസെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ടോക്കുവിന്റെ വൈകല്യമുള്ള കൈകൾ, സെന്റാറോയുടെ തകർന്ന ഭൂതകാലം, വക്കാനയുടെ ഏകാന്തത എന്നിവയെല്ലാം അപൂർണതകളാണ്.
എന്നാൽ, അവർ മൂന്നുപേരും ഒന്നിക്കുമ്പോൾ അവിടെ മനോഹരമായ ഒരു ബന്ധം ഉടലെടുക്കുന്നു. വലിയ ആക്ഷൻ രംഗങ്ങളോ ഉച്ചത്തിലുള്ള സംഭാഷണങ്ങളോ ഇല്ലാതെ തന്നെ, പ്രേക്ഷകന്റെ ഉള്ളിൽ ഒരു വിങ്ങലും അതേസമയം ഒരു വലിയ തിരിച്ചറിവും ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിയുന്നു. സിനിമയുടെ ആദ്യ പകുതിയിൽ, കൃത്യമായ രുചിയുള്ള ബീൻ പേസ്റ്റ് നിർമിക്കാൻ എത്രത്തോളം സമയവും അധ്വാനവും വേണമെന്ന് കാണിക്കുമ്പോൾ ഇത് ഭക്ഷണത്തെക്കുറിച്ചുള്ള ഒരു ചിത്രമാണെന്ന് നമുക്ക് തോന്നും. എന്നാൽ, കഥ മുന്നോട്ടുപോകുന്തോറും ഇതിന് പിന്നിൽ അതിശക്തമായ മറ്റൊരു വശമുണ്ടെന്ന് തിരിച്ചറിയുന്നു. 1996 മുതൽ ജപ്പാൻ കുഷ്ഠരോഗക്കാരെ ഒറ്റപ്പെടുത്തുന്നത് നിർത്തലാക്കിയെങ്കിലും, ഈ രോഗം ബാധിച്ചവരോടുള്ള സാമൂഹിക വിവേചനം ഇന്നും നിലനിൽക്കുന്നുവെന്ന് ചിത്രം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.