ഈ ആഴ്ച രണ്ട് സിനിമകളാണ് തമിഴിൽ നിന്ന് ഒ.ടി.ടിയിൽ എത്തുന്നത്. ശിവകാർത്തികേയൻ നായകനായ മദ്രാസി എന്ന ചിത്രവും ദ ഗെയിം: യു നെവർ പ്ലേ എലോൺ എന്ന വെബ് സീരീസുമാണ് ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്.
ശിവകാർത്തികേയൻ നായകനായെത്തിയ എ.ആർ. മുരുഗദോസ് ചിത്രമാണ് മദ്രാസി. ഒക്ടോബർ ഒന്ന് മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. തിയറ്ററുകളിൽ വലിയ കോളിളക്കമൊന്നും മദ്രാസി സൃഷ്ടിച്ചില്ലെങ്കിലും ആഗോള ബോക്സ് ഓഫിസ് കലക്ഷനായി 100 കോടി രൂപ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ശ്രീ ലക്ഷ്‍മി മൂവീസ് നിർമിച്ച ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം രുക്മിണി വസന്ത്, വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച പ്രോജക്ടിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്. ശിവകാർത്തികേയന്‍റെ 26ാമത്തെ ചിത്രമായ മദ്രാസി അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്.
രാജേഷ് എം. സെൽവ സംവിധാനം ചെയ്ത സീരിസാണ് ദ ഗെയിം: യു നെവർ പ്ലേ എലോൺ. സൈക്കോളജിക്കൽ ത്രില്ലർ പരമ്പര ഒക്ടോബർ രണ്ടിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. സസ്പെൻസ്, നിഗൂഢത സമന്വയിപ്പിക്കുന്ന ആഖ്യാനമാണ് സീരിസിന്‍റേത്. ശ്രദ്ധ ശ്രീനാഥാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗെയിം ഡെവലപ്പറായ കാവ്യ രാജാറാം ആയി ശ്രദ്ധ ശ്രീനാഥ് അഭിനയിക്കുന്നു. സൈബർ ഭീഷണി, അധികാരം, വഞ്ചന എന്നീ തീമുകൾ ഷോ കൈകാര്യം ചെയ്യുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ സീരീസ് കാണാനാകും. അപ്ലാസ് എന്റർടൈൻമെന്റ് നിർമിച്ച സീരീസ്, നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഈ വർഷത്തെ ആദ്യത്തെ തമിഴ് ഒറിജിനൽ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ചു.
മലയാള ചിത്രമായ 'സാഹസ'ത്തിന്‍റെ തമിഴ് ഡബ്ഡ് പതിപ്പിലും ഇപ്പോൾ ലഭ്യമാണ്. ഒക്ടോബർ ഒന്ന് മുതൽ ചിത്രം സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.