അന്ന
യവന കഥയിലെ ഇടയകന്യകേ... മൂന്ന് പതിറ്റാണ്ടിന് ശേഷം 'അന്ന' വീണ്ടും; നിർമാണം ഏറ്റെടുത്ത് ടോമിച്ചൻ മുളകുപാടം
മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന സ്വപ്ന ചിത്രം 'അന്ന' വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്റെ നിർമാണ അവകാശം ടോമിച്ചൻ മുളകുപാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം പുതിയ തലമുറക്കായി അവതരിപ്പിക്കാനാണ് തീരുമാനം.
'പുലിമുരുകൻ' സിനിമയുടെ പത്താം വാർഷികത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നിവിൻ പോളി - ഗിരീഷ് എ.ഡി. ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ 'അന്ന' വീണ്ടും വലിയ ചർച്ചയായിരുന്നു. ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീതം നൽകി യേശുദാസ് പാടിയ 'യവന കഥയിൽ ഇടയ കന്യകേ' എന്ന ഗാനം പുതുതലമുറയുടെ ഇടയിലും വലിയ ഹിറ്റായി മാറിയിരുന്നു.
മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയെഴുതിയ പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം നടത്തുകയാണ്. 90കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ അന്ന എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നുവെന്ന് ടോമിച്ചൻ മുളകുപാടം പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം, ചിത്രത്തിലെ യവനകഥയിലെ ഇടയകന്യകേ എന്ന ഗാനം ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, അന്ന എന്ന സിനിമയെക്കുറിച്ച് ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉയർന്നു വന്നു. ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും വീണ്ടും പുതിയ തലമുറയിലേക്ക്, പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് അന്നയുടെ നിർമാണാവകാശം ഞാൻ ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമക്ക് ഇതൊരു പുതിയ തുടക്കമാണ്. ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ.
മുളകുപാടം ഫിലിംസിലൂടെ 'അന്ന' വീണ്ടും വെള്ളിത്തിരയിലേക്ക് എത്തും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. എഴുത്തുകാരൻ എൻ. മോഹനന്റെ സ്വപ്ന പദ്ധതിയായിരുന്നു അന്ന. ജോഷി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയും ശ്രീദേവിയുമായിരുന്നു പ്രധാന താരങ്ങൾ. എന്നാൽ അരവിന്ദ് സ്വാമിയുടെയും ശ്രീദേവിയുടെയും ഡേറ്റ് പ്രശ്നങ്ങളും മറ്റ് പല സാങ്കേതിക കാരണങ്ങളും മൂലം 30 വർഷം മുൻപ് ചിത്രം മുടങ്ങിപ്പോവുകയായിരുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ് പുറത്തിറങ്ങിയതോടെയാണ് ചിത്രം വീണ്ടും ചർച്ചയായത്. പിന്നാലെ തിരക്കഥ മോഷണം പോയെന്നും നഷ്ടപ്പെട്ടെന്നുമൊക്കെയുള്ള വാദങ്ങളും ഉയർന്നിരുന്നു. തുടർന്ന് എൻ. മോഹനന്റെ കുടുംബത്തെ സമീപിച്ച ടോമിച്ചൻ മുളകുപാടം തിരക്കഥയുടെ അവകാശം സ്വന്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.