ആദ്യ മൂന്ന് ദിവസത്തെ കലക്ഷൻ ഒരു കോടി മാത്രം; ബോക്സ് ഓഫിസിൽ തകർന്ന് വൃഷഭ

മോഹൻലാലിന്‍റെ ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ഫാന്‍റസി ആക്ഷൻ ചിത്രമായ വൃഷഭക്ക് ബോക്സ് ഓഫിസിൽ വൻ തകർച്ച. പുറത്തിറങ്ങി ആദ്യ ശനിയാഴ്ച ചിത്രത്തിന് രാജ്യവ്യാപകമായി 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് റിലീസായ മോഹൻലാലിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ബറോസിനെക്കാൾ വലിയ പരാജയമായി വൃഷഭ മാറിയെന്നാണ് വിലയിരുത്തൽ. ഈ രീതിയിലാണെങ്കിൽ ചിത്രത്തിന്‍റെ ആകെ കലക്ഷൻ മൂന്ന് കോടിയിൽ താഴെയായേക്കാം.

ആദ്യ ദിനം ആഭ്യന്തരമായി വെറും 60 ലക്ഷം രൂപയാണ് ചിത്രം നേടിയത്. സാക്‌നിൽക് റിപ്പോർട്ട് അനുസരിച്ച് വൃഷഭ രണ്ടാം ദിവസം 22 ലക്ഷവും മൂന്നാം ദിവസം വെറും 24 ലക്ഷവുമാണ് നേടിയത്. ആദ്യ മൂന്ന് ദിവസത്തെ ചിത്രത്തിന്‍റെ ഇന്ത്യൻ കലക്ഷൻ ഒരു കോടിയാണ്. വിദേശത്ത് നിന്ന് 20 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയത്. 70 കോടി ബജറ്റ് കണക്കിലെടുക്കുമ്പോൾ ചിത്രം വൻ പരാജയമാകുമെന്നാണ് സൂചന. എമ്പുരാൻ ആദ്യ ദിനം ലോകമെമ്പാടുമായി 65 കോടി രൂപ നേടിയിരുന്നു.

ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പുരാണവും ആധുനികതയും കൂടിച്ചേരുന്ന കഥയാണ് ചിത്രം പറയുന്നത്. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ്.ആർ.കെ., ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ ഭാഷകളിൽ കൂടി റിലീസ് ചെയ്തു.

ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ നിർവഹിച്ചിരിക്കുന്നു. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിച്ചത്. 

Tags:    
News Summary - Vrusshabha box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.