ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിച്ചെന്ന് ആരോപണം;‘ജോസഫി’ന്റെ ഹിന്ദി റീമേക്ക് ‘സൂര്യ’ക്ക് ഹൈക്കോടതി നോട്ടീസ്

സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന ‘ജോസഫി’ന്റെ ഹിന്ദി പതിപ്പായ ‘സൂര്യ’ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ ടീസർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമത്തിന് പ്രേരണയാകുന്നുവെന്നും ആരോപിച്ച് ഡോക്ടർമാർ നൽകിയ ഹരജിയിലാണ് നടപടി. വിഷയത്തിൽ കേന്ദ്ര സർക്കാറിനോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും (സി.ബി.എഫ്.സി) ചിത്രത്തിന്റെ നിർമാതാക്കളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് അമിത് മഹാജൻ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നവംബർ 16ന് കേസ് വീണ്ടും പരിഗണിക്കും. നവംബർ 20നാണ് ചിത്രം തിയറ്ററുകളിലെത്താൻ നിശ്ചയിച്ചിരുന്നത്.

ടീസർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്യാൻ ഇടക്കാല ഉത്തരവ് വേണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതിൽ ഉത്തരവിട്ടിട്ടില്ല. ചിത്രത്തിന്റെ ടീസർ ആരോഗ്യപ്രവർത്തകർക്കെതിരായ പൊതുജനവികാരം ഇളക്കിവിടാൻ സാധ്യതയുണ്ടെന്ന് ഹരജിക്കാർ ആരോപിക്കുന്നു. രോഗികളുടെ ബന്ധുക്കളിൽനിന്ന് ഡോക്ടർമാർ ആക്രമണങ്ങൾ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം ചിത്രീകരണം അപകടകരമാണെന്നാണ് ഹരജിയിലെ വാദം.

മലയാള ചിത്രം ‘ജോസഫി’ന്റെ ഹിന്ദി പതിപ്പാണ് ‘സൂര്യ’. 2018ൽ പുറത്തിറങ്ങിയ ‘ജോസഫ്’ സംവിധാനം ചെയ്തത് എം. പത്മകുമാറാണ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അവയവക്കടത്ത് കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ‘അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടത്’ എന്നും ‘വൈദ്യസംവിധാനത്തിലെ ഞെട്ടിക്കുന്ന സത്യം’ വെളിപ്പെടുത്തുന്നതാണെന്നും ടീസർ അവകാശപ്പെടുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കഥ സാങ്കൽപികമാണെന്നും ഈ അവതരണം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാമെന്നുമാണ് അവരുടെ ആരോപണം. ടീസറിന് താഴെ സമൂഹമാധ്യമങ്ങളിൽ വന്ന ചില പ്രതികരണങ്ങളിൽ ഡോക്ടർമാർക്കെതിരായ ഭീഷണികളും അക്രമത്തിന് ആഹ്വാനവും ഉണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. നവംബർ 20 ന് റിലീസിന് തയാറെടുക്കുമ്പോഴാണ് ചിത്രം നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്. എം. പത്മകുമാറിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് 'സൂര്യ'.

Tags:    
News Summary - HC Notice to Sunny Deol’s Suryaa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.