'അഭിനയിച്ചോണ്ടിരിക്കുമ്പോ മരിക്കണോടോ, തനിയ്ക്കറിയോ..?' -കാലം സുമേഷേട്ടനോട് നീതി കാട്ടിയെന്ന് മണികണ്ഠൻ

'മറിമായ'ത്തിലെ സുമേഷിനെ പ്രേക്ഷകർക്ക് ചിരപരിചിതനാക്കിയ നടൻ ഖാലിദിന്റെ നിര്യാണം അഭിനയരംഗത്തുള്ളവർക്കും കാണികൾക്കും തീരാവേദനയാണ് സമ്മാനിച്ചത്. ഹൃദയം കൊണ്ടഭിനയിയ്ക്കുന്ന നടനായിരുന്നു അദ്ദേഹമെന്നാണ് വേർപാടിന്റെ വേദനയിൽ സഹനടൻ മണികണ്ഠൻ എഴുതിയ കുറിപ്പിൽ പറയുന്നത്.

ഷൂട്ടിങ് സൈറ്റിൽ ഒഴിവുനേര വർത്തമാനങ്ങളിൽ 'അഭിനയിച്ചോണ്ടിരിയ്ക്കുമ്പൊ മരിയ്ക്കണോടോ, തനിയ്ക്കറിയോ..? ഒരു നടന് അതിലും വലിയ ഭാഗ്യം കിട്ടാനില്ല .......!!' എന്ന് ഖാലിദ്ക്ക പലപ്പോഴും പറയാറുണ്ടായിരുന്നുവത്രെ. ഒടുവിൽ, ഷൂട്ടിങ് സൈറ്റിൽവെച്ച് ​തന്നെ മരണം മാടിവിളിച്ച്, കാലം അദ്ദേഹത്തോട് നീതി കാട്ടിയതായും കുറിപ്പിൽ പറയുന്നു.

മേക്കപ്പ് മാൻ ആയിട്ടാണ് ഖാലിദ്ക്ക ആദ്യമായി സൈറ്റിൽ എത്തിയത്. നടൻ വിനോദ് കോവൂരിനായിരുന്നു ആദ്യമായി മേക്കപ്പ് ചെയ്തത്. പക്ഷേ, സംഗതി 'കുള'മായി. അര മണിക്കൂർ നേരത്തെ ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഡാൻസിന് മേയ്ക്കപ്പിട്ടതു പോലെയാണ് വിനോദ് കോവൂർ പുറത്തേയ്ക്ക് ഇറങ്ങി വന്നത്. പിന്നീട് അതെല്ലാം തുടച്ച് കളഞ്ഞു, കാര്യമായ മേക്കപ്പിടാതെയാണ് അഭിനയിച്ചതെന്നും മണികണ്ഠൻ അനുസ്മരിക്കുന്നു.

കുറിപ്പിന്റെ പൂർണ രൂപം:

'' സുമേഷേട്ടൻ ''........!!

സുമേഷേട്ടൻ്റെ ഭൗതിക ശരീരം കാൽവത്തി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചത് മുതൽ ഇടവിട്ട് മഴ പെയ്തു കൊണ്ടേയിരുന്നു. എന്നാൽ സംസ്കാര നേരത്ത് മഴ ശല്യമാകാതെ

പിൻവാങ്ങി നിന്നത് ഭാഗ്യം. തുടർന്നും വൻ മഴ തന്നെയായിരുന്നു.

'' അഭിനയിച്ചോണ്ടിരിയ്ക്കുമ്പൊ മരിയ്ക്കണോടോ, തനിയ്ക്കറിയോ..?

ഒരു നടന് അതിലും വലിയ ഭാഗ്യം കിട്ടാനില്ല ''.......!!

ഒഴിവുനേര വർത്തമാനങ്ങളിൽ

ഖാലിദ്ക്ക പലപ്പോഴും ഇങ്ങനെ പറയുന്നത് ഞങ്ങളിൽ പലരും കേട്ടിട്ടുണ്ട്.!

കാലം അദ്ദേഹത്തോട് നീതി കാട്ടിയിരിയ്ക്കുന്നു....!

തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉയർച്ച താഴ്ച്ചകളിലൂടെ യാത്ര ചെയ്താണ്, പതിനൊന്ന് വർഷം മുമ്പ് ഖാലിദ്ക്ക എന്ന പ്രകാശം പരത്തുന്ന മനുഷ്യൻ മറിമായത്തിൻ്റെ പടി കടന്ന് വരുന്നത്. അന്നു മുതൽ ഇന്നുവരെ, ഒരിയ്ക്കൽ പോലും മുഷിച്ചിലുണ്ടാക്കുന്ന വാക്കോ, പ്രവൃത്തിയോ അദ്ദേഹത്തിൽ നിന്നുണ്ടായതായി ഞങ്ങൾക്കറിവില്ല. ഒന്നിനോടും പരിഭവിയ്ക്കുന്നതായി കണ്ടിട്ടില്ല. ഉള്ളതെന്തോ, അതിലദ്ദേഹം തൃപ്തിയും, ആനന്ദവും കണ്ടെത്തിയിരുന്നു.


