മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരയണൻ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഔദ്യോഗികമായി പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ എട്ടാമത്തെ ഷൂട്ടിങ് ഷെഡ്യൂൾ അടുത്തിടെ ശ്രീലങ്കയിൽ ആരംഭിച്ചു. മോഹൻലാലിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ശ്രീലങ്കൻ ടൂറിസത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടന്റെ സന്ദർശനം 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
'തെന്നിന്ത്യൻ സിനിമ ഇതിഹാസം മോഹൻലാൽ തന്റെ പുതിയ മലയാള ചിത്രമായ 'പാട്രിയറ്റി'ന് അനുയോജ്യമായ പശ്ചാത്തലമായി ശ്രീലങ്കയെ തെരഞ്ഞെടുത്തു, ഇത് സമീപ മാസങ്ങളിൽ ചിത്രീകരണത്തിനായി അദ്ദേഹം നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണ്' എന്നായിരുന്നു പോസ്റ്റിൽ പരാമർശിച്ചത്. ചിത്രത്തിന്റെ പേര് അബദ്ധത്തിൽ വെളിപ്പെടുത്തിയതായിരിക്കാമെന്നാണ് സമൂഹമാധ്യമത്തിൽ പലരും പറയുന്നത്.
എന്നാൽ, ചിത്രത്തിന്‍റെ നിർമാതാക്കളോ അണിയറപ്രവർത്തകരോ പേര് സ്ഥിരീകരിച്ചിട്ടില്ല. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന നിലവിലെ ഷെഡ്യൂൾ പത്ത് ദിവസം നീണ്ടുനിൽക്കുമെന്നാണ് നിർമാണത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.