വാഴ 2  പോസ്റ്റർ

വാഴ 2 ഇനി തെലുങ്കിലേക്ക്; ട്രെയിലർ പുറത്തിറക്കി നടൻ നാനി

മലയാളത്തിൽ വൻ വിജയം കൊയ്ത 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' ഇനി തെലുങ്ക് പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ നടൻ നാനി സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ലോകമെമ്പാടും ചിത്രം നേടിക്കൊണ്ടിരിക്കുന്ന വൻ സ്വീകാര്യതയിൽ അണിയറപ്രവർത്തകരെ നാനി അഭിനന്ദിച്ചു.

തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് നാനി ടീമിന് ആശംസകൾ നേർന്നത്. "വാഴ 2-ന് ലോകമെമ്പാടും ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ അഭിനന്ദനങ്ങൾ. ഷൈൻ സ്‌ക്രീൻസ് ഈ ബ്ലോക്ക്ബസ്റ്റർ ഇവിടെ എത്തിക്കുന്നതിൽ സന്തോഷമുണ്ട്. സാഹു ഗാരപതി, വിപിൻ ദാസ്, സാവിൻ എസ്.എ. എന്നിവർക്കും മുഴുവൻ ടീമിനും ഏപ്രിൽ 24-ലെ റിലീസിന് എന്റെ എല്ലാ ആശംസകളും," നാനി സമൂഹമാധ്യമത്തിൽ കുറിച്ചു. സാഹു ഗാരപതിയുടെ ഷൈൻ സ്‌ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഏപ്രിൽ 24-നാണ് ചിത്രത്തിന്‍റെ റിലീസ്.

കേരളത്തിൽ ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി റെക്കോർഡിട്ട ചിത്രം ഇപ്പോൾ 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെയാണ് വാഴയുടെ പ്രദർശനം തുടരുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് 'വാഴ 2'. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് 200 കോടി കലക്ഷൻ കിട്ടുന്നത്.പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് 200 കോടിക്ക് മുകളിൽ കലക്ഷൻ കിട്ടുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സൂപ്പർതാര ചിത്രത്തിന് ലഭിക്കുന്ന ബുക്കിങ് നമ്പേഴ്‌സാണ് വാഴ 2 വിന് ലഭിക്കുന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്. ഒരുപറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായായി തിരശ്ശീല താഴ്ത്തുന്നു.

ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റർടെയ്നർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത് കൗമര പ്രശ്നങ്ങൾ, സൗഹൃദം, സഹോദര്യം, പ്രണയം , അധ്യാപകർ വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, തുടങ്ങിയവയൊക്കെ ചിത്രം എടുത്തു പറയുന്നുണ്ട്.

ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ്, പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കില്ലി എന്നിവർ ചേർന്നാണ് സംഗീതം നിർവഹച്ചത്.

Tags:    
News Summary - Vazhaa 2 to be made in Telugu; Actor Nani releases trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.