ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമായ 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിലേക്ക്. ചിത്രത്തിന്റെ സുപ്രധാന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതാണ് അണിയറ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്.ഡി പതിപ്പുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ പല ഭാഗങ്ങൾ കട്ട് ചെയ്ത് ക്ലിപ്പുകളായാണ് പ്രചരിക്കുന്നത്. സെൻസർ നടപടികൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇത്തരമൊരു ചോർച്ച സംഭവിച്ചത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ ഇടപെടലോടെയാണ് പ്രതിസന്ധിയിലായത്. സിനിമയിലെ രാഷ്ട്രീയ പരാമർശങ്ങളും ചില രംഗങ്ങളും നീക്കം ചെയ്യാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് സെൻസർ ബോർഡ്. തുടർന്ന് നിയമപോരാട്ടത്തിലൂടെ ചിത്രം തിയറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് സിനിമാ വ്യവസായത്തെ തകർക്കുമെന്നും, നടന്റെ കരിയറിലെ നിർണായക ചിത്രം തിയറ്ററിൽ തന്നെ കാണണമെന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. വ്യാജ ലിങ്കുകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാനിരിക്കെ അദ്ദേഹത്തിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിട്ടാണ് 'ജനനായകൻ' വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമയായതിനാൽ തന്നെ ചിത്രത്തിന് വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. സംഭവത്തിൽ അണിയറ പ്രവർത്തകർ ഉടൻ തന്നെ നിയമനടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 500 കോടിയോളം രൂപ ചിലവിട്ടാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.