ക്യൂർ

നിങ്ങൾ ആരാണ്? നിങ്ങളുടെ ഉള്ളിൽ എന്താണ്? മനസ്സിന്റെ ഇരുണ്ട ഗർത്തങ്ങളിലേക്കുള്ള ഹിപ്നോട്ടിക് യാത്ര...

ചില സിനിമകൾ കണ്ടുതീർത്താലും ഒരു നിഴൽ പോലെ നമ്മളെ പിന്തുടരും. നിശബ്ദത കൊണ്ടും നിഗൂഢത കൊണ്ടും പ്രേക്ഷകനെ ശ്വാസം മുട്ടിക്കുന്ന കിയോഷി കുറോസാവയുടെ 'ക്യൂർ' അത്തരത്തിലൊന്നാണ്. 1997ൽ കിയോഷി കുറോസാവ 'ക്യൂർ' (Cure) എന്ന മാസ്റ്റർപീസ് പുറത്തിറക്കുമ്പോൾ ലോകം കണ്ടത് വെറുമൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറല്ല മറിച്ച് മനുഷ്യന്റെ ഉപബോധമനസ്സിലെ ഇരുണ്ട ഗർത്തങ്ങളിലേക്ക് പ്രേക്ഷകനെ ഹിപ്നോട്ടൈസ് ചെയ്ത് പിടിച്ചിരുത്തുന്ന ഒരു സൈക്കോ-ഫിലോസഫിക്കൽ അനുഭവമാണ്.

നഗരത്തിന്റെ പല ഭാഗങ്ങളിലായി ഒരേ രീതിയിലുള്ള കൊലപാതകങ്ങൾ നടക്കുന്നു. ഇരകളുടെയെല്ലാം കഴുത്തിൽ 'X' ആകൃതിയിലുള്ള ആഴമേറിയ മുറിവുകൾ. കൊലപാതകികൾ ഓരോരുത്തരും സാധാരണക്കാരായ മനുഷ്യർ, അവർക്ക് മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ചരിത്രവുമില്ല. കൊലപാതകം ചെയ്തവർക്ക് തങ്ങൾ എന്തിനാണ് അത് ചെയ്തതെന്നോ, എങ്ങനെയാണ് ചെയ്തതെന്നോ അറിയില്ല. അവർ പിടിക്കപ്പെടുമ്പോൾ തികച്ചും സാധാരണക്കാരായി പെരുമാറുന്നു. ഈ നിഗൂഢതകൾക്കിടയിലേക്കാണ് ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ തകാബെ എത്തുന്നത്.

വ്യക്തിജീവിതത്തിൽ വലിയ മാനസിക സമ്മർദം അനുഭവിക്കുന്നയാളാണ് തകാബെ. അദ്ദേഹത്തിന്റെ ഭാര്യക്ക് ഓർമക്കുറവും മാനസിക പ്രശ്നങ്ങളുമുണ്ട്. തകാബെയുടെ കൂടെ സകുമ എന്ന ഡിക്റ്റീവ് സൈക്കോളജിസ്റ്റുമുണ്ട്. അന്വേഷണം നീളുന്നത് ഓർമശക്തി നഷ്ടപ്പെട്ട മമിയ എന്ന നിഗൂഢനായ വ്യക്തിയിലേക്കാണ്. അവിടെ നിന്നങ്ങോട്ട് സിനിമ സഞ്ചരിക്കുന്നത് പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന, മനസ്സിനെ വല്ലാതെ ഹോണ്ട് ചെയ്യുന്ന ഒരു മനോനിലയിലേക്കാണ്.

ആരോട് സംസാരിക്കുമ്പോഴും നീ ആരാണ്?, നിന്റെ ഉള്ളിൽ എന്താണ്? എന്ന് മമിയ ചോദിച്ചുകൊണ്ടേയിരിക്കും. യഥാർത്ഥത്തിൽ മമിയ ഒരു സൈക്കോളജി വിദ്യാർഥിയാണ്. അയാൾക്ക് മനുഷ്യരെ ഹിപ്നോട്ടിസ് ചെയ്യാനുള്ള അപൂർവ്വമായ കഴിവുണ്ട്. വാക്കുകളിലൂടെയോ, ഒരു ലൈറ്ററിന്റെ വെളിച്ചത്തിലൂടെയോ, ഒഴുകുന്ന വെള്ളത്തിലൂടെയോ അയാൾ ഒരാളുടെ

ഉപബോധമനസ്സിലേക്ക് കടന്നുചെല്ലുന്നു. ഓരോ മനുഷ്യന്റെ ഉള്ളിലും ആരോടെങ്കിലും ഒക്കെ അടക്കാനാവാത്ത ദേഷ്യം ഉണ്ടാകും. മമിയ ആ ദേഷ്യത്തെ ഉണർത്തി അവരെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഒരാളുടെ ഉള്ളിലെ വിഷമം പുറത്തു കളയുന്ന ഒരു 'ചികിത്സ' (Cure) ആണ് ഈ കൊലപാതകം.

