അർധരാത്രിയുടെ നിശ്ശബ്ദതയിൽ ഒരു പിഞ്ചുകുഞ്ഞിനെ കാണാതാവുന്നു. കുഞ്ഞിനെ തിരഞ്ഞ് അതിന്റെ അമ്മ ഓടിനടക്കുന്നു. ആ സമയത്ത് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങൾ, രമണും ഗൗതമും. ഇവരിൽ ഒരാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് അമ്മയുടെ വാദം. കുഞ്ഞിനെ കാണാതായതോടെ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അവർ. കഥയുടെ പിരിമുറുക്കം ഇവിടെ തുടങ്ങുകയാണ്. സാഹചര്യങ്ങളുടെ സമ്മർദംമൂലം ഈ രണ്ട് സഹോദരന്മാർ, തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ്. പക്ഷേ, ഈ സഹോദരങ്ങൾ ചെന്നുപെടുന്നത് സങ്കൽപിക്കാൻ പോലുമാകാത്ത വലിയൊരു വിപത്തിലേക്കാണ്.
കരൺ തേജ്പാൽ സംവിധാനം ചെയ്ത ‘സ്റ്റോളൻ’ എന്ന ചിത്രം വെറുമൊരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറല്ല, മറിച്ച് മനസ്സിനെ പൊള്ളിക്കുന്ന യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചയാണ്. യഥാർഥ സംഭവത്തെ ആധാരമാക്കി 2023ൽ പുറത്തിറങ്ങിയ ഹിന്ദി ത്രില്ലർ ചിത്രമാണ് ‘സ്റ്റോളൻ’. മനുഷ്യക്കടത്ത് എന്ന വലിയ വിപത്തിനെക്കുറിച്ച് സംസാരിക്കുമ്പോഴും, ജനക്കൂട്ടം എങ്ങനെ പെട്ടെന്ന് അക്രമാസക്തരാകുന്നു എന്ന ഗൗരവമായ വിഷയവും സിനിമ ചർച്ച ചെയ്യുന്നു.
ഇതൊരു റോഡ് ബാറ്റിൽ ആണ്. എന്ത് സംഭവിക്കുമെന്ന് പോലും തിരിച്ചറിയാനാവാത്ത ലൂപ്പിൽപെട്ടുപോകുന്ന അവസ്ഥ. കുഞ്ഞിനെ തിരഞ്ഞുള്ള യാത്രയിൽ ഗൗതമും (അഭിഷേക് ബാനർജി) രമണും (ശുഭം വർധൻ) എത്തുന്നത് നിഗൂഢമായ കസോനി കോട്ടയിലേക്കാണ്. വിജനവും ശിഥിലവുമായ ഒരു പുരാതന കോട്ടയാണ് കസോനി. ഇതിനകംതന്നെ ഇവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നുള്ള ചിത്രങ്ങൾ നാടുമുഴുവൻ പ്രചരിക്കാൻ തുടങ്ങിയിരുന്നു. സഹോദരങ്ങൾ കുട്ടിയെ തട്ടിക്കൊണ്ടുപോയവരാണെന്ന് അവിടത്തെ നാട്ടുകാർ തെറ്റിദ്ധരിക്കുകയും അവരെ ആക്രമിക്കാൻ തുടങ്ങുന്നതോടെ കഥാഗതി കൂടുതൽ കലുഷിതമാകുന്നു.
സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് യാത്രക്കിടയിലാണ്. വിജനമായ റോഡുകൾ, ഇരുട്ട് നിറഞ്ഞ കാടുകൾ, ആൾപ്പാർപ്പില്ലാത്ത പഴയ കോട്ടകൾ... അവിടെ അതിജീവിക്കുക വലിയൊരു വെല്ലുവിളിയാണ്. വിശപ്പും ദാഹവും പരിക്കും അവരെ അവശരാക്കുന്നുണ്ട്. കൃത്യമായ വഴി അറിയാത്ത ഒരിടത്ത്, സഹായത്തിന് ആരെയും വിളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ, കൈയിലുള്ള പരിമിതമായ സൗകര്യങ്ങൾവെച്ച് അവർക്ക് പോരാടേണ്ടിവരുന്നു.
സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ദുരൂഹത നിഴലിക്കുന്ന കഥാപാത്രമാണ് ജുംപ (മിയ മൽസർ). റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടക്കുമ്പോൾ തന്റെ അഞ്ചുമാസം പ്രായമുള്ള മകൾ ചമ്പയെ ആരോ തട്ടിക്കൊണ്ടുപോയതു മുതൽ ആ അമ്മ മനസ്സു നീറിപ്പുകയുകയാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതിനെക്കാൾ അപ്പുറമാണ് അവളുടെ ജീവിതസാഹചര്യങ്ങൾ.
നിരപരാധികളായ അപരിചിതരെ സത്യമറിയാതെ ജനക്കൂട്ടം ആക്രമിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് സിനിമ വരച്ചുകാട്ടുന്നു. ഒരു സാധാരണക്കാരൻ നീതിക്കുവേണ്ടി പോരാടുമ്പോൾ നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നു. 2023ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾതന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഈ സിനിമ അവസാനിച്ചാലും പ്രേക്ഷകന്റെ ഉള്ളിൽ വലിയൊരു ഭാരം അവശേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.