'എന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്തത് പ്രശ്നമല്ല; വിനായകനെക്കുറിച്ച് ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങളാണ് വേദനിപ്പിച്ചത്' - റിമ കല്ലിങ്കൽ

വിനായകന്‍ തന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതില്‍ പ്രതികണവുമായി നടി റിമ കല്ലിങ്കല്‍. തന്നെ അഭിനന്ദിക്കാനാണ് ആ ഫോട്ടോ വിനായകൻ പോസ്റ്റ് ചെയ്തതെന്നാണ് താൻ കരുതുന്നതെന്ന് ഒരു അഭിമുഖത്തിൽ റിമ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു റിമയുടെ ഒരു ഗ്ലാമറസ് ചിത്രം വിനായകന്‍ പങ്കുവച്ചത്. കാപ്ഷനുകൾ ഒന്നും ഇല്ലാതെയാണ് വിനായകന്റെ ഫോട്ടോ പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

”എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടത് എന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റെയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെ ഉണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തു കളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അത് അഭിനന്ദനമായിട്ടേ കാണൂ” റിമ പറഞ്ഞു.

‘കമ്മട്ടിപ്പാടം’ സിനിമക്ക് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ല എന്നും റിമ പറഞ്ഞു. ”കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുകയും സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയുമൊക്കെ ചെയ്ത വിനായകനെ എനിക്കറിയാം. പക്ഷെ അത് കഴിഞ്ഞുള്ള വിനായകനെ നേരിട്ട് പരിചയമില്ല.”

”ആ ഫോട്ടോ ഇട്ടത് എന്നെ ബാധിച്ചിട്ടേയില്ല. പക്ഷെ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചിട്ടുണ്ട്. അതാണ് എന്നെ ബാധിക്കുന്നത്. ഞാന്‍ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ പ്രതികരിക്കും. പക്ഷെ ഫോട്ടോയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല” റിമ പറഞ്ഞു.

വിനായകൻ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ പെണ്‍കുട്ടിയെ പിന്തുണച്ച് റിമ രംഗത്തെത്തിയിരുന്നു.

യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചതായി വെളിപ്പെടുത്തിയത്. 'നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്' എന്ന് പറഞ്ഞാണ് യുവതി കുറിപ്പ് എഴുതിയത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്ന് യുവതി പറയുന്നു. യുവതി ഫോണ്‍ റെക്കോർഡ് പോലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.