ഭയപ്പെടുത്തുന്ന ശബ്ദങ്ങളോ പെട്ടെന്നുള്ള ജമ്പ് സ്കെയറുകളോ ഇല്ലാതെ തന്നെ ഒരാളെ എങ്ങനെ പേടിപ്പിക്കാം എന്ന് കിയോഷി ഈ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. പശ്ചാത്തല സംഗീതത്തേക്കാൾ കൂടുതൽ കാറ്റ് വീശുന്നതും വെള്ളം ഇറ്റുവീഴുന്നതും പോലുള്ള സ്വാഭാവിക ശബ്ദങ്ങളാണ് ഇവിടെ ഭയം പടർത്തുന്നത്. ലോങ്ങ് ടേക്കുകളും ഫ്രെയിമിലെ ശൂന്യമായ ഇടങ്ങളും കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിനെയും മാനസികാവസ്ഥയെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ടോകുഷോ കിക്കുമുവിന്റെ കാമറക്കണ്ണുകൾ ഓരോ ദൃശ്യത്തെയും ഒരു ഹിപ്നോട്ടിക് അനുഭവം പോലെയാണ് അവതരിപ്പിക്കുന്നത്.

സിനിമയുടെ ദൃശ്യഭാഷയിലാണ് കിയോഷി കുറോസാവ തന്റെ യഥാർത്ഥ മാന്ത്രികത ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. മങ്ങിയ നീലയും വിളറിയ പച്ചയും ചാരനിറവും ചേർന്ന ഒരു ഫിൽട്ടറിലൂടെ എന്നപോലെയാണ് ഓരോ ദൃശ്യവും കടന്നുപോകുന്നത്. ഈ നിറങ്ങൾ പ്രേക്ഷകനിൽ ഒരുതരം ഡിപ്രസിങ് മൂഡ് സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിലെ മിക്ക രംഗങ്ങളും വളരെ കുറഞ്ഞ വെളിച്ചത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ വെളിച്ചത്തേക്കാൾ കൂടുതൽ നിഴലുകൾക്കാണ് പ്രാധാന്യം. 'ആരാണ് കൊലയാളി?' എന്നതിനേക്കാൾ, 'മനുഷ്യനെക്കൊണ്ട് ഇത് ചെയ്യിക്കുന്ന ആ ഇരുണ്ട ശക്തി എന്താണ്?' എന്ന ചോദ്യത്തിന് അടിവരയിടാൻ ഈ നിഴൽരൂപങ്ങൾ സഹായിക്കുന്നു. വെളിച്ചം കുറയുന്തോറും പ്രേക്ഷകന്റെ ഉള്ളിലെ ആകാംക്ഷയും ഭയവും കൂടിക്കൂടി വരുന്നു.

പതിവ് ത്രില്ലർ സിനിമകളിൽ നാം കാണുന്ന രീതിയിലുള്ള കട്ടുകളല്ല ഈ സിനിമയിലുള്ളത്. ചില രംഗങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ പെട്ടെന്ന് അവസാനിക്കുമ്പോൾ, മറ്റു ചിലത് അനാവശ്യമായി നീളുന്നതായി നമുക്ക് തോന്നും. എന്നാൽ ഈ എഡിറ്റിങ് ശൈലി മനഃപൂർവ്വമാണ്. ഇത് പ്രേക്ഷകനെ അസ്വസ്ഥനാക്കുന്നു. ആ അസ്വാഭാവികമായ ദൈർഘ്യം തന്നെയാണ് സിനിമയെ കൂടുതൽ ഹിപ്നോട്ടിക് ആക്കുന്നത്.

