നഗരത്തിലെ തിരക്കുകളിൽനിന്ന് ഫോൺ സിഗ്നലുകളില്ലാത്ത ഗ്രാമത്തിലേക്ക് എത്തുന്ന യുകി. ഗ്രാമത്തിന്റെ ശാന്തതയും സൗന്ദര്യവും ഒത്തിണങ്ങിയ ഒരിടത്ത് അവനെ കാത്തിരിക്കുന്നത് വ്യത്യസ്ത ജീവിതരീതികളാണ്. മരം മുറിക്കലാണ് ഇവിടത്തെ പ്രധാന ജോലി. നഗരത്തിൽ സുഖമായി ജീവിച്ച യുകിക്ക് കാടിന്റെ കഠിനാധ്വാനവും അവിടത്തെ സൗകര്യക്കുറവുകളും ഇഷ്ടപ്പെടുന്നില്ല. തുടക്കത്തിൽ ജോലി ഉപേക്ഷിച്ച് തിരിച്ചുപോകാൻ പലതവണ അവൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, കഠിനാധ്വാനിയായ മെന്ററിന്റെ കൂടെ ജോലിചെയ്യുന്നതിലൂടെ യുകിയുടെ കാഴ്ചപ്പാടുകൾ മാറുന്നു. മരങ്ങൾ വെട്ടുന്നതും നട്ടുവളർത്തുന്നതും ഒരു കലയാണെന്നും അതിന് വലിയ ഉത്തരവാദിത്തബോധം ആവശ്യമാണെന്നും യുകി മനസ്സിലാക്കുന്നു. പതിയെപ്പതിയെ, പ്രകൃതിയുമായും ഗ്രാമീണരുമായും യുകി അടുക്കുന്നു.
ഷിനോബു യാഗുച്ചി സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ജാപ്പനീസ് കോമഡി ഡ്രാമയാണ് ‘വുഡ് ജോബ്’. സാധാരണ സിനിമകളിൽ കാണാത്ത വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. മരം വ്യവസായത്തെക്കുറിച്ചും, ഒരുകൂട്ടം ആളുകൾ അതിനുവേണ്ടി ചെയ്യുന്ന കഠിനാധ്വാനത്തെക്കുറിച്ചും സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. മനോഹരമായ പച്ചപ്പും മലകളും നിറഞ്ഞ കാടുകളാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. സിനിമയുടെ തുടക്കത്തിൽ യുകി ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്ത ചെറുപ്പക്കാരനാണ്. കോളജ് പ്രവേശന പരീക്ഷയിൽ തോറ്റതും കാമുകി ഉപേക്ഷിച്ചുപോയതും കാരണം നിരാശനായിരിക്കുന്ന സമയത്താണ് അവൻ ഫോറസ്ട്രി ട്രെയിനിങ് പ്രോഗ്രാമിന്റെ പരസ്യം കാണുന്നത്. അതിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം കണ്ടാണ് യുകി ആ ജോലിക്ക് അപേക്ഷിക്കുന്നത്.
വെറുമൊരു പശ്ചാത്തലം എന്നതിലുപരി കാട് ഒരു കഥാപാത്രമായി സിനിമയിൽ മാറുന്നുണ്ട്. മരങ്ങൾ തിങ്ങിനിറഞ്ഞ മലനിരകളും ഇടതൂർന്ന കാടുകളും പുഴകളുമെല്ലാം കൂടിച്ചേരുമ്പോൾ വല്ലാത്ത ഒരു ശാന്തതയാണ്. കാടിന്റെ വലുപ്പത്തോടൊപ്പം നായകന്റെ ചെറുപ്പവും ഒറ്റപ്പെടലും പ്രേക്ഷകർക്കു മുന്നിൽ വ്യക്തമാക്കുന്നു. സ്വാഭാവികമായ ലൈറ്റിങ് ആണ് സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇത് കാടിന്റെ ഓരോ സമയത്തെയും ഭാവങ്ങൾ കൃത്യമായി ഒപ്പിയെടുക്കുന്നു. പ്രകൃതിയുടെ മാറ്റങ്ങളെയും, ഒപ്പം യുകിയുടെ മാനസികാവസ്ഥയും വ്യക്തമായി ഇതിലൂടെ പ്രതിഫലിക്കുന്നുണ്ട്. യുകി കാടിനെ മനസ്സിലാക്കി സ്നേഹിക്കുമ്പോൾ, കാഴ്ചക്കാരും ആ പ്രകൃതിയുടെ ഭംഗിയിൽ ലയിച്ചുചേരുന്നു. കാടിന്റെ മാറ്റങ്ങൾ യുകിയുടെ വളർച്ചയുടെയും അവന്റെ ജീവിതത്തിലെ പുതിയ തുടക്കങ്ങളുടെയും പ്രതീകമായി മാറുന്നു.
ജോലിയിലെ ആത്മാർഥത, പ്രകൃതിയോടുള്ള സ്നേഹം, പാരമ്പര്യത്തോടുള്ള ബഹുമാനം എന്നിവയെല്ലാം വളരെ ലളിതമായി പറഞ്ഞുതരുന്ന തീർത്തും ഫീൽഗുഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ചിത്രമാണ് ‘വുഡ് ജോബ്’. വലിയ മരങ്ങൾ മുറിക്കുന്നതിന്റെ ശാസ്ത്രീയമായ രീതികളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. നാടകീയ മുഹൂർത്തങ്ങളോ അമിത വൈകാരിക രംഗങ്ങളോ സിനിമയിൽ ഇല്ല. സാധാരണ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
ഒരു മരം മുറിക്കുമ്പോഴും പുതിയ തൈകൾ നടുമ്പോഴും താൻ ചെയ്യുന്നത് വെറും ജോലിയല്ല, മറിച്ച് അടുത്ത തലമുറക്കുവേണ്ടിയുള്ള ഒരു നിക്ഷേപമാണെന്ന് യുകി മനസ്സിലാകുന്നു. ഇത് അയാളെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ പഠിപ്പിക്കുന്നു. കാടിന്റെ താളത്തിനനുസരിച്ച് ജോലിചെയ്യുമ്പോൾ ഓരോ മരത്തിനും ജീവനുണ്ടെന്ന് യുകി തിരിച്ചറിയുന്നു. മരം മുറിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും അപകടസാധ്യതകളും സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. വളരെ സമാധാനത്തോടെ തുടങ്ങി അതേ സമാധാനത്തിൽ അവസാനിക്കുന്ന ഈ സിനിമ കുറച്ച് പേരുടെയെങ്കിലും ഇഷ്ട ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് തീർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.