അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ
തിയറ്ററിൽ എത്തും മുൻപേ ലീക്കായോ? വിവാദത്തിനിടയിലും പ്രീ-ബുക്കിങ് 55 മില്യൺ കടന്ന് 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ'
മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' തിയറ്ററുകളിൽ എത്താൻ ഇനി മൂന്ന് മാസം ബാക്കി നിൽക്കെ തന്നെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിന്റെ യുഎസ് പ്രീ-സെയിൽസ് ഇതിനോടകം 55 മില്യൺ ഡോളർ കടന്നതായി റിപ്പോർട്ട്. ഗ്ലോബൽ ബോക്സ് ഓഫീസ് ട്രാക്കറിന്റെ കണക്കുകൾ പ്രകാരമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
ഇതോടെ യുഎസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രീ-റിലീസ് ബുക്കിങ് നേടിയ ചിത്രങ്ങളിൽ ഒന്നായി ഡൂംസ്‌ഡേ മാറി. പ്രീ-സെയിൽസിൽ നിലവിൽ ഒന്നാമത് 'സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' ആണ്. 150 മില്യൺ ഡോളർ. രണ്ടാമത് 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' 130 മില്യൺ ഡോളർ, മൂന്നാമത് 'സ്‌പൈഡർ-മാൻ: നോ വേ ഹോം' -78 മില്യൺ ഡോളർ. ഇതിന് തൊട്ടുപിന്നിലായാണ് 55 മില്യണുമായി ഡൂംസ്‌ഡേ ഇടംപിടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡിസ്നി സിഎഫ്ഒ ഹ്യൂ ജോൺസ്റ്റണും ചിത്രം 50 മില്യൺ ഡോളറിന്റെ പ്രീ-സെയിൽസ് മറികടന്നതായി സ്ഥിരീകരിച്ചിരുന്നു. ചിത്രത്തെ സംബന്ധിച്ച മറ്റൊരു വലിയ ആകർഷണം ക്യാപ്റ്റൻ അമേരിക്കയായി തിളങ്ങിയ ക്രിസ് ഇവാൻസിന്റെ തിരിച്ചുവരവാണ്. റോബർട്ട് ഡൗണി ജൂനിയർ ഇത്തവണ വില്ലനായ ഡോക്ടർ ഡൂമായി എത്തുമ്പോൾ, ക്രിസ് ഇവാൻസും പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇത് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. അതേസമയം ചിത്രം പുതിയ വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ 2160p പൂർണ പതിപ്പ് ഓൺലൈനിൽ ലീക്കായെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ടെലിഗ്രാം അടക്കമുള്ള പ്രൈവറ്റ് ഗ്രൂപ്പുകളിൽ ചിത്രം പ്രചരിക്കുന്നുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. റോബർട്ട് ഡൗണി ജൂനിയറിന്റെ ഡോക്ടർ ഡൂമിന്റെയും തകർന്ന സെന്റിനലുകളുടെയും ചിത്രങ്ങളും ക്ലിപ്പുകളും എന്ന പേരിൽ ചില ദൃശ്യങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഇത് യഥാർത്ഥമാണോ അതോ എഐ നിർമിതമാണോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആരാധകരെ ആവേശത്തിലാക്കാൻ മാർവൽ പുതിയ പ്രൊമോഷൻ തന്ത്രങ്ങളുമായി എത്തുകയാണ്. സെപ്റ്റംബർ 25 വെള്ളിയാഴ്ച തിയറ്ററുകളിൽ വീണ്ടും എത്തുന്ന 'അവഞ്ചേഴ്‌സ് എൻഡ്ഗെയിം: എൻകോർ' എന്ന ചിത്രത്തിനൊപ്പം 'ഡൂംസ്‌ഡേ'യുടെ എക്സ്ക്ലൂസീവ് ട്രെയിലർ പ്രദർശിപ്പിക്കുമെന്നാണ് സൂചന. ഐമാക്സ്, ഇൻഫിനിറ്റി വിഷൻ സ്‌ക്രീനുകളിൽ കാണുന്നവർക്ക് കൂടുതൽ ഫൂട്ടേജുകളും ലഭിക്കും.ഡിസംബർ 18ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.