ഗായകൻ, നർത്തകൻ, നാടക നടൻ, സംവിധായകൻ, മെജിഷ്യൻ, സൈക്കിൾ യജ്ഞക്കാരൻ തുടങ്ങി കലയുടെ സർവ്വ മേഖലകളും താണ്ടിയാണ് ഖാലിദ്ക്കയുടെ മറിമായത്തിലേയ്ക്കുള്ള രംഗപ്രവേശം. ഇവിടെ ആദ്യമദ്ദേഹം മേക്കപ്പ്മാൻ്റെ റോളിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.

ആദ്യ ഷെഡ്യൂളിൽത്തന്നെയാണ് എന്നാണെൻ്റെ ഓർമ്മ. പ്രൊഡക്ഷൻ സൈഡിൽ ജോലി ചെയ്തിരുന്ന റഫീക്ക് എന്ന സുഹൃത്താണ് അദ്ദേഹത്തെ ലൊക്കേഷനിലേയ്ക്ക് കൂട്ടി വന്നത്.

ആദ്യ സീനിലേയ്ക്ക് ആവശ്യമുള്ളവരെ തയ്യാറാക്കാൻ പറഞ്ഞ് സംവിധായകനായ ആർ.ഉണ്ണികൃഷ്ണൻ മറ്റെന്തോ പ്ലാനിംഗിനായി തിരിച്ചു പോയി.

ഖാലിദ്ക്ക, ഏതോ ജാംബവാൻ്റെ കാലത്തേതാണെന്ന് തോന്നിയ്ക്കുന്ന ഒരു കറുത്ത തോൾ ബാഗ് മേശപ്പുറത്തേയ്ക്ക് എടുത്തു വച്ചു. ഉപയോഗിച്ച് പഴകിയ മേക്കപ്പ് സാധനങ്ങളുമായി വർഷങ്ങളോളം തട്ടിൻ പുറത്തിരുന്ന, നൂലുകൾ പിന്നിത്തുടങ്ങിയ ഒരു നരച്ച ബാഗായിരുന്നു അത്.

തട്ടിയാലും പോവാത്ത പൂപ്പലിൻ്റെ അവശേഷിപ്പുകളുള്ള ആ ബാഗ് അദ്ദേഹം സാവധാനം തുറന്നു. അതിനകത്തെ സാധന സാമഗ്രികൾ ഓരോന്നായി പുറത്തേയ്ക്കെടുത്ത് വച്ചു.

പത്തിഞ്ച് നീളത്തിലുള്ള ഒരു പൊട്ടിയ കണ്ണാടി, ഉപയോഗിച്ച് തേഞ്ഞ് തേഞ്ഞ് പൊടിഞ്ഞു പോയ ഒരു പാൻ കേക്കിൻ്റെ അളുക്ക്, ഉത്തരത്തിൽ പതിഞ്ഞ് ചത്ത ഗൗളിയെപ്പോലെ വിരൽ വലിപ്പത്തിലുള്ള ഒരു ചതഞ്ഞ ട്യൂബ്, ചാൺ നീളത്തിലുള്ള പരുപരുത്ത സ്പോഞ്ച് കഷ്ണം, വട്ടത്തിലും, നീളത്തിലുമുള്ള, പല്ലു പോയ ചീപ്പുകൾ. സ്പോഞ്ച് നനയ്ക്കാനുള്ള വെള്ളമെടുക്കാൻ ഒരു ഞണുങ്ങിയ പിഞ്ഞാണം. കുറെ തുണിക്കഷ്ണങ്ങൾ....

എന്തൊക്കെയോ കാലഹരണപ്പെട്ട സാധനങ്ങൾ വേറെയും.

നിമിഷങ്ങൾക്കകം മുറിയിലാകെ ഒരു പ്രത്യേക ഗന്ധം പരന്നു. മണം കിട്ടിയവർ മൂക്കു തുടച്ച് തല തിരിച്ചു. അന്വേഷിച്ചപ്പോൾ,

''അത്ര പഴക്കമൊന്നുമില്ല മോനേയിത് '' എന്ന് പറഞ്ഞ് സ്വതസിദ്ധവും, പ്രകാശം പരത്തുന്നതുമായ ആ ചിരിയും ചിരിച്ചു.

മേയ്ക്കപ്പിടാൻ ഉത്സാഹം കാണിച്ചത് വിനോദ് കോവൂരായിരുന്നു. ഖാലിദ്ക്ക ഒരു തുണിക്കഷ്ണം ചീന്തിയെടുത്ത് വെള്ളത്തിലൊപ്പിയെടുത്തു. പിന്നെയത് ചുരുട്ടിപ്പിഴിഞ്ഞ് മുഖം തുടച്ച് മേയ്ക്കപ്പ് ആരംഭിച്ചു. അര മണിക്കൂർ നേരത്തെ ഭഗീരഥ പ്രയത്നത്തിനൊടുവിൽ വിനോദ് കോവൂർ പുറത്തേയ്ക്ക് ഇറങ്ങി വന്നു.

