മെമ്മറീസ് ഓഫ് മർഡർ

മഴ പെയ്യുന്ന രാത്രി, റേഡിയോയിലെ ആ പാട്ട്, ആരാണ് യഥാർത്ഥ കൊലയാളി? നിഗൂഢമായ കൊലപാതകങ്ങളുടെ 'മെമ്മറീസ് ഓഫ് മർഡർ'!

സിനിമാലോകത്തെ എക്കാലത്തെയും ആകർഷകവും എന്നാൽ ഭീതിപ്പെടുത്തുന്നതുമായ പ്രമേയമാണ് സീരിയൽ കില്ലിങ്. മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ഇത്തരം ചിത്രങ്ങൾ പ്രേക്ഷകരെ എന്നും മുൾമുനയിൽ നിർത്താറുണ്ട്. കേവലം ഒരു കൊലപാതകത്തിനപ്പുറം കുറ്റകൃത്യം എന്തിന്?, എങ്ങനെ? എന്നീ ചോദ്യങ്ങളാണ് ഈ ചിത്രങ്ങളെ ആകർഷകമാക്കുന്നത്. ഏറ്റവും കൂടുതൽ സീരിയൽ കൊലപാതക സിനിമകൾ ഇറങ്ങുന്നത് ഹാളിയുവുഡിൽ (കൊറിയൻ) നിന്നാണ്. സിനിമയെ വെല്ലുന്ന കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളെ വെല്ലുന്ന സിനിമകളും ഇവിടെ പതിവാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ബോങ് ജൂൻ-ഹോയുടെ 'മെമ്മറീസ് ഓഫ് മർഡർ'.

വെറുമൊരു ക്രൈം ത്രില്ലർ എന്നതിലുപരി, ഭീതിജനകമായ സീരിയൽ കൊലപാതകങ്ങളുടെ നേർക്കാഴ്ചയായിരുന്നു ഈ ചിത്രം. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും പൈശാചികമായി കണക്കാക്കുന്ന കൊലപാതകത്തിൽ ഒന്നാണ് 'ഹ്വാസിയോങ് സീരിയൽ കൊലപാതകം'.1986 മുതൽ 1991 വരെ നടന്ന ഈ കൊലപാതക പരമ്പരകളെ ആസ്പദമാക്കി 2003ൽ ബോങ് ജുൻ ഹോ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'മെമ്മറീസ് ഓഫ് മർഡർ'.

പട്ടണത്തിന് അടുത്തുള്ള ഡ്രേയിനേജ് കുഴിയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നു. ആദ്യ മൃതദേഹം ഗോതമ്പ് പാടത്തിന്റെ സമീപത്തായുള്ള സ്ലാബിനടിയിൽ നഗ്നമായിട്ടാണെങ്കിൽ രണ്ടാമത്തെ മൃതദേഹം തുറന്ന സ്ഥലത്ത് വസ്ത്രമുള്ള നിലയിലായിരുന്നു. അങ്ങനെ പല രാത്രികളിലായി ഒരു പെൺകുട്ടി അടക്കം 6 സ്ത്രീകൾ സമാന സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. കാണാതാവുമ്പോൾ ഇവരെല്ലാം ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. സോക്സിൽ കല്ല് വെച്ച് തൊണ്ട വലിഞ്ഞു മുറുക്കി കയ്യും കാലും പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു എല്ലാ ഇരകളും. കൊലപാതകം നടക്കുന്ന രാത്രികളിൽ പ്രാദേശിക റേഡിയോ സ്റ്റേഷനിൽ സാഡ് ലെറ്റർ എന്ന പാട്ട് പ്ലേ ചെയ്യാൻ ഒരാൾ കത്തയച്ച് ആവശ്യപ്പെടാറുണ്ട്. മഴ പെയ്യുന്ന രാത്രിയും ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയും റേഡിയോയിലെ ഈ പാട്ടും ഒത്തു വരുമ്പോഴാണ് കൊലപാതകം നടക്കുന്നത്.

