തായ് കിഴവി
നടൻ ശിവകാർത്തികേയൻ നിർമിച്ച് രാധിക ശരത്കുമാർ പ്രധാന വേഷത്തിൽ എത്തിയ സിനിമയാണ് ‘തായ് കിഴവി’. കോമഡി ഡ്രാമയായി എത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുഗേശൻ ആണ്. മികച്ച പ്രതികരണങ്ങൾ ആണ് സിനിമക്ക് ലഭിക്കുന്നത്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കലക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 20.78 കോടിയാണ് സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് 15.51 കോടിയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 5.28 കോടിയുമാണ് സിനിമ സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ സിനിമ ഇനിയും കലക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.
തായ് കിഴവി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കോമഡി ഡ്രാമയാണ്. നടൻ ശിവകാർത്തികേയന്റെ ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പവുനുത്തായ് എന്ന കരുത്തുറ്റ ഗ്രാമീണ വനിതയെയാണ് രാധിക അവതരിപ്പിക്കുന്നത്. പണമിടപാടുകാരിയായ അവർ തന്റെ മക്കളുമായും നാട്ടുകാരുമായും നടത്തുന്ന രസകരവും വൈകാരികവുമായ ഇടപഴകലുകളിലൂടെയാണ് കഥ വികസിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും മാന്യതയെയും കുറിച്ചുള്ള ഗൗരവകരമായ സന്ദേശം തമാശ കലർത്തി ചിത്രം അവതരിപ്പിക്കുന്നു.
രാധിക ശരത്കുമാർ, സിങ്കംപുലി, ബാല ശരവണൻ, അരുൾദോസ്, മുനീഷ്കാന്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിവാസ് കെ. പ്രസന്നയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പഴയ തമിഴ് പാട്ടുകളുടെ മികച്ച ഉപയോഗം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. സിനിമയിലെ രാധിക ശരത്കുമാറിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ഗംഭീര ട്രാൻസ്ഫോർമേഷൻ ആണ് നടിയുടേതെന്നും തന്റെ മികച്ച പ്രകടനം കൊണ്ട് അവർ സിനിമയെ താങ്ങി നിർത്തുന്നു എന്നുമാണ് കമന്റുകൾ. തായ് കിഴവിക്ക് ശേഷം ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന സിനിമയിൽ ശിവകാർത്തികേയൻ ആണ് നായകനായി എത്തുന്നത്. സിയോൺ എന്നാണ് ശിവകാർത്തികേയന്റെ പുതിയ സിനിമയുടെ പേര്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.