ആഹാ....! ഗംഭീരമായിട്ടുണ്ട്.....!

എല്ലാവരും ചിരിയോടു ചിരി.

Normal മേക്കപ്പിനു പകരം ഡാൻസിന് മേയ്ക്കപ്പിട്ടതു പോലെയായിട്ടുണ്ട്. എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞിരിയ്ക്കുന്നു. പിന്നീട് അതെല്ലാം തുടച്ച് കളഞ്ഞു, അന്നാരും കാര്യമായ മേക്കപ്പിടാതെയാണ് അഭിനയിച്ചത്.

വന്ന കാര്യം നടന്നില്ലല്ലോ, അതു കൊണ്ട് ഖാലിദ്ക്കായെ പറഞ്ഞു വിട്ടു. അന്ന് പക്ഷേ അസോസ്സിയേറ്റ് ആയിരുന്ന സലീമിനോട് അദ്ദേഹം മോഹം പറഞ്ഞു, ''മോനേ ഞാനഭിനയിച്ചിട്ടുണ്ട്, മേക്കപ്പ് നോക്കണ്ട, ഞാൻ നടനാണ്, അഭിനയിയ്ക്കും''.

പിന്നീടൊരിയ്ക്കൽ പ്രായമായ ഒരാളുടെ വേഷമഭിനയിയ്ക്കാൻ ആളില്ലാതെ വന്നപ്പോൾ അതിനു വേണ്ടി സലിം, ( പ്യാരിജാതൻ ) അദ്ദേഹത്തെ തിരിച്ച് വിളിച്ചു. ഡയറക്ടർക്ക് കാര്യമായ താല്പര്യമില്ലാതിരുന്നിട്ടും സലിം സ്നേപൂർവ്വം നിർബന്ധിച്ചു. അങ്ങനെ ഖാലിദ്ക്ക വരുന്നു, അഭിനയിയ്ക്കുന്നു.

എന്നാൽ നടനെ അളക്കാനറിയുന്ന സംവിധായകൻ അദ്ദേഹത്തെ പിന്നീട് വിട്ടതേയില്ല. പേര് നിർദ്ദേശിച്ചതും സലീം തന്നെ. പ്രായമായ ആളല്ലേ, നമുക്ക് സുമേഷ് എന്ന് വിളിയ്ക്കാം. എല്ലാവരും ചിരിയോടെ പേര് വിളിച്ച് കയ്യടിച്ചു. തുടർന്ന്, എത്രയോ കഥാപാത്രങ്ങൾ...

എന്തെല്ലാം മുഹൂർത്തങ്ങൾ.....

അഭിനയിയ്ക്കുക എന്ന അദമ്യമായ താല്പര്യം അദ്ദേഹത്തിന് മറിമായത്തിലൂടെ സാധിച്ചിരിയ്ക്കുന്നു.

നാലാൾ കൂടുന്നിടത്ത് ജനം സുമേഷേട്ടനെ അന്വേഷിച്ചിരുന്നതിൻ്റെ പൊരുൾ ഞങ്ങൾ മനസ്സിലാക്കിയത് ഇതാണ്. കള്ളത്തരമില്ലാത്ത, മുഖവും, ചിരിയും. മുൻധാരണകളില്ലാത്ത, കളങ്കരഹിതമായ അഭിനയം. കിട്ടുന്ന കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പങ്ങൾ ബാധിയ്ക്കാത്ത സമ്പൂർണ്ണ സമർപ്പണത്തിന് സദാ ഒരുങ്ങി നില്ക്കുന്ന വിശാലമായ മനസ്സ്.ഒരു നടന് വേണ്ടത് ഇതൊക്കെയാണെന്ന് ഖാലിദ്ക്ക വിശ്വസിച്ചു.

കഥാപാത്രാവിഷ്കാരത്തിനുള്ള ഖാലിദ്ക്കയുടെ നിഗമനങ്ങൾ എല്ലാം ശരിയായിരുന്നു. മനസ്സും ശരീരവും ഒന്നിന് വേണ്ടി നിലകൊള്ളുന്ന അവസ്ഥയിലേയ്ക്ക് സ്വയം സഞ്ചരിയ്ക്കാൻ കഴിവുള്ള അപൂർവ്വം നടന്മാരിൽ ഒരാളായിരുന്നു സുമേഷേട്ടൻ. മാതൃകാപരമാണ്. ഹൃദയം കൊണ്ടഭിനയിയ്ക്കുന്ന നടന്മാരോടൊപ്പം അഭിനയിയ്ക്കാനാവുന്നതിൽപ്പരം ആനന്ദം മറ്റെന്തുണ്ട്....?!

'' സുമേഷേട്ടൻ ''......!!

Tags:    
News Summary - VP khalid sumesh memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.