രശ്മിക മന്ദാന
രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ റൊമാന്‍റിക് ചിത്രമായ 'ദി ഗേൾഫ്രണ്ടിന്‍റെ' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ രശ്മികയുടെ നായകനായി എത്തുന്നത് ദീക്ഷിത് ഷെട്ടിയാണ്.
സിനിമയിൽ അഭിനയിക്കാനായി രശ്മിക ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് നിർമാതാവായ ധീരജ് വെളിപ്പെടുത്തിയിരിക്കുന്നത്. രശ്മിക വളരെ നല്ല ഒരു വ്യക്തിയാണെന്നും വർക്കിന്‍റെ കാര്യത്തിൽ അവർ മുഴുവൻ ആത്മാർഥതയും പുലർത്തുന്നുണ്ടെന്നും ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ നിർമാതാവ് എസ്.കെ.എൻ (ശ്രീനിവാസ കുമാർ) പറഞ്ഞിരുന്നു. അവർ വർക്കിന് ഒരു സമയ പരിധി വെച്ചിരുന്നില്ല എന്നും എപ്പോഴാണ് ആവശ്യമുള്ളത് അപ്പോഴെല്ലാം അവൈലബിൾ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്രതിഫലത്തെകുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ രശ്മികളുടെ മാനേജറുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് മറുപടി ലഭിക്കാതെ വന്നപ്പോൾ നേരിട്ട് രശ്മികയുടെ അടുത്തേക്ക് പോയി. 'ആദ്യം ഈ സിനിമ ചെയ്യുക. സിനിമ റിലീസ് ചെയ്തതിനുശേഷം എന്റെ പ്രതിഫലം എനിക്ക് തരൂ. ഈ സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രമേ ഞാൻ എന്റെ പ്രതിഫലം വാങ്ങൂ. എനിക്ക് മുൻകൂട്ടി ഒന്നും വേണ്ട ' എന്നായിരുന്നു രശ്മികയുടെ മറുപടി. നടിയുടെ വാക്കുകൾ ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകി, കഥയെയും ടീമിനെയും അവർ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്ന് ഞങ്ങൾക്ക് ബോധ്യമായി' -നിർമാതാവ് ധീരജ് പറഞ്ഞു.
2025 നവംബർ 7ന് റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ദി ഗേൾഫ്രണ്ടിന്റെ ട്രെയിലർ വിഡിയോ പുറത്തുവന്നിരുന്നു. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം, സഹപാഠിയുമായുള്ള ടോക്സിക് പ്രണയ ബന്ധത്തിൽ ബുദ്ധിമുട്ടുന്ന ഭൂമ എന്ന യുവതിയുടെ കഥയാണെന്നാണ് വിവരം. അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹേഷാം അബ്ദുൾ വഹാബാണ്.
ആയുഷ്മാൻ ഖുറാനയും നവാസുദ്ദീൻ സിദ്ദിഖിയും അഭിനയിച്ച റൊമാന്റിക് ഹൊറർ കോമഡി ചിത്രമായ തമ്മയിലാണ് രശ്മിക മന്ദാന അവസാനമായി അഭിനയിച്ചത്. ഈ ചിത്രം എം.എച്ച്.സി.യു സിനിമാറ്റിക് യൂനിവേഴ്‌സിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.