ക്യൂർ മറ്റ് സീരിയൽ കില്ലർ സിനിമകളിൽ നിന്ന് വേറിട്ടുനിൽക്കുന്നത് അതിന്റെ കഥാപരിസരം കൊണ്ടല്ല, മറിച്ച് അത് കൈകാര്യം ചെയ്യുന്ന രീതി കൊണ്ടാണ്. സാധാരണ സിനിമകളിൽ സീരിയൽ കില്ലർ നേരിട്ടാണ് കൊലപാതകം ചെയ്യുന്നത്. എന്നാൽ ഇതിൽ മമിയ നേരിട്ട് ആരെയും കൊല്ലുന്നില്ല. പകരം, തികച്ചും സാധാരണക്കാരായ ആളുകളെക്കൊണ്ട് അവരറിയാതെ തന്നെ കൊലപാതകം ചെയ്യിപ്പിക്കുന്നു. ഇവിടെ വില്ലൻ ഒരു വ്യക്തിയല്ല, മറിച്ച് മനുഷ്യന്റെ ഉള്ളിലെ അടിച്ചമർത്തപ്പെട്ട ദേഷ്യമാണ്. മമിയ പ്രയോഗിക്കുന്നത് ശാസ്ത്രീയമായ ഹിപ്നോട്ടിസമല്ല, മറിച്ച് ഫ്രാൻസ് മെസ്മർ എന്നയാൾ പണ്ട് അവതരിപ്പിച്ച 'അനിമൽ മാഗ്നറ്റിസം' എന്ന ആശയത്തോട് ചേർന്ന ഒന്നാണ്. വെള്ളത്തിലൂടെയോ വെളിച്ചത്തിലൂടെയോ ഒരാളുടെ ബോധമനസ്സിനെ തളർത്തുന്ന രീതിയാണിത്.

മറ്റ് സിനിമകളിൽ വിരലടയാളം, ഡി.എൻ.എ തുടങ്ങിയ തെളിവുകൾക്കാണല്ലോ പ്രാധാന്യം? എന്നാൽ ഇതിൽ ഡിറ്റക്ടീവ് തകാബെ അന്വേഷിക്കുന്നത് തെളിവുകളല്ല, മറിച്ച് പ്രതികളുടെ മനസ്സിനെയാണ്. മിക്ക സിനിമകളിലും കൊലപാതകിക്ക് ഒരു വലിയ 'ബാക്ക് സ്റ്റോറി' ഉണ്ടാകും. എന്നാൽ 'ക്യൂറിൽ മമിയക്ക് വ്യക്തമായ ഒരു ഉദ്ദേശമോ ലക്ഷ്യമോ ഇല്ല. അയാൾ ഒരു വൈറസ് പോലെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. സാധാരണ സിനിമകളിൽ വില്ലൻ മരിക്കുന്നതോടെ പ്രശ്നം തീരും. എന്നാൽ ഇതിൽ മമിയയുടെ മരണം ഒരു ഒടുക്കമല്ല, മറിച്ച് ഒരു തുടക്കമാണ്.

റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും 'ക്യൂർ' നൽകുന്ന അനുഭവം പുതുമയോടെ നിലനിൽക്കുന്നു. 2017ൽ ഹോങ്കോങ് ഫിലിം ആർക്കൈവ് ഈ ചിത്രത്തെ 'ക്രിട്ടിക്സ് ചോയ്‌സ്' ആയി തിരഞ്ഞെടുത്തത് ഇതിന്റെ ആഗോളതലത്തിലുള്ള പ്രസക്തിക്ക് തെളിവാണ്. ഭയത്തെ അതിന്റെ ശുദ്ധമായ രൂപത്തിൽ അനുഭവിക്കണമെന്നുണ്ടെങ്കിൽ, ആൾക്കൂട്ടത്തിനിടയിലും മനുഷ്യൻ അനുഭവിക്കുന്ന ശൂന്യതയെക്കുറിച്ച് ചിന്തിക്കണമെന്നുണ്ടെങ്കിൽ ഈ ജാപ്പനീസ് ചിത്രം നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം. ജാപ്പനീസ് നവതരംഗ സിനിമകളിൽ (J-Horror) ഇതിനോളം ആഴമുള്ള മറ്റൊരു സൈക്കോളജിക്കൽ ത്രില്ലർ കണ്ടെത്തുക പ്രയാസമാണ്. സിനിമ കണ്ടുതീർത്താലും വിട്ടുമാറാത്ത ഒരുതരം അസ്വസ്ഥത നിങ്ങളുടെ ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ, നിങ്ങൾ കിയോഷിയുടെ ആ മാന്ത്രികവലയിൽ കുടുങ്ങിക്കഴിഞ്ഞു എന്നാണർത്ഥം. ചിത്രം പ്രൈം വിഡിയോയിൽ കാണാവുന്നതാണ്. 

Tags:    
News Summary - cure japanese movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.