ടോം ഹോളണ്ടും സെൻഡായയും പ്രധാന വേഷത്തിലെത്തുന്ന 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയറ്ററുകളിൽ റിലീസായി. മാർവൽ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ ചിത്രം റെക്കോർഡുകൾ ഭേദിച്ചുള്ള മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ ദിവസം മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
സക്‌നിൽക് റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ ഓപ്പണിങ് വീക്കെൻഡ് അഡ്വാൻസ് ബുക്കിങ് 85 കോടി രൂപയിലധികം ഗ്രോസ് നേടിയിട്ടുണ്ട്. ആദ്യ ദിവസത്തിന് മാത്രം 45 കോടി രൂപയിലധികം ഗ്രോസ് ബുക്കിങ് ലഭിച്ചു. റിലീസിന് മുമ്പ് തന്നെ 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിം' തീർത്ത 90 കോടിയുടെ ഓപ്പണിങ് വീക്കെൻഡ് അഡ്വാൻസ് ബുക്കിങ് റെക്കോർഡ് ഈ ചിത്രം മറികടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബുക്ക്‌മൈഷോയിൽ (മാത്രം 1.3 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് അഡ്വാൻസ് വഴി വിറ്റഴിഞ്ഞത്. 2023 ആഗസ്റ്റിന് ശേഷം പ്ലാറ്റ്‌ഫോമിൽ ഏറ്റവും ഉയർന്ന പ്രീ-സെയിൽസ് നടന്ന ചിത്രങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇത്. ഗ്ലോബൽ ബോക്സോഫീസിലും ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നിലേക്ക് ചിത്രം കുതിക്കുകയാണ്. ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ സംവിധാനം ചെയ്ത ചിത്രത്തിൽ ടോം ഹോളണ്ടിനൊപ്പം സെൻഡായ, ജേക്കബ് ബറ്റാലോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റ് നൽകിയത്.
'സ്പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിന്റെ വികാരാധീനമായ ക്ലൈമാക്സിന് ശേഷം, പീറ്റർ പാർക്കറെ ലോകം മുഴുവൻ മറന്നുപോയ ഒരു സാഹചര്യത്തിൽ ടോം ഹോളണ്ട് എങ്ങനെയാണ് ജീവിക്കുന്നത് എന്ന് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൂടാതെ ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയലുകളിൽ ഹൾക്കിന്റെ സാന്നിധ്യം സൂചിപ്പിച്ചത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ പുതിയൊരു കൂട്ടുകെട്ടിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.
ഇന്ത്യയിൽ സ്പൈഡർമാൻ ഫ്രാഞ്ചൈസിക്ക് വലിയ ആരാധകവൃന്ദമുണ്ട്. 2021ൽ പുറത്തിറങ്ങിയ 'സ്പൈഡർമാൻ: നോ വേ ഹോം' ഇന്ത്യയിൽ മാത്രം 271 കോടി രൂപ നേടി രാജ്യത്തെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറി. ആഗോളതലത്തിൽ 1.91 ബില്യൺ ഡോളറാണ് ചിത്രം വാരിയത്. ഈ മുൻകാല വിജയങ്ങളുടെ തുടർച്ചയായാണ് 'ബ്രാൻഡ് ന്യൂ ഡേ'യും ബോക്സോഫീസിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.