ഇത് അന്വേഷിക്കാൻ എത്തുന്നതാകട്ടെ ഡിക്റ്റിവ് പാർക്ക് ഡൂ മാനും ഡിറ്റക്ടീവ് സീയോ തൈ-യൂണും. രേഖകൾ കള്ളം പറയില്ല എന്ന് വിശ്വസിക്കുന്ന സിയോയും, ഒരാളുടെ കണ്ണിൽ നോക്കിയാൽ കുറ്റവാളിയെ തിരിച്ചറിയാമെന്ന് വിശ്വസിക്കുന്ന പാർക്കും തമ്മിലുള്ള മത്സരം സിനിമയെ കോംബ്ലിക്കേറ്റഡ് ആക്കുന്നുണ്ട്. സൈനിക ഭരണകൂടത്തിന് കീഴിലായിരുന്ന അന്നത്തെ കൊറിയൻ സമൂഹത്തിലെ അസ്ഥിരതയും, സാങ്കേതികമായി പിന്നോക്കം നിന്നിരുന്ന പൊലീസ് സംവിധാനവും സിനിമയുടെ ഒഴുക്കിൽ നന്നായി യോജിച്ചുപോകുന്നുണ്ട്. മൂന്നു പ്രതികൾ. പക്ഷേ ഡി.എൻ.എ ടെസ്റ്റുകൾ ഒന്നും തന്നെ മാച്ച് ആവുന്നില്ല. ഇവർക്ക് മേലുള്ള സമ്മർദം നാൾക്കുനാൾ വർധിക്കുകയാണ്. പേടിപ്പെടുത്തുന്ന രംഗങ്ങളേക്കാൾ സിനിമയുടെ അവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത് കൊലപാതകി ആരാണ് എന്ന ചോദ്യമാണ്.

വിചിത്രമെന്ന് തോന്നാമെങ്കിലും, സീരിയൽ കില്ലർ സിനിമകൾക്ക് ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദമുണ്ട്. അതുപോലെ അഡ്രിനാൽ റഷ് അതിന്‍റെ പീക്കിലെത്തുന്നതും ഇത്തരം സിനിമകളുടെ സവിശേഷതയാണ്. സാധാരണ സീരിയൽ കൊലപാതക സിനിമകളിൽ നിന്ന് വിഭിന്നമായി വയലൻസ് രംഗങ്ങളെ കുറച്ച് ലൈറ്റ് ട്രീറ്റ്മെന്‍റായാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഒരു കൺഫ്യൂഷൻ മൂഡിലേക്ക് എത്തിക്കുന്നതോടെ കഥയുടെ ഗതി മാറുകയാണ്. തീർത്തും അവ്യക്തമായ പര്യവസാനം. ആരാണ് യഥാർത്ഥ കൊലയാളി?

 

ഒടുവിൽ പ്രതിയെ കണ്ടെത്താനാവാതെ നിസ്സഹായനായി കാമറയിലേക്ക് നോക്കുന്ന പാർക്കിന് അപ്പോൾ നിസാഹായതയുടെ പരിവേഷമായിരുന്നു. 2019ൽ ശാസ്ത്രം ആ നിഗൂഢതയുടെ ചുരുളഴിച്ചു. കൊറിയയെ നടുക്കിയ ആ കൊലയാളി മറ്റേതോ കുറ്റകൃത്യത്തിന് ജയിലിൽ കഴിയുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ, സിനിമയും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോയി. 1980കളിലെ കൊറിയൻ ഗ്രാമങ്ങളുടെ ആ മഞ്ഞ കലർന്ന തവിട്ട് നിറവും, മഴയും, ഇരുണ്ട തുരങ്കങ്ങളും നൽകുന്ന ഒരുതരം വീർപ്പുമുട്ടൽ പ്രേക്ഷകന്റെ ഉള്ളിൽ സിനിമ കണ്ടു കഴിഞ്ഞാലും ബാക്കിയാകും.

ഒരു കൊലപാതകത്തെ കേവലം ക്രൂരതയായിട്ടല്ല, മറിച്ച് അന്നത്തെ സാമൂഹികാവസ്ഥയുടെയും മനുഷ്യരുടെ നിസ്സഹായതയുടെയും നേർചിത്രമായിട്ടാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമായ ഈ ചിത്രം, ഒരു കൊലയാളിയെ തേടുന്നതിലുപരി ഒരു കാലഘട്ടത്തെയും വേട്ടയാടപ്പെട്ട ഒരു ജനതയുടെ വേദനയെയും ഒപ്പിയെടുക്കുന്നു. കുറ്റാന്വേഷണ സിനിമകളെ സ്നേഹിക്കുന്നവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം.

Full View

Tags:    
News Summary - Memories of Murder movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.