36 വർഷം മു​മ്പ്​ ജനുവരിയിലും 'വെള്ളം' റിലീസ്​ ചെയ്​തു; എം.ടിയുടെ രചനയിൽ, ഹരിഹരന്‍റെ സംവിധാനത്തിൽ- നിർമിച്ചത്​​ നടൻ ദേവൻ

കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം തീയറ്റർ തുറക്കു​​േമ്പാൾ ആദ്യ മലയാള സിനിമയായി ജയസൂ​ര്യ ചിത്രം 'വെള്ളം'ജനുവരി 22ന്​ റിലീസ്​ ചെയ്യാനിരിക്കേ, 36 വർഷം മുമ്പ്​ ജനുവരിയിൽ തീയറ്ററുകളിലെത്തിയ '​വെള്ളം' എന്ന സിനിമ ഓർത്തെടുക്കുകയാണ്​ ചലച്ചിത്രപ്രേമികൾ.

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത 'വെള്ളം' അന്നത്തെ ബിഗ് ബജറ്റ് സിനിമയായിരുന്നു. നിർമിച്ചത്​ നടൻ ദേവനും. 1982ൽ നിർമിച്ച ഈ സിനിമ ചില സാമ്പത്തിക പ്രതിസന്ധികൾ മൂലം 1985 ജനുവരി 11നാണ്​ റിലീസ്​ ചെയ്​തത്​. നസീർ, മധു, സത്താർ, സുകുമാരൻ, ബാലൻ കെ. നായർ, അടൂർ ഭാസി, ബഹദൂർ, ജി.കെ. പിള്ള, ഒടുവിൽ ഉണ്ണികൃഷ്​ണൻ, കെ.ആർ. വിജയ, ശ്രീവിദ്യ, മേനക, സുകുമാരി തുടങ്ങിയ താരങ്ങൾ അണിനിരന്ന സിനിമ പക്ഷേ, തീയറ്ററിൽ പരാജയമായിരുന്നു.

എൻ.എൻ. പിഷാരടിയുടെ പ്രസിദ്ധമായ നോവൽ ആധാരമാക്കിയാണ്​ എം.ടി ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചത്​. അന്നത്തെ കാലത്ത്​ സാ​ങ്കേതികമായി ഏറെ മികവ്​ പുലർത്തിയിരുന്ന സിനിമയായിരുന്നു ഇത്​. ചിത്രത്തിന്‍റെ ക്ലൈമാക്സിലെ പ്രളയരംഗങ്ങൾ ചെന്നൈയിൽ സെറ്റ് ഒരുക്കിയാണ് ചിത്രീകരിച്ചത്​. കടുത്ത ജലക്ഷാമം ഉള്ള ചെന്നൈയിൽ ഇത്രയധികം വെള്ളം ഉപയോഗിച്ച്​ ചിത്രീകരണം നടത്തിയത്​ അന്ന്​ വലിയ വാർത്തയായിരുന്നു.

മധു, പ്രേംനസീർ എന്നിവരുടെ മത്സരാഭിനയം ആയിരുന്നു സിനിമയുടെ ഹൈലൈറ്റ്​. എം.ടിയുടെ മികച്ച സംഭാഷണങ്ങൾ ഇവരിലൂടെ കേട്ടതിന്‍റെ ഫീൽ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന്​ അന്നത്തെ തലമുറയിലെ പലരും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു തലമുറയുടെ കഥയായതിനാൽ ചെറുപ്പമായും വൃദ്ധരായും ഇതിലെ ഓരോ അഭിനേതാക്കളും എത്തുന്നുണ്ട്​. ഇന്ന​ത്തെ ഭാഷയിൽ പറഞ്ഞാൽ മാസ്സ്​ ആയിരുന്നു മധുവിന്‍റെ വേഷം. പ്രായമുള്ള വേഷത്തിനായി പ്രേംനസീർ ശബ്​ദമാറ്റം വരുത്തിയതും അന്ന്​ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുല്ലനേഴിയുടെ ഗാനങ്ങൾ, ദേവരാജൻ മാസ്റ്ററുടെ സംഗീതം, മെല്ലി ഇറാനിയുടെ ക്യാമറ, എം.എസ്. മണിയുടെ എഡിറ്റിങ്​, എസ്. കൊന്നനാട്ടിന്‍റെ ആർട്ട്‌ എന്നിവയും ഒന്നിനൊന്ന്​ മികച്ചതായി. സലിൽ ചൗധരിയുടെ പശ്​ചാത്തല സംഗീതമായിരുന്നു മ​റ്റൊരു ​പ്രത്യേകത. ഇതിലെ ഒരു സീനിൽ വരുന്ന ട്യൂൺ പിന്നീട് അദ്ദേഹം 'ഈ ഗാനം മറക്കുമോ' എന്ന സിനിമയിലെ 'ഈ കൈകളിൽ' എന്ന ഗാനമാക്കി മാറ്റിയിട്ടുണ്ട്. വെള്ളം പൊങ്ങി വരുന്നതു പോലുള്ള ടൈറ്റിൽ ഉണ്ടാക്കിയ പി.എൻ. മേനോനും അന്ന്​ ഏറെ അഭിനന്ദനങ്ങൾ നേടി.

അമ്മയും മകളുമായി അഭിനയിച്ച കെ.ആർ. വിജയയുടെയും മേനകയുടെയും വേഷങ്ങൾ ആദ്യം ചെയ്തത് ഷീലയും സുമലതയും ആയിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരെയും മാറ്റിയതും അന്ന്​ വാർത്തയായിരുന്നു. സിനിമയുടെ എച്ച്​ഡി പ്രിന്റ് യൂട്യൂബിൽ ലഭ്യമാണ്​.

Tags:    
News Summary - Vellam movie released 36 years ago in malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.