2026 ഇന്ത്യൻ സിനിമക്ക് നല്ല വർഷമായിരിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന സിനിമകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമത്തിൽ സജീവമാണ്. വിവധ ഭാഷകളിലായി നിരവധി വലിയ സിനിമകൾ ഈ വർഷം പുറത്തിറങ്ങും. ധുരന്ധർ 2, ടോക്സിക്, രാമായണ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകൾ ചർച്ചകളിൽ ആധിപത്യം പുലർത്തുന്നുണ്ട്. എന്നാൽ, ഇവയൊന്നുമല്ല ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2026-ലെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടിക ഐ.എം.ഡി.ബി. പുറത്തുവിട്ടു. അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള 20 സിനിമകൾ പട്ടികയിൽ ഉൾപ്പെടുന്നു. ജനപ്രിയമായ നിരവധി തുടർച്ചകളും വമ്പൻ താരനിരയുമുള്ള പല പ്രോജക്ടുകളും ചാർട്ടിൽ മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഒന്നാം സ്ഥാനത്ത് എത്തിയത് ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ്.
രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കിംഗ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ദീപിക പദുക്കോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജാക്കി ഷ്രോഫ്, ജയ്ദീപ് അഹ്ലാവത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സമീപകാലത്തെ ഏറ്റവും മികച്ച താരനിരയുള്ള പ്രോജക്റ്റുകളിൽ ഒന്നാണിത്.
നിതേഷ് തിവാരിയുടെ രാമായണ ഭാഗം ഒന്ന് രണ്ടാം സ്ഥാനം നേടി. സർട്ടിഫിക്കേഷൻ തടസങ്ങൾ നേരിടുമ്പോഴും വിജയ്‌യുടെ ജനനായകൻ മൂന്നാം സ്ഥാനം നേടി. പ്രഭാസിന്റെ സ്പിരിറ്റും യാഷിന്റെ ടോക്സിക്കും പട്ടികയിലുണ്ട്. ആദ്യ പത്തിൽ സൽമാൻ ഖാന്റെ ബാറ്റിൽ ഓഫ് ഗാൽവാനും ബോർഡർ 2 ഉം ഉൾപ്പെടുന്നു. ആലിയ ഭട്ടിന്റെ ആൽഫ, രൺവീർ സിങ്ങിന്റെ ധുരന്ധർ 2 തുടങ്ങിയ സ്പൈ ത്രില്ലറുകളും പട്ടികയിലുണ്ട്. പ്രദീപ് രംഗനാഥന്റെ ലവ് ഇൻഷുറൻസ് കമ്പനിയും പട്ടികയിൽ ഇടംനേടി. മലയാളത്തിൽ നിന്ന് ഒരു ചിത്രം മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റാണ് 2026ൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.