ഖലീഫ

മാമ്പറയ്ക്കൽ ആമിർ അലിയുടെ കഥ ഒ.ടി.ടിയിലേക്ക്; പൃഥ്വിരാജിന്‍റെ 'ഖലീഫ' സ്ട്രീമിങ് ഉടൻ

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് എന്റർടെയ്നർ 'ഖലീഫ' ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ഒക്ടോബർ 9 മുതൽ ചിത്രം പ്രൈമിൽ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെയോ ആമസോൺ പ്രൈമിന്റെയോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ആക്ഷൻ ഡ്രാമയാണ് ഖലീഫ. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന് പേരുള്ള കരുത്തനായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്, മാളവിക ശർമ്മയാണ് നായിക. ഈ ചിത്രത്തിലൂടെയാണ് മാളവിക മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാം തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്. നീൽ നിതിൻ മുകേഷ്, ഇന്ദ്രൻസ്, രജിഷ വിജയൻ, കൃതി ഷെട്ടി, ഷമ്മി തിലകൻ, മോഹിനി, സഞ്ജു ശിവറാം തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം. ചമൻ ചാക്കോയാണ് എഡിറ്റിങ്  നിർവഹിച്ചിരിക്കുന്നത്. 

ആളുകൾ സിനിമയെക്കുറിച്ച് വലിയ തോതിൽ ആക്ഷൻ മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അത് തിരുത്തണമെന്ന് പൃഥ്വിരാജ് ആദ്യമേ വ്യക്തമാക്കിയിരുന്നു. 'ഖലീഫ' ഒരു മുഴുനീള ആക്ഷൻ പടമല്ല എന്നാണ് താരം പറഞ്ഞത്. തിയറ്ററുകളിലേക്ക് പോകുമ്പോൾ വെറും സ്റ്റണ്ട് രംഗങ്ങൾ മാത്രം പ്രതീക്ഷിച്ചു പോകരുതെന്നും, മറിച്ച് കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ആഴത്തിലുള്ള പ്രാധാന്യം നൽകുന്ന ഒരു കുടുംബചിത്രമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ആവശ്യത്തിന് മികച്ച ആക്ഷൻ സീക്വൻസുകൾ ഉണ്ടെങ്കിലും, അവയൊക്കെ പ്രധാന കഥാപാത്രം കടന്നുപോകുന്ന പ്രതിസന്ധികളുടെയും സാഹചര്യങ്ങളുടെയും ഫലമായി സ്വാഭാവികമായി കടന്നുവരുന്നവ മാത്രമാണ്. എന്നാൽ ചിത്രത്തിന്  ബോക്സ് ഓഫീസിലും വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞില്ല. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. 

Tags:    
News Summary - Prithviraj Khalifa OTT Release Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.