ഗാന്ധി ടോക്‌സ് ചിത്രത്തിൽ നിന്നും
വിജയ് സേതുപതി, അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി, സിദ്ധാര്‍ഥ് ജാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗാന്ധി ടോക്‌സ് ഒ.ടി.ടിയിലേക്ക്. വലിയ പബ്ലിസിറ്റിയോ പ്രൊമോഷനൊ ഇല്ലാതെ തിയറ്ററുകളില്‍ എത്തിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. സിനിമ അതിന്‍റെ പരിധികൾ മറികടക്കുന്ന ഈ കാലഘട്ടത്തിൽ തിയറ്ററിൽ എത്തിയ നിശബ്ദ ചിത്രമാണ് ഗാന്ധി ടോക്‌സ്.
സാ സസൂച, യേഡ എന്നീ മറാഠി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോര്‍ പാണ്ഡുരംഗ് ബെലേക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്. ആക്ഷേപഹാസ്യമായി എത്തിയ ഈ ചിത്രം മാര്‍ച്ച് 6 മുതല്‍ സീ5 ലൂടെയാണ് ആഗോള ഡിജിറ്റര്‍ പ്രീമിയറിന് ഒരുങ്ങുന്നത്.
സീ സ്റ്റുഡിയോസ്, മൂവിമിൽ, ക്യൂറിയസ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം സംഭാഷണങ്ങളില്ലാത്ത, ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ഒരു ആധുനിക നിശബ്ദ ചിത്രമാണ്. മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് ലഭ്യമാകും. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
പണവും അഴിമതിയും നിറഞ്ഞ ഒരു ലോകത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. 'സംഭാഷണങ്ങളില്ലാതെ കഥ പറയുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ദൃശ്യങ്ങളിലും പ്രകടനങ്ങളിലും സംഗീതത്തിലും പൂർണ്ണമായി വിശ്വസിച്ചാണ് ഞങ്ങൾ ഈ സിനിമ ഒരുക്കിയത്. തിയറ്ററുകളിൽ നിന്ന് ലഭിച്ച കയ്യടി മികച്ച ഒരു പ്രചോദനമാണ്. ഒ.ടി.ടിയിൽ റിലീസ് ചെയ്യുമ്പോൾ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ തീർച്ചയായും വലിയ ചർച്ചയാകും' എന്ന് കിഷോർ പാണ്ഡുരംഗ് ബെലേക്കർ അഭിപ്രായപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.