സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു
ദേശീയ പുരസ്കാര ജേതാക്കളായ നിർമാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദന്‍റെ ഉണ്ണി മുകുന്ദൻ ഫിലിംസും പുതിയ മലയാള ചിത്രത്തിനായി ഒന്നിക്കുന്നു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അരങ്ങേറ്റ സംവിധായകനായി മാറും. 'മാർക്കോ'ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യൻ സിനിമയിലെ മുൻനിര നിർമാണ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസ്, 'ഓംകാര', 'സ്പെഷ്യൽ 26', 'പ്യാർ കാ പഞ്ച്നാമ', 'റെയ്ഡ്', 'ഷൈത്താൻ', 'ദൃശ്യം' ഫ്രാഞ്ചൈസി തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചവരാണ്. അമ്പതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പനോരമ സ്റ്റുഡിയോസിന്റെ അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' വൻ വിജയമായിരുന്നു. അദ്ദേഹം നിർമിച്ച് സംവിധാനം ചെയ്യുന്ന 'ദൃശ്യം: ദി കൺക്ലൂഷൻ' ഒക്ടോബർ 2-ന് റിലീസിനായി ഒരുങ്ങുകയുമാണ്.
'മാർക്കോ' എന്ന പാൻ-ഇന്ത്യൻ ഹിറ്റിന് ശേഷം ഉണ്ണി മുകുന്ദൻ മലയാള സിനിമയിലെ ശ്രദ്ധേയനായ പാൻ-ഇന്ത്യൻ താരമായി മാറി കഴിഞ്ഞിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ 'മേപ്പടിയാൻ' എന്ന ചിത്രത്തിലൂടെ നിർമാണ രംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച ഉണ്ണി മുകുന്ദൻ ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നത് ഇന്ത്യൻ സിനിമാ ലോകത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ 50-ാമത് ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്.
"ഉണ്ണി മുകുന്ദനുമായും അദ്ദേഹത്തിന്‍റെ നിർമാണ കമ്പനിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ശക്തനായ ഒരു പാൻ-ഇന്ത്യൻ താരമാണ് ഉണ്ണി. തന്‍റെ 50-ാമത് ചിത്രത്തിൽ രചയിതാവായും സംവിധായകനായും അദ്ദേഹം അരങ്ങേറുന്നത് ഈ കൂട്ടുകെട്ടിന് മാറ്റുകൂട്ടുന്നു. ഈ സിനിമയുടെ പ്രമേയത്തിലും ഉണ്ണിയുടെ ക്രിയേറ്റീവ് എനർജിയിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്.", സിനിമയെക്കുറിച്ച് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.
"എന്‍റെ 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്‍റെയും സംവിധായകന്‍റെയും കുപ്പായമണിയുന്നത് അതിന് കൂടുതൽ അർത്ഥം നൽകുന്നു. സ്വന്തം ശൈലിയിൽ കഥകൾ പറയണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടേയും പനോരമ സ്റ്റുഡിയോസിന്‍റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും ഈ സിനിമയ്ക്ക് വലിയ കരുത്ത പകരും. ഭാഷാതിർത്തികൾക്കപ്പുറം ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.", ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍.
ചിത്രത്തിന്‍റെ പേര്, അഭിനേതാക്കൾ, ചിത്രീകരണ തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.