തമന്ന
തെന്നിന്ത്യൻ താരം തമന്നയുടെ കരിയറിലെ ഹിറ്റുകളിലൊന്നാണ് രാജമൗലിയുടെ കൾട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ബാഹുബലി. ആദ്യ ചിത്രമായ ബാഹുബലി: ദി ബിഗിനിങ്ങിൽ തമന്നക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചിരുന്നു. ചിത്രത്തില്‍ അവന്തിക എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. പ്രഭാസ് അവതരിപ്പിച്ച ശിവന്റെ പ്രണയിനിയായ അവന്തിക എന്ന കഥാപാത്രത്തെ, കാമറ ആംഗിളുകളിലൂടെയും കഥാപാത്രത്തിന്റെ ചില പെരുമാറ്റങ്ങളിലൂടെയും മോശമായി ചിത്രീകരിച്ചു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ വിവാദമായ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. സിനിമ ഇറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷം തമന്ന ഈ വിമർശനങ്ങളോട് പ്രതികരിച്ചത്. ചലച്ചിത്രകാരൻ മനോഹരമായി കാണിക്കാൻ ശ്രമിക്കുന്ന ഒന്ന് കാഴ്ചക്കാർ മറ്റൊന്നായി കണ്ടാൽ അത് എന്‍റെ തെറ്റല്ല. കാര്യങ്ങളെ സർഗാത്മകമായി കാണുന്ന ആളെന്ന നിലക്ക് 'അവന്തികയെ ശാരീരികമായി ചൂഷണം ചെയ്തു' എന്ന് ഞാൻ കരുതുന്നില്ല. ഒരു യുവാവിന്റെ പ്രണയത്തിലൂടെ അവന്തിക സ്വയം കണ്ടെത്തുകയായിരുന്നു തമന്ന പറഞ്ഞു.
നമ്മൾ വളരെ അടിച്ചമർത്തപ്പെട്ടവരാണ്. ഏറ്റവും ശുദ്ധമായ കാര്യങ്ങളെ വളരെ ദയനീയമായ ഒരു നോട്ടത്തോടെയാണ് കാണുന്നത്. ആ വീക്ഷണകോണിൽ നിന്ന് നമുക്ക് നമ്മുടെ ജീവിതത്തിന്റെ ആ വശത്തെക്കുറിച്ച് ലജ്ജ തോന്നുന്നു. നമുക്ക് അത് മറച്ചുവെക്കേണ്ടിവരുന്നു. നമുക്ക് അത് ചർച്ച ചെയ്യാൻ കഴിയില്ല. സ്‌ക്രീനിൽ ലൈംഗികതയുടെ ചിത്രീകരണം നിസാരമായി കാണരുതെന്നും അത് നമ്മുടെ നിലനിൽപ്പിന്റെ തന്നെ കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
'ജീവിതത്തിൽ ഒരുപാട് യാതനകളിലൂടെ കടന്നുപോയിട്ടുള്ളതിനാൽ മറ്റുള്ളവർ തന്നെ ചൂഷണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീ. അതുകൊണ്ടുതന്നെ ബന്ധങ്ങളിൽ കൃത്യമായ അതിര് അവൾ സൂക്ഷിക്കുന്നു. എന്നാൽ, ഒരു യുവാവ് അവളെ പ്രണയിക്കാൻ ശ്രമിക്കുന്നു. അവളുടെ സൗന്ദര്യം അവൾക്കുമുന്നിൽ തുറന്നുകാട്ടുന്നു. അവന്തികയുടെ കഥാപാത്രത്തെയും വിമർശനങ്ങൾ ഉണ്ടായ സീനിനേയും രാജമൗലി എങ്ങനെയാണ് കണ്ടിരുന്നത് എന്ന് താരം പറയുന്നു. മനോഹരമായ, സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീ എന്നാണ് അവന്തികയുടെ കഥാപാത്രത്തെ സർ എനിക്ക് വിശദീകരിച്ചു തന്നത്' തമന്ന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.