ഹാലിന് രണ്ട് മാറ്റങ്ങൾ നിർദേശിച്ച് ഹൈകോടതി, മതാടിസ്ഥാനത്തിലുള്ള വിവാഹ കണക്കും ധ്വജവും വേണ്ട

കൊച്ചി: സെൻസർ ബോർഡ് 19 ഭാഗങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച 'ഹാൽ' സിനിമയിൽ രണ്ട് മാറ്റങ്ങൾ വരുത്താൻ ഹൈകോടതി നിർദേശം. ഇതിന് ശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണം, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം എന്നാണ് നിർദേശം. മാറ്റങ്ങൾ വരുത്തി വീണ്ടും സെൻസർ ബോർഡിനെ സമീപിക്കണമെന്നും രണ്ടാഴ്ചക്കകം സി.ബി.എഫ്.സി തീരുമാനമെടുക്കണമെന്നും ഹൈകോടതി വ്യക്തമാക്കി.

സെൻസർ ബോർഡ് പറയുന്നതുപോലെ കട്ട് ചെയ്താൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നാണ് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്.

ജെ.വി.ജെ പ്രൊഡക്‌ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയാണ് ഹാൽ. സിനിമയിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് തുടങ്ങിയ നിർദേശങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു മതത്തിനെയോ രാഷ്ട്രീയപാർട്ടികളെയോ അപമാനിച്ചിട്ടില്ല. സിനിമയിൽ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല, മട്ടൻ ബിരിയാണിയാണ്. ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയിൽ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നൽകാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

സിനിമയിലെ നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് വെട്ടിമാറ്റാൻ ആവശ്യപ്പെടുന്നതെന്ന് കാണിച്ച് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ വീര എന്നിവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സെൻസർ ബോർഡ് പുനഃപരിശോധന സമിതി നിർദേശിച്ച ഭാഗങ്ങൾ നീക്കിയാൽ സിനിമയുടെ കഥാഗതിതന്നെ മാറുമെന്നും ഇവരുടെ അഭിഭാഷകൻ വാദിച്ചു. 

Tags:    
News Summary - The High Court has suggested two changes to the Hal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.