‘ഇത് നസ്ലെൻ തൂക്കി’; വമ്പൻ താരനിരയുമായി അമൽ നീരദിന്‍റെ ‘ബാച്ചിലർ പാർട്ടി ദ്യു' സ്റ്റൈലിഷ് ഫസ്റ്റ് ലുക്ക്
2012 ൽ മലയാള സിനിമയിൽ സ്റ്റൈലിന്റെ പുതിയ ഭാഷ്യം എഴുതിയ ചിത്രമായിരുന്നു അമൽ നീരദിന്റെ 'ബാച്ച്‌ലർ പാർട്ടി'. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് സുകുമാരൻ, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ത്രില്ലറും ആക്ഷനും സ്റ്റൈലും ഒത്തുചേർന്ന ചിത്രം അന്നത്തെ യുവാക്കൾക്കിടയിൽ വലിയ ട്രെൻഡ് ആയിരുന്നു. ആ ചിത്രത്തിന് 13 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗവുമായി അമൽ നീരദ് എത്തുന്നത് എന്നതാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നത്.
രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടർച്ചയാണോ അതോ അതേ പേരിൽ പുതിയ കഥയുമായി എത്തുന്ന ചിത്രമാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ടൈറ്റിലിലെ D'EUX എന്ന ഫ്രഞ്ച് വാക്ക് തന്നെ ചിത്രം അന്താരാഷ്ട്ര തലത്തിൽ എന്തൊക്കെയോ കണക്ട് ചെയ്യുന്ന കഥയായിരിക്കും എന്ന സൂചന നൽകുന്നുണ്ട്. അമൽ നീരദ് ബ്രാൻഡ് മാസ്സും സ്റ്റൈലിഷ് മേക്കിങ്ങും തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഉറപ്പാണ്.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ താരനിര തന്നെയാണ്. മലയാളത്തിലെ മൂന്ന് തലമുറയിലെ താരങ്ങളെ ഒരുമിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അണിയറ പ്രവർത്തകർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പോസ്റ്ററിൽ ടൊവിനോ തോമസ് ഒഴികെയുള്ള എല്ലാവരെയും കാണാം. സ്റ്റൈലിഷ് ലുക്കിൽ സ്യൂട്ടും ഗ്ലാസും അണിഞ്ഞാണ് എല്ലാവരും നിൽക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നസ്‌ലന്റെ ലുക്കാണ്. അല്പം വ്യത്യസ്തമായ മുടിയും താടിയുമൊക്കെയായി തികച്ചും സ്റ്റൈലിഷ് ആയിട്ടാണ് നസ്‌ലൻ പ്രത്യക്ഷപ്പെടുന്നത്. ‘നസ്‌ലൻ തൂക്കി, നസ്‌ലൻ ഫയർ’ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അതേസമയം ഫസ്റ്റ് ലുക്കിൽ ടൊവിനോയെ കാണാത്തത് ആരാധകരുടെ ആകാംഷ വർധിപ്പിക്കുന്നുണ്ട്.
ടൊവിനോ എവിടെ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ ടൊവിനോ ഒരു കാമിയോ വേഷത്തിൽ മാത്രമാണോ അതോ സർപ്രൈസ് വേഷത്തിൽ ആണോ എത്തുന്നത് എന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. പോസ്റ്ററിൽ നിന്ന് മനപ്പൂർവം ഒഴിവാക്കിയതാണോ എന്നും പലരും സംശയിക്കുന്നു. നവംബർ 19ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. അപ്പു പ്രഭാകരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'തല്ലുമാല' അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ മൂന്ന് വൻ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത് എന്നതും പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.