'എന്‍റെ കരിയറിലെ പ്രധാന നാഴികക്കല്ലായി രണബാലി നിലനിൽക്കും, ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം'; വിജയ് ദേവരകൊണ്ട

‘രണബാലി’ തന്റെ കരിയറിലെ പ്രധാന നാഴികക്കല്ലായി മാറുമെന്ന് നടൻ വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘രണബാലി’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ചിത്രത്തെക്കുറിച്ചും തന്റെ സിനിമാ യാത്രയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിമർശനങ്ങളെക്കുറിച്ചും വിജയ് ചടങ്ങിൽ സംസാരിച്ചു.

'രണബാലി എന്റെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,' വിജയ് പറഞ്ഞു.

നമ്മളിൽനിന്ന് മറച്ചുവെക്കപ്പെട്ട ചരിത്രവും മറന്നുപോകാതിരിക്കാൻ നാടോടിക്കഥകളിലൂടെയും ബുറകഥകളിലൂടെയും സംരക്ഷിക്കപ്പെട്ട നായകന്മാരുടെ കഥകളും ലോകത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമമാണ് ‘രണബാലി’യെന്നും അദ്ദേഹം വ്യക്തമാക്കി. ആ നായകന്മാരെ ആഘോഷിക്കുന്ന സിനിമയാണിതെന്നും ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകർക്ക് ആ ലോകം അനുഭവിച്ചറിയാനാകുമെന്നും വിജയ് കൂട്ടിച്ചേർത്തു.

ചിത്രത്തെക്കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്കെതിരെയും വിജയ് പ്രതികരിച്ചു. തന്റെ ആത്മാർഥതയെ അഹങ്കാരമായും ആത്മവിശ്വാസത്തെ ആറ്റിറ്റ്യൂഡായും വ്യാഖ്യാനിക്കുന്നവർക്ക് വേണ്ടി താൻ മാറില്ലെന്നും അത്തരക്കാർ സ്വന്തം ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ നിരന്തരം താഴെയിറക്കാൻ ശ്രമിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും ചിലർ കൂട്ടമായി ഇത്തരം നെഗറ്റിവിറ്റി സൃഷ്ടിക്കുകയാണെന്നും വിജയ് ആരോപിച്ചു.

രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 19-ാം നൂറ്റാണ്ടിലെ റായലസീമയുടെയും ദക്ഷിണേന്ത്യയുടെയും ചരിത്രപശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ‘ദി ഗ്രേറ്റ് സൗത്ത് ഇന്ത്യൻ മദ്രാസ് ഫാമിൻ’ എന്നറിയപ്പെടുന്ന വലിയ ക്ഷാമത്തെക്കുറിച്ച് ഗവേഷണം നടത്തിയപ്പോഴാണ് ചിത്രത്തിന്റെ ആശയം രൂപപ്പെട്ടതെന്ന് സംവിധായകൻ പറഞ്ഞു. ക്ഷാമം മൂലം ലക്ഷക്കണക്കിന് ആളുകൾ മരിച്ച ചരിത്രം പാഠപുസ്തകങ്ങളിൽ വേണ്ടത്ര ഇടം നേടിയിട്ടില്ലെന്ന തിരിച്ചറിവാണ് ഈ കഥ സിനിമയാക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂർത്തിയാക്കിയതെന്നും രാഹുൽ പറഞ്ഞു. റായലസീമയിൽനിന്നുള്ള യോദ്ധാവിന്റെ കഥ ബുറകഥയുടെ രൂപത്തിൽ കേട്ടതോടെയാണ് സിനിമയെന്ന ആശയം മനസ്സിൽ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ് ദേവരകൊണ്ട യോദ്ധാവായ രണബാലിയായും രശ്മിക മന്ദാന ജയമ്മയായും എത്തുന്ന ചിത്രത്തിൽ ആർണോൾഡ് വോസ്‌ലൂ ഉൾപ്പെടെയുള്ളവരും അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമാണം. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.

അഭിനേതാക്കൾ: വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ആർണോൾഡ് വോസ്‌ലൂ തുടങ്ങിയവർ). ബാനർ: മൈത്രി മൂവി മേക്കേഴ്സ് അവതരണം: ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ് നിർമ്മാതാക്കൾ: നവീൻ യെർനേനി, വൈ. രവിശങ്കർ കഥ & സംവിധാനം: (രാഹുൽ സാംകൃത്യൻ) സഹനിർമ്മാതാക്കൾ: അനുരാഗ് പർവ്വതനേനി, ശിവ് ചാനൻ) സി.ഇ.ഒ: (ചെറി) സംഗീതം: അജയ്-അതുൽ, ഛായാഗ്രഹണം: നീരവ് ഷാ, ജിഷ്ണു ഭട്ടാചാർജി രചന: പ്രമോദ് തമ്മിനേനി പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസാനി. എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ. ചന്ദ്രശേഖർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, നൃത്തസംവിധാനം: കൃതി മഹേഷ് , കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, ആർട്ട് ഡയറക്ടർ: വിഠൽ കോസനം, വി.എഫ്.എക്സ് സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് എൻഗുയെൻ, റബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പി.ആർ.ഒ: സുരേഷ് - എസ്‌.കെ മീഡിയ, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

Tags:    
News Summary - Vijay Deverakonda on His Film Ranabaali: “It Will Be a Milestone in My Career”

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.