ശ്രീലീല
അഭിനയ മികവുകൊണ്ടും നൃത്ത ചുവടുകൾകൊണ്ടും വളരെ പെട്ടന്നുതന്നെ ശ്രദ്ധേയയായ നടിയാണ് ശ്രീലീല. തെലുങ്കു സിനിമ ഇന്‍റസ്ട്രിയിൽ താരത്തിന് നിരവധി ആരാധകരാണുള്ളത്. എന്നാൽ പലർക്കുമറിയാത്തൊരു കാര്യം ഈ ചെറുപ്രായത്തിൽ തന്നെ നടി മൂന്നു കുഞ്ഞുങ്ങൾക്ക് അമ്മയാണ് എന്നതാണ്. ഇത്തരത്തിൽ പല അഭ്യൂഹങ്ങളും വന്നിരുന്നുവെങ്കിലും നടി ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ തന്‍റെ കുട്ടികളുടെ വിശേഷങ്ങളും അമ്മയായ അനുഭവവും പങ്കുവെച്ചിരിക്കുകയാണ് താരം.
2022 ഫെബ്രുവരിയിൽ ശ്രീലീല തന്‍റെ 21-ാം വയസ്സിലാണ് ഗുരു, ശോഭിത എന്നീ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുക്കുന്നത്. പിന്നീട് 2025 ഏപ്രിലിൽ ഒരു പെൺകുഞ്ഞിനെയും നടി ദത്തെടുത്തു. സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തിരുന്നു. മൂന്ന് കുട്ടികളുള്ള ശ്രീലീല തന്റെ തിരക്കേറിയ കരിയറിനെയും മാതൃത്വത്തെയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന്, ഒരു സെലിബ്രിറ്റി ചെയ്യുന്നതെന്തും ആഘോഷിക്കപ്പെടുന്നു. എന്നാൽ ജീവിതത്തിന്റെ ഈ ഭാഗം സ്വകാര്യമായി സൂക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി.
കുട്ടികൾ തന്നോടൊപ്പം താമസിക്കുന്നില്ലെന്നും എന്നാൽ അവരെ നന്നായി പരിപാലിക്കുന്നുണ്ടെന്നും നടി പറഞ്ഞു. അവർ എപ്പോഴും തന്നോടൊപ്പം തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും നടി കൂട്ടിച്ചേർത്തു. 'എനിക്ക് വാക്കുകൾ കിട്ടുന്നില്ല, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അസ്വസ്ഥയാകും. ഞാൻ ഒരു അമ്മയല്ല, കാരണം അതിന് തികച്ചും വ്യത്യസ്തമായ ഒരു കഥയുണ്ട്' ശ്രീലീല പറഞ്ഞു.
കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനത്തെകുരിച്ച് ചോദിക്കവെ, ആ തീരുമാനത്തിലേക്ക് എത്തിപ്പെട്ടതിനെകുറിച്ച് നടി സംസാരിച്ചു. 'എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ കന്നഡയിൽ ചെയ്ത ഒരു സിനിമ (2019ലെ കിസ്സ്) ആയിരുന്നു എന്‍റെ ഈ തീരുമാനത്തിന് കാരണമായത്. ആ സമയത്ത് എന്റെ സംവിധായകൻ എന്നെ ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോവുകയുണ്ടായി. കുട്ടികൾ താമസിക്കുന്ന ഒരു ഓർഫനേജ് ആയിരുന്നു അത്. ആ സന്ദർശനത്തിനുശേഷം അവിടെ ഉള്ളവരുമായി ഞാൻ ഫോണിൽ സംസാരിക്കുമായിരുന്നു. ഇടക്ക് അവിടെ സന്ദർശിക്കും. വളരെക്കാലമായി അത് ഒരു രഹസ്യമായിരുന്നു. എന്നാൽ കൂടുതൽ ആളുകളിൽ പ്രചോദനം ഉണ്ടാക്കുന്നതിനായി ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കണമെന്ന് സ്ഥാപനം ആഗ്രഹിച്ചു. ഒന്നിനും എനിക്ക് അംഗീകാരം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ആളുകൾ ആ ദിശയിലേക്ക് നോക്കാൻ തുടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' ശ്രീലീല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.