ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന്റെ ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ 2025ലെ 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കി. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ട്രെയിലർ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ഈ ചിത്രം ഇപ്പോൾ കേരളത്തിലും അംഗീകാരം നേടിയത് അഭിമാനകരമാണ്. ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റിമ കല്ലിങ്കലിന് 2024ലെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ പ്രമോദ് വെളിയനാട് സ്പെഷ്യൽ ജ്യൂറി അവാർഡ് നേടി. അന്താരാഷ്ട്ര തലത്തിൽ കൈയ്യടി നേടിയ തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റിക്ക് കേരളത്തിലെ നിരൂപകരുടെ അംഗീകാരം ലഭിച്ചതോടെ ചിത്രത്തിന്റെ യാത്രയിൽ മറ്റൊരു നേട്ടവും കൂടി കൈവന്നിരിക്കുകയാണ്.
ഒട്ടേറെ പ്രശംസ നേടിയതും ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ നേടുകയും ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രമാണ് ‘തിയറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’. കേരളത്തിലെ ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.
അഞ്ജന ഫിലിപ്പിന്റെയും ഫിലിപ്പ് സക്കറിയയുടെയും നേതൃത്വത്തിൽ അഞ്ജന ടോക്കീസ് ബാനറിൽ നിർമിച്ച ചിത്രത്തിന്‍റെ സഹനിർമാതാവ് സന്തോഷ് കോട്ടായി ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസും എഡിറ്റിങ്ങ് അപ്പു ഭട്ടത്തിരിയും ആണ് നിർവഹിച്ചിരിക്കുന്നത്. സെയ്ദ് അബാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.