സെക്‌സിസ്റ്റ് ട്രെയ്‌ലർ ഗീതു മോഹൻദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്; ടോക്സിക്ക് വിവാദത്തിൽ മറുപടിയുമായി ഡബ്ല്യു.സി.സി

ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ യഷ് നായകാനായെത്തുന്ന ചിത്രമാണ് ടോക്സിക്ക്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പ്രമോഷൻ വീഡിയോ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന തരത്തിൽ ഏറെ ചർച്ച ഉടലെടുത്തിരുന്നു. ഈ വിവാദങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിമൻ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യു.സി.സി). 'ടോക്സിക്കിനെ'നെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ വേദിയിലുയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡബ്ല്യു.സി.സി. സംഘടന അംഗമായ മിറിയം ജോസഫ് ആണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ പറയുമെന്നും ഞങ്ങൾക്കിടയിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ മാത്രം കാര്യമാണെന്നുമായിരുന്നു മിറിയം ജോസഫിന്റെ പ്രതികരണം.

'ഡബ്ല്യു.സി.സിയ്ക്കുള്ളിൽ പല ചർച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങൾ പത്രക്കാർക്ക് കൊടുക്കാറില്ല. ഞങ്ങൾ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ് ചെയ്യാനും പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സ്‌സിസ്‌റ്റ്‌ ആയിട്ടുളള കാര്യങ്ങൾ കാണുന്നത് ഇഷ്‌ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയും. അതുകൊണ്ടാണ് ഇതൊരുസംഘടനയായി നിലനിൽക്കുന്നത്. ഗീതു മോഹൻദാസ് ഇപ്പോഴും സംഘടനയിലെ അംഗം തന്നെയാണ്.

നിങ്ങളുടെ പ്രവർത്തനം എന്താണ് ? നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് "അമ്മ" സംഘടനയോട് ചോദിക്കാറുണ്ടോ?. ഡബ്ല്യു.സി.സിയോട് മാത്രം എന്തുകൊണ്ട് ഇതെല്ലാം ചോദിക്കുന്നു. സെക്‌സിസ്‌റ്റ്‌ ട്രെയിലർ ഗീതു മോഹൻദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്. സെക്സിസ്‌റ്റ് ട്രെയിലർ ഉണ്ടാക്കുന്ന പുരുഷന്മാരോട് ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ടോ ? ഇവിടെ ഞങ്ങൾ ആരും പുണ്യാളന്മാരല്ല. എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമ പ്രവർത്തകരാണ്. ചില കാര്യങ്ങൾ മാറ്റണം. ചില നിലപാടുകൾ മാറ്റണം. അത് ഇനി നിങ്ങൾ എന്ത് ചോദിച്ചാലും ഞങ്ങൾ ഇവിടെ തന്നെ കാണും. ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല,' മിറിയം പറഞ്ഞു.

Tags:    
News Summary - WCC's Reply about toxic Movie Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.