'അഞ്ചാം പാതിര'യുടെ വിജയത്തിന് പിന്നാലെ വീണ്ടും ഒന്നിക്കുന്നു; ചാക്കോച്ചന്റെ പുതിയ ചിത്രവുമായി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്

കൊച്ചി: മലയാള സിനിമയിൽ വലിയ ചർച്ചയായ ക്രൈം ത്രില്ലർ 'അഞ്ചാം പാതിര'യുടെ വിജയത്തിന് പിന്നാലെ കുഞ്ചാക്കോ ബോബനും നിർമാതാവ് ആഷിഖ് ഉസ്മാനും വീണ്ടും കൈകോർക്കുന്നു. ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. നവാഗതനായ ജോർജ് ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ്.

'ഷാജഹാനും പരീക്കുട്ടിയും', 'വർണ്യത്തിൽ ആശങ്ക', 'അള്ള് രാമേന്ദ്രൻ', 'അഞ്ചാം പാതിര' എന്നീ ചിത്രങ്ങൾക്കുശേഷമാണ് കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ 'അഞ്ചാം പാതിര' ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ഈ ക്രൈം ത്രില്ലർ പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നു. ആറുവർഷത്തിനുശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രധാന ആകർഷണം.

പ്രണയനായകനെന്ന ഇമേജിൽനിന്ന് മാറി വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായ ഇടമുറപ്പിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. സമീപകാല ചിത്രങ്ങളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങളുമായി എത്തിയ താരം പുതിയ സിനിമയിൽ ഏത് തരത്തിലുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. ജോർജ് ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അതേസമയം, സിനിമയുടെ പേരോ മറ്റ് അഭിനേതാക്കളെയോ സംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ക്രിസ്മസ് റിലീസിന് ശേഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് വിവരം.

നിരവധി പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് കുഞ്ചാക്കോ ബോബൻ. അമൽ നീരദിന്റെ 'ബാച്ചിലർ പാർട്ടി ഡ്യൂ', 'ഹെയ്ൽ മേരി' തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്. ഇതിനിടെയാണ് 'അഞ്ചാം പാതിര'യിലൂടെ ശ്രദ്ധേയമായ കൂട്ടുകെട്ടിന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Kunchacko Boban and Aashiq Usman Reunite for New Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.