ബോക്സോഫീസിൽ കിതച്ച് ടൈഗർ 3; സ്പൈ യൂണിവേഴ്സിലെ മെഗാ ഹിറ്റ് ‘പത്താൻ’ തന്നെ

യഷ് രാജ് ഫിലിംസ് പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിന് ശേഷം സ്പൈ യൂണിവേഴ്സിലേക്ക് അവതരിപ്പിച്ച ടൈഗർ 3 കഴിഞ്ഞ നവംബർ 11-നായിരുന്നു റിലീസ് ചെയ്തത്. ഏക് ഥാ ടൈഗർ, ടൈഗർ സിന്ധാ ഹേ എന്നീ മെഗാ ഹിറ്റ് ചിത്രങ്ങളടങ്ങിയ സീരീസിലെ മൂന്നാം ഭാഗമായിരുന്നു ടൈഗർ 3. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയിരിക്കുന്നത് 400 കോടിരൂപയാണ്. 300 കോടി മുടക്കി നിർമിച്ചിരിക്കുന്ന ടൈഗർ 3 ഫൈനൽ റണ്ണിൽ 500 കോടി നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഷാരൂഖ് ഖാന്റെ രണ്ടാം വരവ് ഗംഭീരമാക്കിയ പത്താൻ ആഗോളലതത്തിൽ 1000 കോടി പിന്നിട്ടിരുന്നു. ഇന്ത്യയിൽ നിന്ന് 500 കോടി കളക്ഷൻ നേടിയ ആദ്യ ബോളിവുഡ് സിനിമ കൂടിയായിരുന്നു പത്താൻ. എന്നാൽ, ടൈഗർ ഇന്ത്യയിൽ നിന്ന് 280 കോടിയാണ് ഇതുവരെ നേടിയത്. ഷാരൂഖ് ഖാന്റെ അതിഥി വേഷവും മത്സരത്തിന് മറ്റൊരു ബോളിവുഡ് ചിത്രമില്ലെന്ന നേട്ടവുമുണ്ടായിട്ട് കൂടി ടൈഗറിന് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പത്താന് ലഭിച്ചത് പോലുള്ള പോസിറ്റീവ് റിപ്പോർട്ട് ഇല്ലാത്തതാണ് സൽമാൻ ചിത്രത്തിന് വിനയായത്.

ലക്ഷ്മി പൂജാ ദിനത്തിൽ റിലീസ് ചെയ്ത ടൈഗർ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 44 കോടിയായിരുന്നു നേടിയത്. ദീപാവലി അവധി ദിവസങ്ങളിൽ ചിത്രത്തിന് മികച്ച​ പ്രകടനം നടത്താൻ കഴിഞ്ഞില്ല. ടൈഗർ കേരളത്തിൽ ആദ്യ ദിവസം റെക്കോർഡ് കളക്ഷൻ (1.1 കോടി) നേടിയിരുന്നു. എന്നാൽ തുടർ ദിവസങ്ങളിൽ അതാവർത്തിക്കാൻ കഴിഞ്ഞില്ല.

കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഇമ്രാൻ ഹാഷ്മിയായിരുന്നു പ്രധാന വില്ലനായി എത്തിയത്. അശുതോഷ് റാണ, രേവതി, ​രൺവീർ ഷൂരേ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. എന്തായാലും വാർ 2, ടൈഗർ vs പത്താൻ എന്നീ ചിത്രങ്ങളിലൂടെ വൻ തിരിച്ചുവരവ് നടത്താനാണ് യാഷ് രാജ് ഫിലിംസിന്റെ ലക്ഷ്യം.

Tags:    
News Summary - Tiger 3 box office collection Salman Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.