എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ഫാന്‍റസി ആക്ഷൻ സിനിമയായ 'ഈച്ച' റീ റിലീസിന്. മികച്ച വിഷ്വൽ എഫക്റ്റുകൾക്കും പുതുമയാർന്ന കഥക്കും വലിയ പ്രശംസ നേടിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ഈച്ച. ബോക്സ് ഓഫിസിൽ നിന്നും സിനിമ 100 കോടിയോളം നേടിയിരുന്നു.
തെലുങ്കിൽ ഈഗയായും തമിഴിൽ നാൻ ഈ എന്ന പേരിലും പ്രദർശനത്തിനെത്തി. ഇതിന്‍റെ മലയാളം പതിപ്പാണ് കേരളത്തിൽ ഈച്ച എന്ന പേരിൽ തിയറ്ററിൽ എത്തിയത്. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നാനി,സാമന്ത,സുദീപ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സുദീപ് അവതരിപ്പിച്ച വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട നായകൻ ഒരു ഈച്ചയായി പുനർജിക്കുന്നതും തന്നെ കൊന്ന വില്ലനോട് പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ പ്രമേയം. വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലെക്ക് വരികയാണ്. റിറിലീസ് തിയതി പ്രഖ്യാപിച്ചില്ലെങ്കിലും സിനിമ 2026 ൽ തിയറ്ററിലെത്തുമെന്നാണ് നിർമാതാക്കളുടെ പ്രഖ്യാപനം. രാജമൗലിയുടെ അടുത്ത സിനിമയായ വാരണാസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രം 3D യിലും എത്തുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം രാജമൗലിയും സംഘവും നിലവിൽ 'വാരാണസി' ചിത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. 2027 ൽ റിലീസിനായി ഒരുങ്ങുന്നതിനാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ആക്ഷനും സാഹസികതക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.