പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ, ഖലീഫ, മണ്ടാടി; ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്ന സിനിമകൾ, എവിടെ കാണാം?

വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലായി സൂപ്പർഹിറ്റ് സിനിമകളുടെ ഒരു നീണ്ട നിര തന്നെയാണ് ഈ ആഴ്ച സ്ട്രീമിങിനൊരുങ്ങുന്നത്. പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’, പൃഥ്വിരാജിന്റെ ‘ഖലീഫ’, സൂരിയുടെ ‘മണ്ടാടി’ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഒ.ടി.ടി റീലിസിനെത്തുന്നത്. കൂടാതെ ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’, ‘ഫാൾ 2 : ഡെഡ്പോയിന്റ്’ എന്നീ സിനിമകളും ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

1. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ- ഒക്ടോബർ 9, നെറ്റ്ഫ്ലിക്സ്

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഷഹദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ഹെവൻ’ എന്ന സിനിമയ്ക്ക് ശേഷം സുബ്രമണ്യം തിരക്കഥ എഴുതിയ ചിത്രമാണിത്.

പാർവതിയും വിജയരാഘവനാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ വിനയ് ഫോർട്ട്, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. 'ലോക' എന്ന സിനിമയ്ക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും, ‘രേഖാചിത്രം’ എന്ന സിനിമയ്ക്ക് ശേഷം അപ്പു പ്രഭാകർ ക്യാമറയും, മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.

2. ഖലീഫ- ഒക്ടോബർ 9, മനോരമമാക്സ് / പ്രൈം വിഡിയോ

പൃഥ്വിരാജ് - വൈശാഖ് - ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ഒടിടി റിലീസിനൊരുങ്ങുന്നു. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമാതാക്കൾ - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

ചിത്രത്തിലെ നായക കഥാപാത്രമായ ആമിർ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ പ്രകടനമാണ് ഖലീഫയുടെ ഹൈലൈറ്റ്. ആക്ഷൻ, മാസ്, ഇമോഷൻ എന്നിവയെല്ലാം യുവാക്കളും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടൊവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ.

3. മണ്ടാടി- ഒക്ടോബർ 8, നെറ്റ്ഫ്ലിക്സ്

നടൻ സൂരി നായകവേഷത്തിൽ എത്തിയ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രം ‘മണ്ടാടി’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തിയറ്ററുകളിൽ റിലീസ് ചെയ്ത ദിവസം മുതൽ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മണ്ടാടി ആഗോളതലത്തിൽ ഇതുവരെ 150 കോടി രൂപയാണ് കലക്ട് ചെയ്തിരിക്കുന്നത്. ഇതിൽ തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുണ്ട്.

മതിമാരൻ പുകഴേന്തിയാണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തിയത്. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നൂറ് കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. സെയിലിങ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സൂരിയെ വളരെ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയിരിക്കുന്നത്.

4. എപ്പിക്: ഫസ്റ്റ് സെമസ്റ്റർ- ഒക്ടോബർ 9, നെറ്റ്ഫ്ലിക്സ്

നവാഗതനായ ആദിത്യ ഹാസൻ സംവിധാനം ചെയ്ത ഈ തെലുങ്ക് റൊമാന്റിക് ഡ്രാമയിൽ ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 9-ന് എത്തുന്ന ചിത്രത്തിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളും ഉണ്ടാകും.

5. ഐസ് (EYES)- ഒക്ടോബർ 9, സോണി ലൈവ്

‘ഉയരെ’ സിനിമയുടെ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന വെബ് സീരിസ്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. സീരീസിന്റെ തിരക്കഥ രചിച്ചത് ബോബി സഞ്ജയ് ആണ്.

രഞ്ജിൻ രാജാണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗൗതം ശങ്കർ, പാർവതി കൃഷ്ണ, ആതിര പട്ടേൽ, ശ്രേയ മനു തുടങ്ങി വലിയൊരു താരനിരയും സീരീസിൽ അണിനിരക്കുന്നുണ്ട്. അഞ്ജന നായരുടേതാണ് കഥ. ടി.ആർ ഷംസുദ്ദീനാണ് സീരീസ് നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.

Tags:    
News Summary - OTT Releases This Week: Prathama Drishtya Kuttakar, Khalifa, Mandadi, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.