കൊച്ചി: ‘അമ്മ’ സംഘടയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ചർച്ചയാവുകയാണ്. നടി അൻസിബ ഹസനുപിന്നാലെ നടൻ ടിനി ടോമിനെതിരെ അമ്മ സംഘടനക്ക് പരാതി നൽകിയിരിക്കുകയാണ് നടി നീനാ കുറുപ്പ്. അമ്മയുടെ കുടുംബ സംഗമത്തിനിടെ ടിനി ടോം തന്നെ പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകൾ വിളിച്ചുവെന്നുമാണ് പരാതി.
അമ്മ സംഘടനയിൽ നിന്നും താൻ രാജി വെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റു ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ പറഞ്ഞതിനു പിന്നാലെയാണ് വിവാദം ശക്തമായത്. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ പ്രതികരിച്ചു.
2026 ഫെബ്രുവരിയിൽ നടന്ന അമ്മ സംഘടനയുടെ കുടുംബസംഗമത്തിലാണ് നീന കുറുപ്പിന്‍റെ പരാതിക്ക് ആസ്പതമായ സംഭവം നടന്നത്. പിന്നീട് മേയ് മാസം ആദ്യ വാരത്തിലാണ് ഔദ്യോഗിക പരാതിയായി നൽകുന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അൻസിബയും നീന കുറുപ്പും ഒരേ വ്യക്തിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തനിക്കെതിരെ ടിനി ടോം ഉന്നയിച്ച പരാമർശങ്ങൾ നീന കുറുപ്പാണ് തന്നോട് പറഞ്ഞതെന്ന് അൻസിബ നേരത്തേ വ്യക്തമാക്കിയിരുന്നു. അൻസിബയുടെ പരാതിയിൽ പ്രത്യേക സമിതിയെവെച്ച് അന്വേഷണമില്ല എന്നാണ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ കഴിഞ്ഞദിവസം അറിയിച്ചത്.
നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞിരുന്നു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. 'അമ്മ' എക്സിക്യൂട്ടീവിൽ നിന്ന് രാജി വെച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേർത്തു.
മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയിൽനിന്ന് കഴിഞ്ഞ ദിവസമാണ് നടി അൻസിബ ഹസൻ രാജിവെച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് അൻസിബ രാജി സമർപ്പിച്ചത്. നടിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് ശ്വേത മേനോൻ അന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.