വോട്ടിങ്ങിൽ ആദ്യ സ്ഥാനത്ത് ടോവിനോയുടെ മിന്നൽ മുരളി, രണ്ടാമത് കുറുപ്പ്- സൈമ അവാർഡ്‌...

ബംഗളൂരു:  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര അവാർഡ് ഷോയായ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിന്റെ (SIIMA) പത്താം പതിപ്പ് ബെംഗളൂരുവിൽ വച്ച് നടക്കും . സെപ്റ്റംബർ 10, 11 തീയതികളിൽ ആണ് നടക്കുന്നത്. ബെംഗളൂരു നഗരത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ ബഹുഭാഷാ അവാർഡ്സ് ചടങ്ങെന്ന പ്രത്യേകത ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. ഈ ചടങ്ങിൽ വച്ച് ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ കലാസാങ്കേതിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ 2021 -ൽ കാഴ്ച വയ്ച്ചവർക്കായുള്ള പുരസ്‌കാരങ്ങൾ നൽകി ആദരിക്കും .

4 ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായങ്ങളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നുള്ളതാണ് സൈമയുടെ ഏറ്റവും പ്രധാന ആശയം എന്ന് പത്രസമ്മേളനത്തിൽ വച്ച് സൈമ ചെയർപേഴ്സൺ ശ്രീമതി ബൃന്ദ പ്രസാദ് പറഞ്ഞു. താരങ്ങൾ പരസ്പരം അറിയും, മറ്റു താരങ്ങളുടെ സിനിമകൾ കാണും എന്നിരുന്നാലും എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും ഒത്തു ചേരാനും, പരിചയം പുതുക്കാനും, സൗഹൃദം പങ്കുവയ്ക്കാനും ഒരു പൊതു വേദി ഉണ്ടായിരുന്നില്ല. ഇന്ന്, എല്ലാ വർഷവും ഒരു കല്യാണം പോലെ, ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായം ഒന്നടങ്കം ഒരു കുടുംബം പോലെ ഒത്തുചേരുന്നു സൈമ അവാർഡ് ഷോയിൽ വച്ച് . ഈ സംഗമം ഒരുക്കാൻ സാധിക്കുന്നതിലും ഇത് സുഗമമായി നടത്താൻ കഴിയുന്നതിലും തങ്ങൾ അതീവ സന്തുഷ്ടരാണെന്നും ബൃന്ദ പ്രസാദ് കൂട്ടിച്ചേർത്തു .

2012-ൽ ആരംഭിച്ച സൈമ, ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രതിഭകളുടെ കലാ വൈദഗ്ധ്യം മാറ്റുരച്ച നിരവധി പ്രദർശനങ്ങൾ ദുബായ്, അബുദാബി, ഷാർജ, ദോഹ, ക്വാലാലംപൂർ, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച്, നീണ്ട 10 വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ് ഇപ്പോൾ . ഇന്ത്യക്ക് പുറമെ വിദേശത്തുള്ള തെന്നിന്ത്യൻ സിനിമാ പ്രേമികളെയും പ്രേക്ഷകരെയും ഒരേപോലെ ആകർഷിച്ച ഒരു അവാർഡ് ഷോ ആണ് സൈമ .

വർഷങ്ങളായി സൈമയുമായി സഹകരിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രശസ്ത നടൻ റാണ ദഗ്ഗുബതി പറഞ്ഞു. സൈമ മുഴുവൻ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലകളെയും ഒരു കുടക്കീഴിലാക്കുകയും അതിനെ കഴിഞ്ഞ 10 വർഷങ്ങളായി ഭിന്നതകളില്ലാതെ ഒന്നായി കൊണ്ടുനടക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാഹോദര്യത്തോടെ ഒത്തു ചേരാനും ഒന്നായി പോകാനുമുള്ള ഒരു വേദി കൂടിയാണിത്. സൈമയിൽ വച്ചാണ് താനും പൃഥ്വിരാജും സുഹൃത്തുക്കളായതെന്നും റാണാ കൂട്ടിചേർത്തു .

ഗായകനും നടനുമായ വിജയ് യേശുദാസ് പത്രസമ്മേളനത്തിൽ പറഞ്ഞതിങ്ങനെയാണ് , ഞങ്ങൾ ഒരുമിക്കുമ്പോൾ ഒരു വ്യവസായമെന്ന നിലയിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായം കൂടുതൽ ശക്തമാവുകയാണ് . നമ്മൾക്ക് അറിയാവുന്നവരും അറിയാത്തവരുമായ നിരവധി ആളുകളെ കണ്ടുമുട്ടുന്നതും അവരോടുത്തു ചേർന്ന് പ്രവർത്തിക്കുന്നതും രസകരമായ ഒരു അനുഭവം തന്നെയാണ് .

കഴിഞ്ഞ രണ്ട് വർഷമായി സൈമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് പ്രശസ്ത നടി സാനിയ ഇയ്യപ്പൻ പറഞ്ഞു. ഈ ഷോയിൽ തന്റെ പ്രകടനത്തിനായി വളരെ അധികം ആവേശപൂർവം കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

സൈമയിൽ ഇത് ആദ്യമായിട്ടാണ് പോകുന്നതെന്നും അതിൽ പങ്കുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രശസ്ത നടി അദിതി രവി പറഞ്ഞു.

ഗ്രൗണ്ട് സ്പോൺസർ ആയ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോ.സി.ജെ.റോയ് റാണയെ ബാഹുബലിയിലെ തന്റെ പ്രിയ നായകൻ എന്ന് വിശേഷിപ്പിച്ചു. സ്‌പോൺസർഷിപ്പ് എന്നതിലുപരി ഒരു കുടുംബ കൂട്ടായ്മയുടെ വിപുലീകരണമാണ് സൈമയെന്ന് അദ്ദേഹം തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു . തന്റെ ചെറുപ്പത്തിൽ എല്ലാ ഭാഷകളിലെയും സിനിമകൾ കാണുമായിരുന്നുവെന്നും , ബഹു ഭാഷകളോടും സിനിമകളോടുമുള്ള തന്റെ ആരാധനയുടെയും അഭിനിവേശത്തിന്റെയും വിപുലീകരണമാണ് സൈമ- ഡോ.സി.ജെ.റോയ് പറഞ്ഞു

കൂടാതെ സൈമയുടെ വെബ്സൈറ്റ് വഴി നോമിനികൾക്ക് വോട്ട് ചെയ്യണമെന്ന് പേളി മാണി പ്രേക്ഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മലയാളത്തിൽ, ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി 10 വിഭാഗങ്ങളിലായി മുന്നിട്ട് നിൽക്കുന്നു. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് 8 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തും ഫഹദ് ഫാസിലിന്റെ ജോജിയും മാലിക്കും 6 നോമിനേഷനുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നുള്ള പ്രമുഖരെയാണ് SIIMA-യുടെ ബെംഗളൂരു ഷോയിൽ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - South Indian International Movies Awards (SIIMA) 2022 in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.