രൺബീർ കപൂർ, കരൺ ജോഹർ
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഐതിഹാസിക ചിത്രം 'രാമായണ: പാർട്ട് 1' റിലീസിന് ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ദീപാവലി റിലീസായി തിയറ്ററുകളിലേക്ക് എത്താനിരിക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നിർണായകമായ കരാറാണ് ഇപ്പോൾ അണിയറപ്രവർത്തകർ ഒപ്പുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സഹനിർമാതാക്കളായ നമിത് മൽഹോത്രയുടെ 'ഡി.എൻ.ഇജി' (DNEG), യാഷിന്റെ 'മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്' എന്നിവർ പ്രമുഖ ബോളിവുഡ് നിർമാതാവ് കരൺ ജോഹറിന്റെ 'ധർമ്മ പ്രൊഡക്ഷൻസുമായി' പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ കരാർ പ്രകാരം രാമായണത്തിന്റെ ഒന്നാം ഭാഗം ഇന്ത്യയിലുടനീളം തിയറ്ററുകളിൽ എത്തിക്കാനുള്ള ഏകീകൃത വിതരണാവകാശം ധർമ്മ പ്രൊഡക്ഷൻസിനാണ്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാ വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ഏകദേശം 4,000 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് ഈ ചിത്രം നിർമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിതരണാവകാശത്തിനായുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തുക ഏകദേശം 500 കോടി രൂപയോളമായിരുന്നു. എന്നാൽ പിന്നീട് ഇരുപക്ഷവും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ 250 കോടി രൂപക്ക് ധർമ്മ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കുകയായിരുന്നു. ഈ വലിയ കരാർ ഉറപ്പിക്കുന്നതിന് മുമ്പായി നിർമാതാവ് നമിത് മൽഹോത്ര ചിത്രത്തിന്റെ എഡിറ്റ് ചെയ്ത 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു ദൃശ്യരൂപം വിതരണക്കാർക്കായി പ്രത്യേകമായി സ്ക്രീൻ ചെയ്തിരുന്നു.
വൻകിട പാൻ-ഇന്ത്യൻ ചിത്രങ്ങൾ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ എത്തിക്കുന്നതിൽ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. ഇതിനുമുമ്പ് 'ബാഹുബലി' പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉത്തരേന്ത്യൻ വിപണിയിൽ വിജയകരമായി എത്തിച്ചത് ധർമ്മ പ്രൊഡക്ഷൻസ് ആയിരുന്നു. കൂടാതെ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദാർ പൂനാവാല 1,000 കോടി രൂപക്ക് ധർമ്മ പ്രൊഡക്ഷൻസിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കിയത് കമ്പനിയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാക്കിയിട്ടുണ്ട്.
മൂവി ഡാറ്റാബേസ് വെബ്‌സൈറ്റായ IMDb ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായാണ് രാമായണത്തെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ ഓസ്കർ ജേതാക്കളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ആദ്യമായി ഒരുമിച്ച് ഒരു ഇന്ത്യൻ പ്രോജക്റ്റിനായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവരുടെ സംഗീതം ചിത്രത്തിന് അന്താരാഷ്ട്ര നിലവാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'രാമായണ: പാർട്ട് 1'ന്റെ ചിത്രീകരണ ജോലികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ, വി.എഫ്.എക്സ് ജോലികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതിനോടൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.