മലയാളി നഴ്സുമാരുടെ യുദ്ധാനന്തര ജർമൻ കുടിയേറ്റ ജീവിതം ചർച്ച ചെയ്ത് 'ട്രാൻസ്ലേറ്റഡ് ലൈവ്സ്'

കൊച്ചി: നിരവധി ദേശീയ, അന്തർദേശീയ മേളകളിൽ തെരഞ്ഞെടുക്കപ്പെടുക്കുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി 'ട്രാൻസ്ലെറ്റഡ് ലൈവ്സ്' ശശി തരൂർ എം.പി. പുറത്തിറക്കി. ശശി തരൂരിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.

കൗമാരക്കാരായ മലയാളി പെൺകുട്ടികളുടെ നഴ്‌സുമാരായിട്ടുള്ള ജർമൻ കുടിയേറ്റ ജീവിതവും ചരിത്രവും കാണാപുറങ്ങളും അനുഭവ സാക്ഷ്യങ്ങളും എല്ലാം ചർച്ച ചെയ്യുന്ന ഈ ഡോക്യുമെന്ററി നിർമിച്ചത് ജർമൻ മലയാളിയായ മാത്യൂ ജോസഫ് ആണ്. മൂന്നാമത് കൊൽക്കത്ത ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന പതിനൊന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, അന്തർദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ഈ ഡോക്യുമെന്ററി.

തിരക്കഥ-പോൾ സക്കറിയ, അവതരണം-ശശികുമാർ, ഛായാഗ്രഹണം-ശിവകുമാർ എൽ.എസ്, ചിത്രസംയോജനം- അജിത്കുമാർ ബി., സംഗീതം-ചന്ദ്രൻ വി., സൗണ്ട് ഡിസൈൻ-ഹരികുമാർ എൻ., തീം കൺസൽട്ടന്റ്: ജോസ് പുന്നംപറമ്പിൽ, ഡിസൈൻ-റാസി, സ്‌കെച്ചുകൾ-കെ.പി. മുരളീധരൻ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അനവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച വേലുത്തമ്പി ദളവയുടെ ചരിത്രം ചർച്ച ചെയ്ത 'ദി സ്വോർഡ് ഓഫ് ലിബർട്ടി', ദസ്തയെവിസ്‌കിയുടെ ജീവിതം വരച്ചിട്ട 'ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്', സാമൂഹിക പ്രവർത്തക ദയാബായിയുടെ ജീവിതത്തെ പറ്റിയുള്ള 'ഒറ്റയാൾ' എന്നിവയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്റെ പ്രധാന ഡോക്യുമെന്ററികൾ.


Full View


Tags:    
News Summary - 'Translated Lives' discusses the post-war German immigrant life of Malayalee nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.