മുംബൈ: തന്റെ സംവിധാന അരങ്ങേറ്റമായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’ പരമ്പരക്കെതിരെ മുൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരണവുമായി സംവിധായകൻ ആര്യൻ ഖാൻ. പരമ്പരയിലൂടെ ആർക്കെതിരെയും അനാദരവ് കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മറിച്ച് സ്വയം വിമർശിക്കാനാണ് ലക്ഷ്യമിട്ടതെന്നും ആര്യൻ ഖാൻ വ്യക്തമാക്കി.
മയക്കുമരുന്ന് കേസ് സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധാനം ചെയ്ത ഈ സീരീസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പരമ്പരയിൽ തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നെറ്റ്ഫ്ലിക്സിനും ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും സമീർ വാങ്കഡെ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
പരമ്പര മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നിഷേധാത്മകമായ ചിത്രീകരണം പ്രചരിപ്പിക്കുന്നുവെന്നും അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്നുവെന്നും വാങ്കഡെ ആരോപിച്ചു. കൂടാതെ പരമ്പര സംപ്രേഷണം ചെയ്തത് മുതൽ തനിക്കും കുടുംബത്തിനുമെതിരെ ട്രോളുകളും ഭീഷണികളും വരുന്നുണ്ടെന്നും വാങ്കഡെ ആരോപിച്ചു.
വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യൻ ഖാൻ പരമ്പരയുടെ ഉള്ളടക്കത്തെയും ക്രിയേറ്റീവ് ലക്ഷ്യത്തെയും കുറിച്ച് വിശദീകരിച്ചത്. തന്റെ പരമ്പരയിലൂടെ ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്‍റെ ജീവിതം തന്നെയാണ് ചിത്രീകരിക്കാൻ ആഗ്രഹിച്ചതെന്നും ആര്യൻ ഖാൻ വ്യക്തമാക്കി.
പരമ്പരയുടെ പ്രമേയം പോലും അത്തരത്തിലാണ് തീരുമാനിച്ചതെന്നും അതിന് വേണ്ട മാനദണ്ഡങ്ങൾ ക്രിയേറ്റീവ് ടീമുമായി ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു എന്നും ആര്യൻ ഖാൻ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പരമ്പരയുടെ ഓരോ ഘട്ടങ്ങളെക്കുറിച്ചും ആര്യൻ ഖാൻ വിശദമായി സംസാരിച്ചു.
‘പരമ്പരയിലൂടെ സ്വയം അവഹേളിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ അതെവിടെയും അനാദരവ് കാണിച്ചിട്ടാകരുത്. ഈ നിലപാട് പരമ്പര നിർമിക്കുന്നതിന് മുന്നേ ഏറ്റെടുത്തതാണ്. സംരക്ഷണച്ചുമതലകൾ ഞങ്ങളിൽ സ്വയം അടിച്ചേൽപ്പിക്കപ്പെട്ടവയായിരുന്നു. കാരണം ബോളിവുഡ് വ്യവസായത്തെക്കുറിച്ച് എന്തെങ്കിലും ഉണ്ടാക്കുകയും വ്യവസായത്തിന്റെ ഭാഗമാകുകയും വേണമെന്നും, ബഹുമാനം ഉണ്ടായിരിക്കണമെന്നും നിർബന്ധമാണ്. എന്നാൽ ആളുകൾക്ക് തമാശകൾ ഏറ്റെടുക്കാൻ കഴിയണം. അതിനായി സ്വയം ഒരു തമാശ എടുത്ത് സ്നേഹം പ്രചരിപ്പിക്കുക എന്നതാണ് പ്രധാനം. അതിന് താൻ തന്നെ ഒരു തമാശയാക്കി കാണിക്കാനാണ് ശ്രമിച്ചത്. എന്നാൽ അതോടൊപ്പം തന്നെ അനാദരവ് കാണിക്കാതിരിക്കാനും അതിരുകൾ കടക്കാതിരിക്കാനും വേണ്ടിയാണ് മറ്റുള്ളവരെ അവഹേളിക്കുന്നതിന് പകരം സ്വയം അവഹേളിക്കുന്നതിന് ശ്രമിച്ചത്’.
റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ഈ പരമ്പര ആര്യൻ ഖാനും സഹ-സ്രഷ്ടാക്കളായ ബിലാൽ സിദ്ദിഖിയും മാനവ് ചൗഹാനും ചേർന്നാണ് സംവിധാനം ചെയ്തത്. ബോബി ഡിയോൾ, ലക്ഷ്യ, സഹേർ ബംബ, രാഘവ് ജുയൽ, മനോജ് പഹ്‌വ, മോന സിങ്, മനീഷ് ചൗധരി, അന്യ സിങ്, വിജയന്ത് കോഹ്‌ലി, ഗൗതമി കപൂർ, രജത് ബേദി എന്നിവരടങ്ങുന്ന ഒരു കൂട്ടം അഭിനേതാക്കൾ ഈ ബോളിവുഡ് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. അതിഥി താരങ്ങളായി ഷാറുഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി ആളുകൾ അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.