'വാഴ 2' റിലീസ് തീയതി പ്രഖ്യാപിച്ചു; എത്തുന്നത് ദൃശ്യത്തിനൊപ്പം

2024-ൽ പുറത്തിറങ്ങിയ 'വാഴ' എന്ന ചിത്രത്തിന്റെ തുടർച്ചയായ 'വാഴ 2' റിലീസ് തീയതി പ്രഖ്യാപിച്ചു. ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് വാഴ 2 പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വാഴയിൽ ഇവർ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇവർക്കൊപ്പം സാബിർ എസ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, ദേവരാജ് ടി.ആർ തുടങ്ങിയവരും അഭിനയിക്കുന്നു.

വാഴ 2 സംവിധാനം ചെയ്യുന്നത് നവാഗതനായ സവിൻ എസ്.എ ആണ്. ആദ്യ ഭാഗത്തിന്റെ രചയിതാവായ വിപിൻ ദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അൽഫോൺസ് പുത്രൻ, സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരനും എഡിറ്റിങ് കണ്ണൻ മോഹനും നിർവഹിക്കുന്നു. വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തിനുള്ള സൂചന നൽകികൊണ്ടായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. ആഗസ്റ്റ് 15ന് തിയറ്ററിലെത്തിയ വാഴ ആദ്യ ഭാഗം മികച്ച കലക്ഷൻ നേടിയിരുന്നു. സിജു സണ്ണി, ജോമോൻ ജോതിർ, സാഫ് ബോയ്, അനുരാജ് ഒ.ബി, അമിത് മോഹന്‍ രാജേശ്വരി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇവര്‍ക്കൊപ്പം ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.  

Tags:    
News Summary - Vaazha 2 release date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.