തിയറ്ററിന് പിന്നാലെ ഒ.ടി.ടിയിലും ‘രാമായണ’; സ്ട്രീമിങ് അവകാശം സ്വന്തമാക്കി ജിയോ ഹോട്ട്സ്റ്റാർ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലുമെത്തും. ചിത്രത്തിന്റെ ഓൺ-ഡിമാൻഡ് റിലീസ് അവകാശങ്ങൾ സ്വന്തമാക്കിയതായി ജിയോസ്റ്റാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീപാവലി റിലീസായി വരുന്ന ചിത്രം നവംബർ 5-നാണ്  ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ് രാമായണമെന്ന് ജിയോസ്റ്റാർ അധ്യക്ഷ നീത എം. അംബാനി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമയെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു

ഐമാക്സ് 3ഡി പോലുള്ള വൻകിട തിയറ്ററുകളിൽ അനുഭവിക്കേണ്ട ചിത്രമാണിതെങ്കിലും, തിയറ്റർ സൗകര്യങ്ങളില്ലാത്ത സാധാരണക്കാരിലേക്ക് എത്തിക്കാൻ ജിയോഹോട്ട്സ്റ്റാറുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവും ഡി.എൻ.ഇ.ജി സി.ഇ.ഒയുമായ നമിത് മൽഹോത്ര വ്യക്തമാക്കി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീധർ രാഘവന്റേതാണ്. ഓസ്കർ ജേതാക്കളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബെ, അരുൺ ഗോവിൽ, ലാറ ദത്ത, രാകുൽ പ്രീത് സിങ്, വിവേക് ഒബ്റോയ്, കുനാൽ കപൂർ, കാജൽ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

തിയറ്ററുകളിൽ വൻ ദൃശ്യാനുഭവമായി അവതരിപ്പിക്കാൻ ഒരുങ്ങുന്ന ‘രാമായണം’ പിന്നീട് ഒ.ടി.ടി.യിലൂടെയും ലഭ്യമാകുന്നതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ജിയോ ഹോട്ട്സ്റ്റാറിലെ സ്ട്രീമിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Ramayana to premiere on-demand on JioHotstar after theatrical release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.