മാസ് ക്ലാസ് ചിത്രങ്ങൾ മുതൽ ഹൊറർ ത്രില്ലർ വരെ; തിയറ്ററുകളിലെത്തുന്നത് വമ്പൻ ചിത്രങ്ങൾ

 ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു 2023 ൽ തിയറ്ററുകളിലെത്തിയത്. പോയവർഷം പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 പോലെ മികച്ച ചിത്രങ്ങളാണ് 2024ലും അണിയറയിൽ ഒരുങ്ങുന്നത്. ത്രില്ലർ മുതൽ ഫാമിലി ചിത്രങ്ങൾ വരെയുണ്ട് ഈ കൂട്ടത്തിൽ.

ഏബ്രഹാം ഓസ്‌ലർ


അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏബ്രഹാം ഓസ്‌ലർ. മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജനുവരി 11ന് ചിത്രം തിയറ്ററുകളിലെത്തും.

ആട്ടം


രാജ്യാന്തര മേളകളിൽ മികച്ച സ്വീകാര്യത ലഭിച്ച ചിത്രമാണ് ആട്ടം. ഗോവ രാജ്യാന്തര മേളയിൽ ഉദ്ഘാട സിനിമയായിരുന്ന ആട്ടത്തിന് സംസ്ഥാന ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ലഭിച്ചിരുന്നു. 12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുന്നു, ആ ക്രൈമിന്റെ ഇൻവെസ്റ്റിഗേഷൻ ആണ് സിനിമ. വിനയ് ഫോർട്ടിനൊപ്പം കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ജനുവരി അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

ഭ്രമയുഗം


ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ഒരു മന്ത്രവാദിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷം ചെയ്യുന്നു.

ടർബോ


മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കുന്നത്.

ബസൂക്ക


മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ‘ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.

മലൈക്കോട്ടൈ വാലിബൻ


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ജനുവരി 25ന് തിയറ്ററുകളിലെത്തും.

ബറോസ്


മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ത്രി ഡി ഫാന്റസി ചിത്രമാണ് ബറോസ്. വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

കത്തനാർ


‘ഹോം’ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. അനുഷ്ക ഷെട്ടിയാണ് നായിക. ആർ. രാമാനന്ദ് ആണ് തിരക്കഥ. ഗോകുലം ഗോപാലൻ ആണ് നിർമാണം. 2024 അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും.

ആടുജീവിതം


പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതത്തിൽ അമല പോൾ ആണ് നായിക. സംഗീതം എ.ആർ. റഹ്മാൻ.

ആവേശം


'രോമാഞ്ചം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു േശഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനാകുന്ന സിനിമ രോമാഞ്ചം സിനിമയുടെ സ്പിൻ ഓഫ് ആണെന്നും റിപ്പോർട്ടുകളുണ്ട്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വർഷങ്ങൾക്കു ശേഷം


‘ഹൃദയ’ത്തിന് ശേഷം പ്രണവിനെയും കല്യാണിയേയും കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം . നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

അജയന്റെ രണ്ടാം മോഷണം


ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. പൂര്‍ണമായും 3 ഡിയില്‍ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായിട്ടാണ് പുറത്ത് ഇറങ്ങുന്നത്.

ഗുരുവായൂരമ്പലനടയിൽ


‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത എന്നിവർ ചേര്‍ന്നാണ് നിർമാണം.

മാഞ്ഞുമ്മൽ ബോയ്സ്


ജാനേമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. സംഗീതം സുഷിൻ ശ്യാം.

നടികര്‍ തിലകം



ടൊവീനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം. സുവിന്‍ സോമശേഖരനാണ് തിരക്കഥ. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സൗബിൻ ഷാഹിർ ആണ് മറ്റൊരു പ്രധാന കഥാപാത്രം.

Tags:    
News Summary - Upcoming Malayalam Movie In 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.